പ്രക്ഷോഭം: സര്‍ക്കാരിന് പിന്തുണ നല്‍കി ഹിസ്ബുല്ല
ബൈറൂത്ത്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായതിനു പിന്നാലെ സായുധ സംഘടനയായ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.
വാട്‌സ്ആപ്പ് വോയ്‌സ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള വിവാദ തീരുമാനം ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് ലബ്‌നാനില്‍ രാജ്യവ്യാപക പ്രക്ഷോഭമുണ്ടായത്. വാട്‌സ് ആപ്പിലും സമാന ആപ്പുകള്‍ക്കും വോയ്‌സ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് യുവാക്കളെ തെരുവിലിറക്കിയത്. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ 2020 ബജറ്റിനുള്ള കരട് നിര്‍ദ്ദേശമായാണ് ഇക്കാര്യം വന്നത്.
ഒരു ദിവസം 20 ശതമാനം നികുതി ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഫേസ് ടൈം ആപ്പിനും ഫേസ്ബുക്ക് കോള്‍ ആപ്പിനും ഇത് ബാധകമാക്കിയിരുന്നു. തലസ്ഥാനമായ ബൈയ്‌റൂത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ ലബ്‌നാന്‍ കണ്ട ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈയ്‌റൂത്തിലെ റിയാദ് അല്‍ സോല്‍ സ്‌ക്വയര്‍ ആണ് പ്രധാന പ്രക്ഷോഭ കേന്ദ്രങ്ങളിലൊന്ന്. നൂറു കണക്കിനാളുകളാണ് പതാകയേന്തി പാട്ടും മുദ്രാവാക്യങ്ങളുമായി ഇവിടെയെത്തുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാത്തതില്‍ ക്ഷുഭിതരായ ജനം തൊഴില്‍, വൈദ്യുതി, വെള്ളം എന്നീ ആവശ്യങ്ങളെല്ലാം സര്‍ക്കാരിനു മുന്നില്‍ ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വലിയ കടബാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ലബ്‌നാന്‍.
സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകുന്നതിനു മുമ്പ് രാജ്യം വിടണമെന്നും സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ലബ്‌നാനിലുള്ള സഊദി പൗരന്മാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബൈറൂത്തിലെ സഊദി എംബസി ആവശ്യപ്പെട്ടു. ലബ്‌നാനിലേക്ക് പോകുന്നതിനെതിരെ തങ്ങളുടെ പൗരന്മാര്‍ക്ക് കുവൈത്തും ഈജിപ്തും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും മന്ത്രിസഭാ യോഗം റദ്ദാക്കുകയും ചെയ്തിരുന്നു. അതേസമയം, സഊദി പൗരന്മാരായ 300 പേരെ രക്ഷപ്പെടുത്തിയതായി സഊദി എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."