പ്ലസ്ടുകാരന് സര്‍ക്കാര്‍ ജോലി; റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളേറെ
മണ്ണാര്‍ക്കാട്: പുതുതായി നല്‍കിയ റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം. പേരുകളിലും വയസിലും വ്യാപകമായ തെറ്റുകള്‍ സംഭവിച്ചതിനു പുറമെ പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ ജോലിയും അധികൃതര്‍ നല്‍കി. അലനല്ലൂര്‍ കൊങ്ങത്ത് വീട്ടില്‍ അബ്ദുള്‍ റസാഖ് - റഹിയാനത്ത് ദമ്പതികളുടെ മകന്‍ 17 വയസുകാരനായ അബ്ദുല്‍ ഹസീബിനാണ് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കിയ റേഷന്‍ കാര്‍ഡില്‍ സര്‍ക്കാര്‍ ജോലി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്ദുല്‍ ഹസീബാകട്ടെ അലനല്ലൂര്‍ വി.എച്ച്.എസ്.സിയില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന റേഷന്‍ കാര്‍ഡുകളുടെ തരത്തിലും വ്യാപകമായ പരാതിയുണ്ട്.
മാതാവിനെക്കാള്‍ കൂടുതല്‍ വയസ് മക്കള്‍ക്കും, മകന്‍ ഭര്‍ത്ത്യ സഹോദരനും, മരുമകള്‍ മകളുമായി നിരവധി വൈവിധ്യങ്ങളാണ് നിലവില്‍ ലഭിച്ച റേഷന്‍ കാര്‍ഡിലുളളത്. രണ്ട് വികലാംഗരും, ഓടിട്ട ചെറിയ വീട്ടില്‍ താമസിച്ചു വരുന്ന കുടുംബത്തിന് സര്‍ക്കാറിന്റെ യാതോരു ആനുകൂല്യവും ലഭിക്കാത്ത വെളള നിറത്തിലുളള റേഷന്‍ കാര്‍ഡും, നിരവധി വാഹനങ്ങളും ഇരുനില വീടുകളുളളവരുടെ റേഷന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന മഞ്ഞയും, ചുവപ്പും നിറത്തിലും നല്‍കിയിട്ടുണ്ട്.
റേഷന്‍ കാര്‍ഡ് വിതരണവും കാര്യക്ഷമമായി നടക്കുന്നില്ല. കാര്‍ഡ് നല്‍കപ്പെട്ട റേഷന്‍ കടക്ക് പരിധിയില്‍ ഇനിയും നിരവധി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാനുണ്ട്. ഇനി റേഷന്‍ കട കേന്ദ്രീകരിച്ച് കാര്‍ഡ് വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് അധികൃതര്‍. കൂടാതെ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത കുടുംബാംഗം സപ്ലൈ ഓഫിസില്‍ നേരിട്ടെത്തി വാങ്ങണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."