മാന്ദ്യത്തിന് പരിഹാരം കണ്ടിട്ട് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തൂ
മുംബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ആരോപണത്തിന് മറുപടിയുമായി മന്‍മോഹന്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പകരം പ്രതിപക്ഷത്തിനു മേല്‍ കുറ്റം ചുമത്തുന്നതിലാണ് സര്‍ക്കാരിനു താല്‍പര്യമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കണമെങ്കില്‍ ആദ്യം അതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍, സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മേല്‍ പഴിചാരാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത്. സര്‍ക്കാരിന്റെ ഉദാസീനതയും പ്രാപ്തിക്കുറവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഫലത്തില്‍ അത് രാജ്യത്തെ ജനങ്ങളെയാണ് ആഴത്തില്‍ ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ പ്രധാനമന്ത്രി പദവിയിലിരിക്കെ ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ, തെറ്റ് എല്ലായ്‌പ്പോഴും യു.പി.എയുടെ ഭാഗത്താണെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. നിങ്ങള്‍ അഞ്ചുവര്‍ഷമായി രാജ്യം ഭരിക്കുകയാണ്. യു.പി.എ സര്‍ക്കാരിനെ പഴിചാരിയത് കൊണ്ട് പ്രയോജനമില്ല. എതിരാളിയുടെ മേല്‍ കുറ്റം ചുമത്തുന്നതിലാണ് സര്‍ക്കാരിന് താല്‍പ്പര്യം. അതിനാല്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ ഉറപ്പാക്കുന്ന പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു എളുപ്പവഴിയുമില്ല, സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കുകയല്ലാതെ. വിദേശ ഇറക്കുമതിയുടെ സ്ഥാനത്ത് സര്‍ക്കാര്‍ ചെയ്യേണ്ടത് ഇവിടത്തെ വാണിജ്യവും വ്യവസായവും വികസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ്.
രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ, പ്രതിസന്ധിയില്‍ ഞെരുങ്ങുകയാണ്. ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയിടിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളെ സാരമായി ബാധിച്ചു. മഹാരാഷ്ട്രയിലെ വ്യാവസായിക ഉല്‍പാദന മേഖല തകിടംമറിഞ്ഞ് കിടക്കുമ്പോള്‍ ചൈനയില്‍നിന്ന് അതേ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അവര്‍ സാക്ഷികളാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാലുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സംസ്ഥാനത്തെ നിര്‍മാണ മേഖല തകര്‍ന്നു. തൊഴിലില്ലായ്മ അങ്ങേയറ്റം വേട്ടയാടുന്ന സംസ്ഥാനത്ത് യുവാക്കള്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. നിക്ഷേപത്തിലും വ്യവസായത്തിലും രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായിരുന്ന മഹാരാഷ്ട്ര, ഇന്ന് കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലും ഒന്നാമതെത്തിനില്‍ക്കുന്നു- മന്‍മോഹന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."