ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: മണ്ഡലകാലത്ത് യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേകപൂര്‍വ്വവും പക്വവുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് ലഭിച്ച അവസരമാണ് കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതിയുടെ തീരുമാനം. വിഷയം ഇത്ര വഷളാക്കിയത് സര്‍ക്കാരാണ്. സുപ്രികോടതി വിധിയ്ക്ക് ശേഷം നടതുറക്കുമ്പോള്‍ നിയന്ത്രണം പൂര്‍ണമായും ആര്‍.എസ്.എസിന് കൈയ്യിലായിരുന്നുവെന്നും ധൃതിപിടിച്ച് വിധി നടപ്പാക്കാന്‍ എന്തിനാണ് തുനിഞ്ഞതെന്നും ചെന്നിത്തല ചോദിച്ചു.
വിധി വന്ന സമയത്ത് സര്‍വകക്ഷിയോഗം വിളിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് ബോധ്യമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മറ്റുള്ളവരുടെ സഹായം തേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ല എന്ന സാങ്കേതികത്വം പറഞ്ഞ് ശബരിമല വിഷയത്തില്‍ ഇനിയും പഴയ നിലപാടില്‍ കടിച്ചു തൂങ്ങരുത്. നാടിന്റെ വിശാലമായ താത്പര്യം കാത്തു സൂക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."