അഞ്ചിടങ്ങളിലും ഇഞ്ചോടിഞ്ച്: പരസ്യപ്രചാരണം അവസാനിച്ചു, വിധിയെഴുത്ത് തിങ്കളാഴ്ച
തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള പരസ്യപ്രചരണം അവസാനിച്ചു. വൈകുന്നേരം ആറുമണിയോടെയാണ് സമാപിച്ചത്. ഇനി വോട്ടെടുപ്പുവരേ നിശബ്ദ പ്രചാരണം. പലയിടത്തും മഴ കനത്തുവെങ്കിലും കൊട്ടിക്കലാശത്തിനതൊരു തടസമായില്ല. രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ പര്യടനം പൂര്‍ത്തിയാക്കി. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടിയാണ് പ്രചാരണം കലാശക്കൊട്ടിലവസാനിച്ചത്. ഞായറാഴ്ചയാണ് നിശബ്ദ പ്രചാരണം നടത്തുക. തിങ്കളാഴ്ച വോട്ടര്‍മാര്‍ ജനാധിപത്യം നിറവേറ്റാന്‍ ബൂത്തിലേയ്ക്ക്. വ്യാഴാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ഭരണമികവും ഭരണത്തിലെ പോരായ്മയും ശബരിമലയും വിശ്വാസവുമെല്ലാം പ്രധാന വിഷയമായ ഉപതെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ജാതി, സമുദായ ഘടകങ്ങള്‍ മേല്‍ക്കൈ നേടുന്ന കാഴ്ചയാണ് കാണുന്നത്. അഞ്ചില്‍ നാലും യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളാണ്. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും രണ്ടാം സ്ഥാനക്കാരായത് ബി.ജെ.പി. എന്നാല്‍ വോട്ടറുടെ മനസ് എങ്ങോട്ടു ചിന്തിക്കുമെന്നത് പ്രവചനാതീതമാണ്. പരസ്യ പ്രചരണം അവസാനിച്ചപ്പോള്‍ അഞ്ചിടത്തും പോരാട്ടം പൊടിപൊടിക്കുകയാണ്.
പാലായിലെ അട്ടിമറി ജയം നേടിയതുപോലെ വിവാദ വിഷയങ്ങളില്‍ തൊടാതെയുള്ള പ്രചാരണം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ശതമാനത്തിലുണ്ടായ വന്‍ വര്‍ധനവാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ച് യു.ഡി.എഫ് പാളയത്തില്‍ ചേക്കേറിയതും ശബരിമല സജീവ വിഷയമാക്കാത്തതും തിരിച്ചടി നേരിടുമെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായിരുന്ന പരിവാര്‍ സംഘടനകള്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങാത്തതും വന്‍ തോതില്‍ വോട്ടു ചോര്‍ച്ച ഉണ്ടാക്കുമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമമില്ലാത്ത ദിവസമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, എ.കെ ആന്റണി, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെല്ലാം പ്രചാരണ രംഗത്തു സജീവമായിരുന്നു. അരൂരിലെ എല്‍.ഡി.എഫ് വേദികളില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇന്നലത്തെ ശ്രദ്ധാകേന്ദ്രം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബി.ജെ.പി നേതാക്കളും അരൂരില്‍ പ്രചാരണ രംഗത്തെത്തി. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് തേടിയുള്ള വി.എസ് അച്യുതാനന്ദന്റെ റാലിയും നടന്നു. കുന്നുകുഴിയിലും പേരൂര്‍ക്കടയിലും യു.ഡി.എഫ് പോതുയോഗങ്ങളില്‍ എ.കെ ആന്റണിയും പങ്കെടുത്തു.
കനത്ത മല്‍സരം നടക്കുന്ന മഞ്ചേശ്വരത്ത് കുടുംബ യോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം നടത്തിയത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ യു.ഡി.എഫിനായി വേദികളിലെത്തി.
എല്‍.ഡി.എഫ് പ്രചാരണ വേദികളില്‍ മന്ത്രിമാരായ കെ.ടി ജലീലും സി.രവീന്ദ്രനാഥുമായിരുന്നു താരങ്ങള്‍. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങി. കോന്നിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും ഇന്നലെ പ്രചാരണത്തിനിറങ്ങി. കുടുംബ യോഗങ്ങള്‍ ജലീലിന് മറുപടി നല്‍കാനുള്ള വേദിയായി.
മുന്‍കാലങ്ങളില്‍ കാണാന്‍ കഴിയാത്ത രീതിയിലുള്ള ജാതി പറഞ്ഞുള്ള പ്രചാരണമായിരുന്നു അഞ്ചു മണ്ഡലങ്ങളിലും മുഴങ്ങിക്കേട്ടത്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ തര്‍ക്കങ്ങളും മറ്റും കാരണം ആദ്യ പകുതിയില്‍ എല്‍.ഡി.എഫിനൊപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ലെങ്കിലും പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ മുന്നേറാന്‍ കഴിഞ്ഞുവെന്നാണ് യു.ഡി.എഫിന്റെ അവകാശ വാദം. പാലായില്‍ പരാജയം ഏറ്റുവാങ്ങിയ അവര്‍ക്ക് അഞ്ചിടത്തും വിജയ പ്രതീക്ഷ ഉള്ളത് എന്‍.എസ്.എസിന്റെ സഹായവും ഭരണ വിരുദ്ധവികാരവും വോട്ടായി മാറുമെന്നതിനാലാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനം ഇടതുമുന്നണിയും വലതുമുന്നണിയും ശക്തമാക്കിയിട്ടുണ്ട്. നാളത്തെ അടിയൊഴുക്കുകള്‍ തടയാന്‍ വേണ്ട സന്നാഹങ്ങളെയും ഇരു മുന്നണികളും ഒരുക്കിയിട്ടുണ്ട്. മുന്‍പെങ്ങും കാണാത്ത വിധം രാഷ്ട്രീയ പോരാട്ടമാണ് ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത്. മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍കാവ് വരെയാണ് മത്സരം. വിധി അഞ്ചിടത്തെത് മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം ഇതു തന്നെയാണ് മൂന്നു മുന്നണികളുടേയും പ്രതീക്ഷയും ആശങ്കയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."