തൊഴിയൂര്‍ സുനില്‍ വധക്കേസ്: ജംഇയ്യത്തുല്‍ ഇഹ്‌സാനിയ കമാന്‍ഡര്‍ അറസ്റ്റില്‍
തിരൂര്‍: തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ കമാന്‍ഡര്‍ അറസ്റ്റിലായി. പള്ളം പുത്തന്‍ പീടിയേക്കല്‍ സുലൈമാനെയാണ് (51) ഡിവൈ.എസ്.പി കെ.എ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. പ്രതി കുറ്റസമ്മതം നടത്തുകയും സുനിലിനെ കൊലപ്പെടുത്തിയതിന്റെയും വീട്ടുകാരെ ആക്രമിച്ചുവെന്നുള്ള മൊഴിയും ക്രൈംബ്രാഞ്ചിന് മുന്നില്‍ വെളിപ്പെടുത്തി.
സുനില്‍ വധക്കേസിന്റെ അന്വേഷണം തന്നിലേക്ക് നീളുമെന്ന് മനസിലാക്കിയ പ്രതി മറ്റൊരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്. 1993-94 കാലത്ത് ചെറുതുരുത്തിയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ മോഷണക്കേസുകളില്‍ സൈതലവി അന്‍സാരിയോടൊപ്പം പ്രതിയും പങ്കെടുത്തിരുന്നു. കാരന്തൂര്‍ ഉസ്മാന്‍ മുസ്‌ലിയാരുടെ ശിഷ്യനായ സൈതലവി അന്‍സാരിയുടെ അടുത്ത സുഹൃത്താണ് സുലൈമാന്‍. ആന്ധ്രാപ്രദേശില്‍ 2014ല്‍ പുരാവസ്തുക്കള്‍ മോഷ്ടിച്ച കുറ്റത്തിന് ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
സംഘത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി കെ.എ സുരേഷ്ബാബുവിനെ കൂടാതെ പെരുമ്പടപ്പ് സി.ഐ കെ.എം ബിജു, സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ പ്രമോദ്, അജിത്കുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൊളത്തൂര്‍ സ്വദേശി പൊതുവകത്ത് ഉസ്മാനും, തൃശൂര്‍ അഞ്ചങ്ങാടി സ്വദേശി നാലകത്തൊടിയില്‍ യൂസഫലിയും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."