പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; ഉപരിപഠനം ഇനി അമേരിക്കയില്‍
നിലമ്പൂര്‍: ഹെന്നക്കും ദിയാനക്കും അഞ്ജിതക്കും ഇനി ഉപരിപഠനം അമേരിക്കയിലാണ്. രാജ്യങ്ങള്‍ തമ്മിലുള്ള കള്‍ച്ചറല്‍ എക്‌സ്‌ച്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കയില്‍ ഒരു വര്‍ഷത്തെ ഉപരിപഠനത്തിന് അവസരം ലഭിച്ചവരാണ് ആത്മ സുഹൃത്തുക്കളായ ഈ മലപ്പുറം സ്വദേശികള്‍. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 22 പേരില്‍ കേരളത്തില്‍ നിന്ന് ഇവര്‍ മൂന്നുപേര്‍ മാത്രം. സംസ്ഥാനത്തെ നൂറിലേറെ കോളജുകളിലെ ആയിരത്തോളം വിദ്യാര്‍ഥികളോട് മത്സരിച്ചാണ് മമ്പാട് എം.ഇ.എസ് കോളജിലെ ബി.എ ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ അസൂയാവഹമായ നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നുള്ളവരടക്കം തെരഞ്ഞെടുപ്പിനായി നടത്തിയ ലാംഗ്വേജ് ടെസ്റ്റിലും ടെലിഫോണ്‍ ഇന്റര്‍വ്യൂവിലുമൊക്കെ അടിപതറിയപ്പോഴാണ് നാട്ടിന്‍ പുറത്തെ സാധാരണ സര്‍ക്കാര്‍ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ചെത്തിയ ഇവരുടെ നേട്ടത്തിന് തിളക്കമേറുന്നത്.
എടവണ്ണ ഗവ. ഹൈസ്‌കൂളിലെ മലയാളം അധ്യാപകനും സന്നദ്ധ-പരിസ്ഥിതി പ്രവര്‍ത്തകനുമായ അബ്ദുള്ളക്കുട്ടി എടവണ്ണയുടെയും റുമിയുടെയും മകളാണ് ഹെന്ന. തിരുവാലി പുതുശ്ശേരി അബ്ദുല്‍ നാസറിന്റെയും ഖദീജ നസ്‌റിയുടെയും മകളാണ് ദിയാന നാദിറ. അഞ്ജിത എടക്കര ശങ്കരം കുളത്തെ മേലേക്കൂത്ത് സുരേഷിന്റെയും ഗീതയുടെയും മകളാണ്. ഹെന്ന എടവണ്ണ ഗവ. ഹൈസ്‌കൂളിലും ദിയാന തിരുവാലി ഗവ. ഹൈസ്‌കൂളിലും അഞ്ജിത എടക്കര ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ നിന്നുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വായന, എഴുത്ത്, പ്രസംഗം തുടങ്ങിയ മേഖലകളില്‍ പ്രൈമറി ക്ലാസ് തൊട്ട് അഭിരുചിയുണ്ടായിരുന്നു മൂന്നു പേര്‍ക്കും. എന്‍. എസ്. എസ് വളണ്ടിയര്‍മാരായിരുന്ന മൂവരും സ്‌കൂള്‍ പഠന കാലം തൊട്ടേ സുഹൃത്തുക്കളായിരുന്നെങ്കിലും ബിരുദ പഠനത്തിന് മമ്പാട് എം.ഇ.എസ് കോളജില്‍ ഒന്നിച്ചെത്തിയപ്പോഴാണ് അത്മ മിത്രങ്ങളായത്.
ക്യാംപസ് ഇന്റര്‍വ്യൂ അടക്കമുള്ള കടമ്പകള്‍ പിന്നിട്ടാണ് മൂവര്‍ സംഘം ഈ നേട്ടം സ്വന്തമാക്കിയത്. ഇവരുടെ മുഴുവന്‍ ചെലവുകളും അമേരിക്കന്‍ ഗവണ്‍മെന്റാണ് വഹിക്കുക. മൂന്ന് പേരും അമേരിക്കയിലെ മൂന്ന് സ്റ്റേറ്റുകളിലെ വ്യത്യസ്ത ക്യാംപസുകളില്‍ ഇതര രാജ്യങ്ങളിലെ കുട്ടികള്‍ക്കൊപ്പം ഭാരതീയ സംസ്‌കാരത്തെ പ്രതിനിധീകരിച്ച് പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ഹെന്ന അയാവോ സ്റ്റേറ്റിലും ദിയാന വെര്‍ജീനിയായിലും അഞ്ജിത അരിസോണയിലും ആണ് പഠിക്കുക. ജൂലൈ 15 ന് ഇവര്‍ അമേരിക്കയിലേക്ക് വിമാനം കയറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."