ഗസ്സയില്‍ സംഘര്‍ഷം രൂക്ഷം; അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: ഇസ്‌റാഈലിനും ഫലസ്തീനിനുമിടയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷതയിലേക്ക്. ഗസ്സയില്‍ ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തില്‍ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് നടത്തിയ തിരിച്ചടിയില്‍ ഇസ്‌റാഈല്‍ പൗരനും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്‌റാഈലിന്റെ രഹസ്യ ഓപറേഷനില്‍ ഏഴു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 2014നു ശേഷം ഗസ്സയിലുണ്ടാകുന്ന ഏറ്റവും ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ടെലിവിഷന്‍ സ്റ്റേഷന്‍ തകര്‍ന്നുവെന്ന് ഹമാസ് പറഞ്ഞു. ഗസ്സയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും ആക്രണമുണ്ടായി. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗസ്സയിലെ സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ അടച്ചു. രഹസ്യ ഓപറേഷനെ തുടര്‍ന്ന് ഹമാസിനും ഇസ്‌റാഈലിനും ഇടയില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു. തങ്ങളുടെ പ്രദേശങ്ങളിലേക്കുള്ള ഹമാസിന്റെ 300 റോക്കറ്റ് ആക്രമണങ്ങള്‍ തടഞ്ഞുവെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.
ഹമാസ് ആക്രമണത്തില്‍ അഷ്‌കലോന്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇവിടെ കെട്ടിടങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതര പരുക്കേറ്റതായി ഇസ്‌റാഈല്‍ ആരോഗ്യ സംഘടന യുനൈറ്റഡ് ഹറ്റ്‌സലാ പറഞ്ഞു. എന്നാല്‍ ഗസ്സയിലെ ജനവാസ മേഖലയിലേക്കുള്ള ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഇസ്‌റാഈല്‍ നഗരങ്ങളായ അഷ്‌ദോദ്, ബീര്‍ഷേബാ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഹമാസ് ഇന്നലെ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍നിന്ന് കിലോമീറ്ററോളം അകലെ ഗസ്സാ മുനമ്പില്‍ സാധാരണ വാഹനത്തിലെത്തിയാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസിനു കിഴക്കായാണ് സംഭവം. വാഹനത്തില്‍നിന്ന് ആദ്യം ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ത്തു. മേഖലയിലെ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം. ഇതില്‍ ഖസ്സാം കമാന്‍ഡറായ നൂര്‍ ബറക കൊല്ലപ്പെട്ടു. മേഖലയില്‍ ഇരു സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
ഇസ്‌റാഈല്‍ ടാങ്കറുകളും സൈനിക വിമാനങ്ങളും ബോംബ് വര്‍ഷിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണവുമുണ്ടായി. ഇരു വിഭാഗവും ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങിയത്. അതിനിടെ ഈജിപ്ത്തിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചക്കുശേഷം മേഖലയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചുവെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."