അനാഥരെ തെരുവാധാരമാക്കിയവര്‍ ഇപ്പോള്‍ എന്ത് പറയുന്നു
കേരളത്തിലെ യതീംഖാനകളിലേക്ക് അനാഥരും അഗതികളുമായ കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്താണെന്ന് ആക്ഷേപിച്ച്, യതീംഖാനകള്‍ക്കെതിരേ കേസെടുത്ത പാലക്കാട് റെയില്‍വേ പൊലിസിനും, കുട്ടിക്കടത്ത് തന്നെ എന്ന് തറപ്പിച്ച് പറഞ്ഞ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഏതാനും ഉദ്യോഗസ്ഥര്‍ക്കും കിട്ടിയ കനത്തപ്രഹരമാണ് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. പഠനത്തിനും വിശപ്പുമാറ്റാനും നല്ലവസ്ത്രങ്ങള്‍ ധരിക്കാനുമായിരുന്നു ജാര്‍ഖണ്ഡില്‍നിന്നും ബിഹാറില്‍നിന്നും ബംഗാളില്‍നിന്നും കുട്ടികളെ മുക്കം, വെട്ടത്തൂര്‍ യതീംഖാനകളിലേക്ക് കൊണ്ടുവന്നതെന്നാണ് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഇതുതന്നെയായിരുന്നു. അതിനുമുന്‍പ് കേസ് ഉത്ഭവിച്ച 2014 നവംബറില്‍ തന്നെ ബിഹാര്‍ സര്‍ക്കാര്‍ പാറ്റ്‌ന ഹൈക്കോടതിയില്‍ കുട്ടികളെ കൊണ്ടുപോയത് മനുഷ്യക്കടത്തായി കാണാനാവില്ലെന്ന് സത്യവാങ്മൂലം നല്‍കിയതാണ്. പ്രഥമദൃഷ്ട്യാ അത്തരമൊരു കുറ്റം കണ്ടെത്താനായിട്ടില്ലെന്ന് ബിഹാര്‍ സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ജഗദീഷ് കൗര്‍ഗായി 2014 നവംബറില്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുമുണ്ട്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കുട്ടികളെ കേരളത്തിലെ യതീംഖാനകളില്‍ പ്രവേശിപ്പിക്കാമെന്ന് കേരള സാമൂഹിക നീതി വകുപ്പ് 2013 ജൂണ്‍ 22ന് ഉത്തരവ് ഇറക്കിയതാണ്. കുട്ടിക്കടത്താരോപിച്ച് മുക്കം യതീംഖാന ഭാരവാഹികള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കേസും ഹൈക്കോടതി റദ്ദാക്കിയതാണ്. ഇതെല്ലം ഉണ്ടായിട്ടും ഒരുവിഭാഗത്തെ പൊതുസമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കുവാനായിമാത്രം പാലക്കാട് റെയില്‍വേ പൊലിസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഏതാനും ചില ഉദ്യോഗസ്ഥരും മെനഞ്ഞെടുത്തതാണ് മനുഷ്യക്കടത്ത് ആരോപണം. ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അനാഥ-അഗതി സംരക്ഷണം. അനാഥകളുടെ ധനമെടുത്ത് വയറ് നിറക്കുന്നവന്റെ വയറ്റില്‍ അഗ്നിയായിരിക്കുമെന്നും അനാഥകളെ സംരക്ഷിക്കുന്നവനും ഞാനും ഇപ്രകാരമായിരിക്കും സ്വര്‍ഗത്തില്‍ എന്ന് രണ്ട് വിരലുകള്‍ ചേര്‍ത്തുപിടിച്ച്‌കൊണ്ട് പ്രവാചകന്‍ മുഹമ്മദ് നബി(സ) നടത്തിയ പ്രഖ്യാപനങ്ങളും ഹൃദയത്തിന്റെ വെളിച്ചമാക്കി അനാഥ സംരക്ഷണത്തിനിറങ്ങിയതാണ് സമര്‍പ്പിത തേജസുകളായ പണ്ഡിതരുടെയും യതീംഖാനകള്‍ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത നിസ്വാര്‍ഥരുടെയും ധനം നല്‍കി സഹായിച്ചവരുടെയും വഖ്ഫ് നല്‍കിയ മഹാരഥന്മാരുടെയും ചരിത്രം. യതീംഖാനകളുടെ ചരിത്രം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെയുംകൂടി ഭാഗമാണ്. 1921ലെ മലബാര്‍ കലാപത്തിനുശേഷം മലബാറിനെ ഗ്രസിച്ച മറ്റൊരു വലിയ വിപത്തായിരുന്നു പടര്‍ന്നുപിടിച്ച വസൂരി രോഗം. ഉപ്പയും ഉമ്മയും ഉറ്റവരും നഷ്ടപ്പെട്ട നൂറുകണക്കിന് കുട്ടികളാണ് അന്ന് അനാഥരായി ഒരിറ്റ് കാരുണ്യത്തിനും ഒരുപിടി വറ്റിനുംവേണ്ടി കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ മലബാറിന്റെ തെരുവീഥികളില്‍ അലഞ്ഞതെന്നോര്‍ക്കണം. പരിണിത പ്രജ്ഞരായ സമുദായ സ്‌നേഹികളുടെയും നേതാക്കളുടെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പോലുള്ള മതസംഘടനകളുടെയും സഹായ സഹകരണത്താല്‍ നൂറുകണക്കിന് അനാഥ ജന്മങ്ങള്‍ക്ക് അഭയമായാണ് യതീംഖാനകള്‍ സ്ഥാപിച്ചത്.
സ്വതന്ത്രപ്രാപ്തിക്ക് ശേഷവും ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും മുസ്‌ലിംകള്‍ വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികമായും പിന്നാക്കം പോയതിന്റെ കാരണമറിയാത്തവര്‍ ഉണ്ടായിരിക്കില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കൃത്യമായ ലക്ഷ്യത്തോടെ പുതിയ ചരിത്രനിര്‍മിതിയുടെ ഭാഗമായി ഒരുനിയോഗമെന്നോണം അനാഥരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കിയത്. അതിന്റേയുംകൂടി അനന്തരഫലങ്ങളാണ് മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹികമായും ഇന്ന് കൈവരിച്ച നേട്ടങ്ങള്‍. ഈ ഉണര്‍വ് ഉത്തരേന്ത്യയിലെ അനാഥരും അഗതികളുമായ കുട്ടികള്‍ക്കുകൂടി ലഭ്യമാക്കണമെന്ന സദുദ്ദേശ്യത്തോടെയായിരുന്നു അവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കും യതീംഖാനകളില്‍ പ്രവേശനം നല്‍കി ഭക്ഷണവും വിദ്യാഭ്യാസവും നല്‍കിപ്പോന്നത്. 2014ന് മുന്‍പ് ഉത്തരേന്ത്യയിലെ അനാഥരായ കുട്ടികളെ കേരളത്തിലെ യതീംഖാനകളില്‍ ചേര്‍ത്ത് പഠിപ്പിച്ചിരുന്നു. 2014ല്‍ ആണ് ചിലര്‍ക്ക് ഇത് മനുഷ്യക്കടത്തായി തോന്നിയതും യതീംഖാനകള്‍ക്കെതിരേയും യതീംഖാന ഭാരവാഹികള്‍ക്കെതിരേയും കേസ് കൊടുക്കുവാന്‍ ഉത്സുകരാക്കിയതും. കേരളത്തിലെ ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും ഈ കുട്ടിക്കടത്ത് ആഘോഷിക്കുകയായിരുന്നു. ഒരുവിഭാഗത്തിന്റെ ആത്മാഭിമാനത്തില്‍ ചവിട്ടിനിന്നായിരുന്നു ഈ ആഘോഷം. ഒരു ദൃശ്യമാധ്യമവും അച്ചടിമാധ്യമവും അവരുടെ വാര്‍ത്തകളില്‍ ഒരിക്കല്‍പോലും സ്ഥാപനങ്ങളെ അനാഥാലയം എന്ന് വിശേഷിപ്പിച്ചില്ല. പകരം നിരന്തരമായി പറഞ്ഞത് യതീംഖാനകള്‍ എന്നായിരുന്നു.
മുഖംമിനുക്കിവന്ന വാര്‍ത്താവതാരകര്‍ക്ക് യതീംഖാനാ ഭാരവാഹികളെ പൊതുജനമധ്യത്തില്‍ അവഹേളിക്കുംതരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തുവാന്‍ ഒട്ടും സങ്കോചം തോന്നിയിരുന്നില്ല. വാര്‍ത്താമാധ്യമങ്ങളുടെ ആഘോഷങ്ങള്‍ പൊതുബോധത്തെയും സാരമായി സ്വാധീനിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് കുട്ടികളെ തിരികെ അവരുടെ നാടുകളിലേക്ക്തന്നെ അയച്ചത്. തിരിച്ചയക്കപ്പെട്ട അനാഥബാല്യങ്ങള്‍ക്കെന്ത് സംഭവിച്ചു എന്നന്വേഷിക്കുവാന്‍ ഒരുമാധ്യമവും പിന്നീട് തയാറായില്ല. എന്നാല്‍ അവര്‍ എന്ത്‌ചെയ്യുന്നുവെന്നറിയാന്‍ ഞങ്ങളുടെ പ്രതിനിധി യു.എം മുഖ്താര്‍ ദിവസങ്ങളോളം ജാര്‍ഖണ്ഡിലും ബിഹാറിലും ബംഗാളിലും സഞ്ചരിച്ചു. മടക്കിഅയക്കപ്പെട്ട കുട്ടികളുടെ സ്ഥിതി പരമദയനീയമായിരുന്നു. ഹൃദയഭേദകമായ അവരുടെ അവസ്ഥയെക്കുറിച്ചു സുപ്രഭാതം പരമ്പരതന്നെ പ്രസിദ്ധീകരിച്ചു. ഇഷ്ടികക്കളങ്ങളിലും പാടങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന കുട്ടികളെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. മടക്കിഅയക്കപ്പെട്ട കുട്ടികള്‍ അവരുടെ ബാല്യം എരിയിച്ച് തീര്‍ക്കുന്ന വാര്‍ത്തകളാണ് അന്ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്.
കുട്ടികളുടെ അന്തര്‍സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിനും സൗജന്യ ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കും പഠനോപകരണങ്ങള്‍ക്കും വേണ്ടിയായിരുന്നുവെന്നും അവര്‍ക്ക് യാതൊരു പീഡനങ്ങളോ കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന പ്രവൃത്തികളോ യതീംഖാനകളില്‍നിന്ന് ഉണ്ടായിട്ടില്ലെന്നും രണ്ട് ദേശീയ അവാര്‍ഡുകള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് മുക്കം യതീംഖാനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും രക്ഷിതാക്കളും യതീംഖാനയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്നുമുള്ള റിപ്പോര്‍ട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കുമ്പോള്‍ ആരോപണവിധേയമായ യതീംഖാനകള്‍ക്കും മുസ്‌ലിം സമൂഹത്തിനും അതിലും വലിയൊരു അംഗീകാരം വേറെയെന്തിന്. കളവ് സ്വര്‍ണപാത്രംകൊണ്ട് എത്രകാലം മൂടിവച്ചാലും സത്യം ഒരുനാള്‍ പുറത്തുവരുമെന്നതിന്റെ തെളിവുകൂടിയാണ് സി.ബി.ഐ, സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സത്യസന്ധരും മതനിരപേക്ഷതയെ ജീവശ്വാസമായി കാണുന്നവരും നിഷ്പക്ഷരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ഈ കലികാലത്തും നിലനില്‍ക്കുന്നു എന്നത് ഏറെ പ്രതീക്ഷാനിര്‍ഭരംതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."