ബില്ല് അടയ്ക്കാത്തതിന് വൈദ്യുതിബന്ധം വിച്ഛേദിച്ചു; കുടിവെള്ളം മുട്ടി നൂറോളം കുടുംബങ്ങള്‍
ബദിയഡുക്ക: ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കുടിവെള്ളം മുട്ടി നൂറുകണക്കിനു കുടുംബങ്ങള്‍. ബദിയഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുച്ചിര്‍ക്കവെ, മാടത്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലാണു ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം കുടുംബങ്ങള്‍ വര്‍ഷങ്ങളായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
2005ല്‍ ജില്ലാ പഞ്ചായത്താണ് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് മാടത്തടുക്ക കുടിവെള്ള പദ്ധതിക്കു രൂപം നല്‍കിയത്. 30 ലക്ഷം രൂപ ചെലവിട്ടാണു ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള വിതരണത്തിനു സംവിധാനമൊരുക്കിയത്. ഇതിന് വേണ്ടി മാടത്തടുക്കയിലെ കുന്നിന്‍ചെരിവില്‍ കൂറ്റന്‍ടാങ്ക് നിര്‍മിക്കുകയും ചെയ്തു. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പള്ളത്തടുക്ക പുഴയില്‍ നെല്ലിക്കളയയില്‍ കുഴല്‍ കിണറും പമ്പ് ഹൗസും നിര്‍മിച്ച് പൈപ്പ്‌ലൈന്‍ വലിച്ച് ഒരോ വീട്ടിലേക്കും ശുദ്ധജലം എത്തിക്കാന്‍ സംവിധാനമൊരുക്കിയിരുന്നു. പദ്ധതിയുടെ ചുമതല പിന്നീട് ഗുണഭോക്തൃ കമ്മിറ്റിക്കു കൈമാറിയിരുന്നു. പ്രതിമാസം 150 രൂപ വൈദ്യുതി ബില്ല് അടയ്ക്കാനും മറ്റുമായി ഓരോ ഗുണഭോക്താവും നല്‍കണമെന്നായിരുന്നു തീരുമാനം. ഇങ്ങനെ രണ്ടു വര്‍ഷത്തോളം പദ്ധതി നല്ല നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പദ്ധതി നടത്തിപ്പുകാരനായ പമ്പിങ് ഓപറേറ്റര്‍ വൈദ്യുതി ബില്ല് അടക്കുന്നതില്‍ വീഴ്ചവരുത്തുകയായിരുന്നു. വൈദ്യുതിബന്ധം വിച്ഛേദിക്കുമ്പോള്‍ 3,800 രൂപ തുക അടക്കാനുണ്ടായിരുന്നത് നിലവില്‍ 32,000 രൂപയുടെ കുടിശ്ശികയായി മാറിയിട്ടുണ്ട്. ഇതോടെ പമ്പ് ഹൗസും ടാങ്കും നോക്കുകുത്തിയായി മാറുകയും മോട്ടറും മറ്റും തുരുമ്പെടുത്തു നശിക്കുകയും ചെയ്യുകയാണ്. പഞ്ചായത്ത് അധികൃതര്‍ സംഭവത്തില്‍ ഇടപെട്ട് വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്ത് നാടിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."