ബത്ഹ തീപിടുത്തം: ചാമ്പലായത് 200 കടകള്‍, പെരുന്നാള്‍ സ്‌റ്റോക്കുകള്‍ പൂര്‍ണ്ണമായും തീ വിഴുങ്ങി
റിയാദ്: സഊദി തലസ്ഥാന നഗരി റിയാദിലെ നഗര ഹൃദയമായ ബത്ഹയിലെ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപ്പിടുത്തത്തില്‍ കത്തി നശിച്ചത് ഇരുന്നൂറു കടകള്‍. പെരുന്നാള്‍ മുന്നില്‍ കണ്ടു ഇറക്കിയ സ്‌റ്റോക്കുകള്‍ അടക്കം തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഒരു നിമിഷം വെണ്ണീറായത്തിന്റെ ആഘാതത്തിലാണ് മലയാളികളടക്കമുള്ള കച്ചവടക്കാര്‍.
കടകളും സാധനങ്ങളും പൂര്‍ണമായും ചാമ്പലായതിനു പുറമെ ഇവിടെ വിവിധ ഓഫിസുകളിലും ട്രാവല്‍സുകളിലും സൂക്ഷിച്ചിരുന്ന നിരവധി വിലപ്പെട്ട രേഖകളും തീ വിഴുങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് നോമ്പുതുറ സമയത്തോടടുത്താണ് നഗരത്തിലെ പ്രധാന ഷോപ്പിങ് സെന്ററിനെ തീ വിഴുങ്ങിയത്. ഷോപ്പിങ് മാളിനെ വിഴുങ്ങിയ തീയുടെ നാളങ്ങളും പുകയും ബുധനാഴ്ച വൈകിട്ടും അകത്തെ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നതിനാല്‍ സിവില്‍ ഡിഫന്‍സ് ആരെയൂം ഇതുവരെ അകത്തു കടത്തിവിട്ടിട്ടില്ല. തീ പൂര്‍ണ്ണമായും കെട്ടടങ്ങിയ ചില ഭാഗങ്ങളില്‍ മാത്രമാണ് പരിശോധനക്കായി ഉടമകളെ സിവില്‍ ഡിഫന്‍സ് അനുവദിച്ചത്. മിക്ക ഷോപ്പുകളിലെയും രേഖകളും സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്.
എന്നാല്‍, ചില കടകളില്‍ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണവും രേഖകളും സുരക്ഷിതമായി ലഭിച്ചിട്ടുണ്ട്. ഇവിടെ കടകള്‍ നടത്തുന്നവരില്‍ നല്ലൊരു ശതമാനം മലയാളികളാണ്. കടകളുടെയും ഉടമകളുടെയും കണക്കുകള്‍ അധികൃതര്‍ ശേഖരിച്ചു വരുന്നതേയുള്ളു. അതെ സമയം, അഗ്‌നി വിഴുങ്ങി എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തുണയായി ജീവകാലാരുണ്യ പ്രവര്‍ത്തകരും വിവിധ സംഘടനകളും രംഗത്തെത്തി.
ഇവരെ സഹായിക്കുന്നതിനായി ജനകീയ സമിതികള്‍ക്ക് രൂപം നല്‍കി വരികയാണ്. രേഖകള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി എന്‍ ആര്‍ കെ ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്ന് റിയാദില്‍ കൂടിയാലോചനാ യോഗവും നടക്കുന്നുണ്ട്. അഗ്‌നി വിഴുങ്ങിയതില്‍ നീറുന്നവര്‍ക്ക് ആശ്വാസമായി റിയാദ് ഇസ്‌ലാമിക് സെന്ററിന് കീഴില്‍ പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."