കാലിഫോര്‍ണിയ കാട്ടുതീ; മരണം അന്‍പതായി
വാഷിങ്ടണ്‍: നൂറ്റാണ്ടിനിടെ കാലിഫോര്‍ണിയയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം അന്‍പതായി. ഇന്നലെ എട്ടു മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.
പാരഡൈസ് നഗരത്തിലെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഉള്ളില്‍നിന്ന് ആറും മലിബുവില്‍നിന്നു രണ്ടും മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയെന്നതു പ്രയാസകരമായ ജോലിയാണെന്നു ബട്ട് കൗണ്ടി ഷരിഫ് കോറി ഹോനിയ പറഞ്ഞു.
കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഫോറന്‍സിക് വിദഗ്ധരോടൊപ്പംനൂറു നാഷനല്‍ ഗാര്‍ഡ് സൈനികരും ചേര്‍ന്നിട്ടുണ്ട്. 228 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
അടുത്ത 24 മണിക്കൂറുനുള്ളില്‍ ശക്തമായ തീ പടരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ മോശം അന്തരീക്ഷമാണാണ്ടാകുക. എന്നാല്‍, ഉച്ചയോടെ ഇതു മെച്ചപ്പെടും. കാട്ടുതീ കാരണത്താല്‍ 54,000 ഹെക്ടര്‍ പ്രദേശം തകര്‍ന്നു. 7,600 വീടുകള്‍, 8,800 കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നു. അപകട മേഖലയില്‍നിന്ന് 52,000 പേരെ രക്ഷിച്ചു. ആയിരം അഭയാര്‍ഥി ക്യാംപുകളിലാണ് ഇവര്‍ താമസിക്കുന്നത്.
കാട്ടുതീയുണ്ടായ പ്രദേശങ്ങളില്‍ അതു നിയന്ത്രണവിധേയമാക്കാന്‍ 5,615 പേര്‍ ശ്രമം തുടരുകയാണെന്ന് അഗ്നിശമനസേനാ വിഭാഗം വക്താവ് സ്റ്റീവ് കൗഫ്മാന്‍ പറഞ്ഞു. വ്യാഴാഴ്ചയോടെ കാലാവസ്ഥ പുരോഗതി പ്രാപിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, ചിലയിടങ്ങളില്‍ തീ പടരാനും സാധ്യതയുണ്ട്.
വോള്‍സേ, ഹില്‍, ക്യാംപ് ഫയര്‍ എന്നീ പേരുകളിലായി കാലിഫോര്‍ണിയയുടെ മൂന്നു മേഖലകളിലാണ് തീ നാശം വിതയ്ക്കുന്നത്. ആദ്യത്തെ രണ്ടു സംഭവങ്ങളും ലോസ് ആഞ്ചല്‍സിനു സമീപത്തും ക്യാംപ് ഫയര്‍ പാരഡൈസ് നഗരത്തിലുമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോസ് ആഞ്ചല്‍സ് നഗരത്തില്‍നിന്നു തെക്കുവടക്കു മാറി 64 കിലോമീറ്റര്‍ അകലെ തൗസന്‍ഡ് ഓക്‌സില്‍ അഗ്‌നിബാധ ആരംഭിച്ചത്.
തലസ്ഥാനമായ സാക്രമെന്റോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്ലുമാസ് ദേശീയ വനമാണ് ക്യാംപ് ഫയറിന്റെ ഉത്ഭവസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."