വട്ടിയൂര്‍ക്കാവിലേത് അഭിമാന പോരാട്ടം
ഉപതെരഞ്ഞെടുപ്പുകളെല്ലാം ആവേശകരമായ മത്സരത്തിന്റെ വേദികളാണെങ്കിലും ഇത്തവണ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഓരോ മണ്ഡലത്തിലേയും വ്യത്യസ്തമായ സാഹചര്യങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധേയമാകുകയാണ്. അതില്‍ തന്നെ തലസ്ഥാന ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലം ഒരുപടികൂടി മുന്നിലെത്തി മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും അഭിമാന പോരാട്ടമായും മാറുന്നു. ജയം നിലനിര്‍ത്താനുള്ള പോരാട്ടം യു.ഡി.എഫ് നടത്തുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും പൊരുതുകയാണ്.
കഴിഞ്ഞ തവണത്തേതില്‍നിന്നും ഒട്ടും പിന്നിലേക്ക് പോകാതിരിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്‍.എസ്.എസും ഇതാദ്യമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുകയാണ്. സമുദായ സമവാക്യത്തിന് ഏറെ പ്രാധാന്യമുണ്ടെന്നതിനാല്‍ വട്ടിയൂര്‍ക്കാവിന്റെ വിധി നിര്‍ണയിക്കാന്‍ എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള മറ്റു സമുദായ സംഘടനകളും പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
സാമുദായിക സമവാക്യം കൊണ്ടു മാത്രമല്ല ഭൂപ്രകൃതിയിലും പാരമ്പര്യത്തിലും വട്ടിയൂര്‍ക്കാവിന് ഗരിമ കൂടുതലാണ്. പഴയ തിരുവനന്തപുരം നോര്‍ത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലം. കെ.അനിരുദ്ധന്‍, ജി.കാര്‍ത്തികേയന്‍, എം.വിജയകുമാര്‍ തുടങ്ങിയ പ്രമുഖര്‍ക്ക് ഇവിടെനിന്ന് വിജയവും തോല്‍വിയും ഏറ്റുവാങ്ങേണ്ടിവന്നു. ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ ഒഴിവാക്കി വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകള്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്താണ് 2011ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിക്കുന്നത്. പട്ടം, കേശവദാസപുരം, കവടിയാര്‍, ശാസ്തമംഗലം, കുറവന്‍കോണം, നാലാഞ്ചിറ തുടങ്ങിയ നഗരഭാഗങ്ങളും കുലശേഖരം, വലിയവിള, കാച്ചാണി തുടങ്ങിയ ഗ്രാമീണ മേഖലയും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവിന്റെ കിടപ്പ്. ഇവയില്‍ കോര്‍പറേഷന്റെ ഭാഗമായ 24 വാര്‍ഡുകളുണ്ട്. അതില്‍ പത്തെണ്ണത്തില്‍ ഇടതു മുന്നണിയും ഒന്‍പതില്‍ ബി.ജെ.പിയും അഞ്ചില്‍ യു.ഡി.എഫുമാണ് വിജയിച്ചിട്ടുള്ളത്.
വട്ടിയൂര്‍ക്കാവ് നിലവില്‍വന്ന 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്നു കെ.മുരളീധരനും എല്‍.ഡി.എഫില്‍നിന്നു ചെറിയാന്‍ ഫിലിപ്പും ബി.ജെ.പിയില്‍നിന്നു വി.വി.രാജേഷും മത്സരിച്ചു. ഇതില്‍ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ.മുരളീധരന്‍ ജയിച്ചു കയറി. 2016ല്‍ വീണ്ടും കെ.മുരളീധരന്‍(51,322) യു.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍ എല്‍.ഡി.എഫ് ടി.എന്‍.സീമയേയും(40,411) എന്‍.ഡി.എ കുമ്മനം രാജശേഖരനെയും(43,700) രംഗത്തിറക്കി. ത്രികോണ പോരാട്ടത്തിന്റെ ആവേശം ജ്വലിച്ചെങ്കിലും ഇടത് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയി. ഭൂരിപക്ഷം കുറഞ്ഞെങ്കിലും കെ. മുരളീധരന്‍ 7,622 വോട്ടിന് വിജയം ആവര്‍ത്തിച്ചു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്ക് ലഭിച്ച സ്വീകാര്യത അവര്‍ക്ക് നല്‍കിയ പ്രതീക്ഷ ജയത്തിലേക്ക് എത്തിയില്ലെങ്കിലും രണ്ടാം സ്ഥാനത്തേക്ക് ഉയരുന്നതിന് സഹായിച്ചു. 2014ല്‍ ഒ.രാജഗോപാല്‍ പിടിച്ച വോട്ടില്‍നിന്നും കൂടുതല്‍ വോട്ട് നേടാന്‍ കുമ്മനത്തിന് കഴിഞ്ഞു എന്നതു ശ്രദ്ധേയമായിരുന്നു. പക്ഷെ, അന്ന് രാജഗോപാലായിരുന്നു മണ്ഡലത്തിലെ ഒന്നാം സ്ഥാനക്കാരന്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ വോട്ട് വര്‍ധിപ്പിച്ചെങ്കിലും വിജയം കോണ്‍ഗ്രസിനും യു.ഡി.എഫിനുമൊപ്പം നിന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്ന് ശശി തരൂര്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയതാണ് അദ്ദേഹത്തിന്റെ വിജയത്തിന് ആധാരമായ കാര്യങ്ങളിലൊന്ന്. തരൂര്‍ 53,545 വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ കുമ്മനത്തിന് 50,709 വോട്ടും മൂന്നാം സ്ഥാനത്തേക്കുപോയ സി.ദിവാകരന് 29,414 വോട്ടും മാത്രമേ നേടാനായുള്ളു.
ക്രമാനുഗതമായ തിരിച്ചടി എല്‍.ഡി.എഫിന് മണ്ഡലത്തില്‍ ഉണ്ടാകുന്നതും ബി.ജെ.പിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിന്റെ സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് വട്ടിയൂര്‍ക്കാവിലെ കണക്കുകള്‍ പറയുന്നത്. ഈ കണക്കുകള്‍ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പ്രത്യേകതകളും എന്‍.എസ്.എസ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന പിന്തുണയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വോട്ടായി മാറുമ്പോള്‍ ഇത്തവണയും കെ.മോഹന്‍കുമാറിലൂടെ മണ്ഡലം നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസും യു.ഡി.എഫും കണക്കുകൂട്ടുന്നത്. മുന്‍ എം.എല്‍.എയും മുനുഷ്യാവകാശ കമ്മിഷന്‍ മുന്‍ അംഗവും ആയിരുന്ന മോഹന്‍കുമാര്‍ ഗ്രൂപ്പുകള്‍ക്കതീതനായി നിലകൊള്ളുന്നതും സാമുദായിക സമവാക്യം നല്‍കുന്ന ആനുകൂല്യവുമെല്ലാം ചേര്‍ത്ത് വിജയിക്കും എന്നുതന്നെയാണ് യു.ഡി.എഫ് ക്യാംപ് കരുതുന്നത്. മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള പ്രചാരണവും യു.ഡി.എഫിന് ഏറെ ഗുണകരമായിട്ടുണ്ട്.
ഏറെ നാളുകളായി വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിയേല്‍ക്കുന്ന മുന്നണിക്ക് ഒറ്റമൂലിയെന്ന നിലയിലാണ് വി.കെ പ്രശാന്തിനെ സി.പി.എം ഇടതുമുന്നണി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. മൂന്നാം സ്ഥാനം ഒരിക്കലും അംഗീകരിക്കാനാകാത്ത അവസ്ഥയിലാണ് സാമുദായിക സമവാക്യങ്ങള്‍ എതിരായിട്ടുകൂടി നഗരസഭാ മേയറായ പ്രശാന്തിലേക്ക് സി.പി.എമ്മിനെ എത്തിച്ചത്. പ്രശാന്തിന്റെ യുവത്വവും മേയര്‍ സ്ഥാനത്തുള്ള മികവും പ്രവര്‍ത്തനങ്ങളും വോട്ടാക്കി മാറ്റാമെന്ന തന്ത്രമായിരുന്നു സി.പി.എമ്മിന്റേത്. കുമ്മനത്തില്‍നിന്നും എസ്.സുരേഷിലേക്ക് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിത്വം പോയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ട്. എങ്കിലും കഴിഞ്ഞ ആറ് വര്‍ഷമായി ജില്ലാ പ്രസിഡന്റായിരുന്നതിന്റെ ആനുകൂല്യവും എന്‍.ഡി.എ ഘടകകക്ഷികളുടെ പിന്തുണും ചേരുമ്പോള്‍ സുരേഷിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.
ശബരിമലയിലെ യുവതീ പ്രവേശന വിഷയം തന്നെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്‌തെന്ന ചോദ്യം ഉന്നയിച്ച് ഇരു മുന്നണികളെയും അവര്‍ പ്രതിരോധിക്കുകയാണ്. വികസനവും പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളിലും ഊന്നിയാണ് ഇടത് പ്രചാരണം മുഴുവന്‍. ഇതിനിടയിലും വിശ്വാസികള്‍ക്കൊപ്പമാണെന്നു പറയുന്നതിനും എല്‍.ഡി.എഫ് ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ സത്യസന്ധമായ നിലപാടായിരുന്നു തങ്ങളുടേതെന്നും ഇക്കാര്യത്തില്‍ സമരരംഗത്തിറങ്ങിയത് തങ്ങളാണെന്നും വാദിച്ചുകൊണ്ടാണ് ബി.ജെ.പി രംഗത്തുള്ളത്. ഇതിനൊപ്പം കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും എണ്ണിപ്പറഞ്ഞ് വോട്ട് നേടാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്ന ഇപ്പോഴും വട്ടിയൂര്‍ക്കാവില്‍ വിജയി ആരാകുമെന്ന് പ്രവചിക്കാനാകില്ലെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. കെ. മോഹന്‍കുമാറും വി.കെ പ്രശാന്തും എസ്.സുരേഷും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നതിന്റെ പ്രതീതി മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. സാമുദായിക ഘടകങ്ങള്‍ കണക്കുകൂട്ടിയുള്ള പ്രചാരണം തന്നെയാണ് നടത്തുന്നത്. നായര്‍ വോട്ടര്‍മാരാണ് കൂടുതല്‍ എന്നതിനാല്‍ ഇവിടെ എന്‍.എസ്.എസിന് കാര്യമായ സ്വാധീനമുണ്ട്. ക്രിസ്ത്യന്‍, ഈഴവ സമുദായങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മറ്റു വിഭാഗങ്ങളിലുള്ളവരും ഉണ്ടെങ്കിലും നിര്‍ണായക ശക്തിയാകാന്‍ കഴിയുന്നതരത്തിലില്ല.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് എന്‍.എസ്.എസ് രംഗത്തുവന്നത് അവര്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സാമുദായികമായി തന്നെ മറ്റൊരാളാകുന്നത് മാത്രമല്ല ചില രാഷ്ട്രീയ പ്രകോപനങ്ങളും എന്‍.എസ്.എസിനെ പരസ്യ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലാകെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുതേടി ഇറങ്ങിക്കഴിഞ്ഞു. ഇത് ഏറെ ജയസാധ്യത കല്‍പ്പിച്ചിരുന്ന വി.കെ പ്രശാന്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. എന്‍.എസ്.എസിന്റെ ഈ നീക്കം ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
എന്‍.എസ്.എസിന്റെ പരസ്യ നിലപാടിനോടുള്ള പ്രതികരണമെന്ന നിലയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥിയിലേക്ക് കേന്ദ്രീകരിക്കുകയും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ചോര്‍ന്നുപൊയ്‌ക്കൊണ്ടിരുന്ന വോട്ടുകള്‍ ഉള്‍പ്പെടെ നേടാന്‍ കഴിയുകയും ചെയ്താന്‍ വിജയിക്കാനാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്‍.എസ്.എസിന്റെ പരസ്യ നിലപാട് ബി.ജെ.പിക്കും തിരിച്ചടിയാണെങ്കിലും അവസാനഘട്ടത്തില്‍ മുന്നില്‍ക്കയറി പ്രകടനം മെച്ചപ്പെടുത്താമെന്ന് അവരും കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."