കറുത്ത ദിനങ്ങള്‍ക്ക് 42
അടിയന്തരാവസ്ഥ. പുതു തലമുറയ്ക്ക് കേട്ടറിവ് മാത്രമേ കാണൂ. ഇന്ത്യയില്‍ ഒരിക്കല്‍ മാത്രമാണ് ആ പ്രഖ്യാപനമുണ്ടായത്. എം.മുകുന്ദന്റെ ഡല്‍ഹി ഗാഥകള്‍ എന്ന നോവല്‍ വായിച്ചവര്‍ക്ക് ഡല്‍ഹിയുടെ തെരുവീഥികളില്‍ അന്ന് നടന്ന ദുരന്ത ചിത്രങ്ങള്‍ ഗ്രാഹ്യമാവും.
ജനാധിപത്യ സംവിധാനത്തെ തകര്‍ത്തെറിഞ്ഞ് ഏകാധിപത്യത്തിന്റെ വഴികളിലേക്കുള്ള ഉത്തരവുകളും നടപടികളുമാണ് അടിയന്തരാവസ്ഥ കാലത്ത് നടന്നത്.
നിയമപാലകര്‍ ജനാധിപത്യത്തിന്റെ സീമകള്‍ ലംഘിച്ച് ഏകാധിപതികളുടെ വേഷമണിഞ്ഞു. ആ ദിനത്തിന് ജൂണ്‍ 25ന് 42 വര്‍ഷം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളായ അടിയന്തരാവസ്ഥ 18 മാസമാണ് നീണ്ടുനിന്നത്.
ഇത് പ്രധാനമന്ത്രി ഇന്ദിരക്ക് ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഭരിക്കുവാനും തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കുവാനും പൗരാവകാശങ്ങള്‍ ലംഘിക്കുവാനും പരിമിതപ്പെടുത്താനുമുള്ള അധികാരം നല്‍കി.
കാരണങ്ങള്‍
1971 മുതല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരായ പ്രക്ഷോഭങ്ങള്‍ വ്യാപകമായി. മൊറാര്‍ജി ദേശായിയും ജയപ്രകാശ് നാരായണനും ജോര്‍ജ് ഫെര്‍ണാണ്ടസും ഭരണത്തിനെതിരേയുള്ള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1975 ജൂണ്‍12ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യ സ്വതന്ത്രമായ ശേഷം കോണ്‍ഗ്രസ് നേരിട്ട വലിയ വെല്ലുവിളിയായിരുന്നു ഇത്. ഇതേ സാഹചര്യത്തിലാണ് ഇന്ദിരക്കെതിരേ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ കോടതി വിധി വന്നത്.
തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് ഇന്ദിരയെ കോടതി വിലക്കി. 1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവരുടെ എതിര്‍ സ്ഥാനാര്‍ഥി രാജ് നാരായണന്‍ നല്‍കിയ കേസായിരുന്നു കോടതി പരിഗണിച്ചത്. തെരഞ്ഞടുപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഇന്ദിര ദുരുപയോഗം ചെയ്തുവെന്നായിരുന്നു കേസ്. രാജ്യം ഭരിക്കാന്‍ പകരം സംവിധാനം ഒരുക്കാന്‍ 20 ദിവസത്തെ സമയവും നല്‍കി.
അലഹബാദ് ഹൈക്കോടതി വിധിയില്‍ സുപ്രിംകോടതി എതിരാണെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിര പലരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ സുപ്രിംകോടതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടതില്ലെന്നും എന്നാല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും വിധിച്ചു. സര്‍ക്കാരിനെതിരെ വന്‍ റാലികളും പ്രക്ഷോഭങ്ങളും നടന്നു. 1975 ജൂണ്‍ 25ന് രാത്രി 11.25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ രാജ്യമൊട്ടാകെ പൊലിസ് രാജ് നടപ്പാക്കി.
കിരാത ഭരണം
രാജ്യമൊട്ടാകെ പൊലിസിനെ ഉപയോഗച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്നവരെയും സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളെയും നിരോധിച്ചു. നിര്‍ബന്ധിത വന്ധീകരണമടക്കമുള്ള ക്രൂരതകള്‍ പലഭാഗത്തും നടന്നു. കേരളത്തിലും അതിന്റെ അലയൊലികള്‍ പ്രതിഫലിച്ചു. പൊലിസ് നരനായാട്ടില്‍ ഇവിടെ 28 പേര്‍ മരിച്ചു. രണ്ടുപേര്‍ ലോക്കപ്പിലും. 4 പേര്‍ ആത്മഹത്യ ചെയ്തു. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുകയായിരുന്നു. 1977 ജനുവരി 23ന് ഇന്ദിരാഗാന്ധി ഭൂരിഭാഗം രാഷ്ട്രീയ തടവുകാരെയും ജയില്‍ മുക്തരാക്കി, പൊതുതെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു.1977 മാര്‍ച്ച് 23ന് അടിയന്തരാവസ്ഥ ഔദ്യോഗികമായി ഇന്ത്യയില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."