വീണപൂക്കളുടെ വിലാപങ്ങള്‍
#ഹംസ ആലുങ്ങല്‍
കേരളത്തില്‍ ആത്മഹത്യാനിരക്ക് കുറയുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍, കൗമാരക്കാരിലെയും യുവാക്കളിലെയും ആത്മഹത്യ കൂടുകയാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ 0.5 ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണ്. സ്വയം ജീവിതം എറിഞ്ഞുടയ്ക്കുന്നവരില്‍ 5.4 ശതമാനം ലഹരിക്കടിമകളാണ്. ഇവരുടെ പ്രായവും താരതമ്യേന കുറഞ്ഞുവരുന്നു. ലഹരി ഉപയോഗക്കാരില്‍ 40 ശതമാനത്തിന്റെയും പ്രായം 18 വയസ്സില്‍ താഴെയുമാണ്.
ആത്മഹത്യയിലെ ഏറ്റവും സുപ്രധാനമായ കാരണങ്ങളില്‍ മാനസികരോഗങ്ങള്‍ക്കു വലിയ പങ്കുതന്നെയുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികരോഗങ്ങള്‍ ആത്മഹത്യയുടെ പ്രധാന കാരണമാണെന്നു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. മുഹമ്മദ് സാദിഖ് പറയുന്നു. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ തിരച്ചറിയപ്പെടാത്ത വിഷാദരോഗമാണ് ആത്മഹത്യയെന്നും അദ്ദേഹം പറയുന്നു.
ഒരു ആത്മഹത്യ നടക്കുന്ന സമയത്ത് 20 ആത്മഹത്യാശ്രമങ്ങളാണു പരാജയപ്പെടുന്നത്. ആത്മഹത്യാപ്രവണത കാണിക്കുന്ന 50 ശതമാനത്തില്‍ നാലു ശതമാനം കുട്ടികളും പിന്നീട് ആത്മഹത്യ ചെയ്യുന്നുവെന്ന കണക്കൊക്കെ ഇപ്പോള്‍ പഴങ്കഥയാകുകയാണ്.
ദുരൂഹത നീങ്ങാതെ
ദുരന്തമരണങ്ങള്‍
മുതിര്‍ന്നവരിലെ ആത്മഹത്യക്കു ചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാറുണ്ട്. കൗമാരക്കാരുടെ ആത്മഹത്യയുടെ ശരിയായ കാരണം പുറത്തുവരുന്നേയില്ല, പലതും മൂടിവയ്ക്കപ്പെടുന്നു. ചിലര്‍ നിസ്സാരപ്രശ്‌നങ്ങളെപ്പോലും ആത്മഹത്യക്കു കാരണമാക്കുന്നു. കഴിഞ്ഞ ലോകകപ്പ് സീസണില്‍ അര്‍ജന്റീനയുടെ പരാജയത്തില്‍ മനംനൊന്തുപോലും ഒരു യുവാവ് കോട്ടയത്ത് ആത്മഹത്യ ചെയ്തു.
'എനിക്ക് ഇനി ഈ ലോകത്ത് കാണാനൊന്നുമില്ല, അതുകൊണ്ടു മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകട്ടെ. എന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല.' എന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണു കോട്ടയം അയര്‍കുന്നത്തെ ദിനു അലക്‌സ് മീനച്ചിലാറിന്റെ ആഴങ്ങളിലേയ്ക്ക് ഊളിയിട്ടത്. സദാചാരഗുണ്ടായിസത്തെ തുടര്‍ന്നു നാട്ടുകാര്‍ കെട്ടിയിട്ടു മര്‍ദിച്ചതിനെ തുടര്‍ന്നു മലപ്പുറത്തു മറ്റൊരു യുവാവ് ജീവനൊടുക്കിയത് സെപ്റ്റംബര്‍ ആദ്യമാണ്.
ഓണ്‍ലൈന്‍ തട്ടിപ്പിനെ തുടര്‍ന്നു മലപ്പുറത്തെ മലയോരത്തു മറ്റൊരു യുവാവും ഒക്‌ടോബര്‍ 30നു ജീവന്‍ വെടിഞ്ഞു. ഇതിനെല്ലാം പറയാനൊരു കാരണമുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടയിലുണ്ടായ കുട്ടികളുടെ മരണക്കണക്കു നോക്കിയാല്‍ മനസ്സിലാകും എത്ര ബാലിശമായ കാരണങ്ങളാണ് ജീവിതത്തില്‍ നിന്ന് ഓടിയൊളിക്കുന്നതിന് അവര്‍ തെരഞ്ഞെടുക്കുന്നതെന്ന്.
ദിവസങ്ങള്‍ക്കു മുമ്പാണ് വടകര തോടന്നൂരിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. പഠനസംബന്ധമായ സമ്മര്‍ദമാണെന്നാണു പ്രാഥമികനിഗമനം. ഈ മരണത്തിന്റെ തലേന്നാണു വാണിമേലില്‍ പന്ത്രണ്ടുവയസ്സുകാരന്‍ ക്രിസ്റ്റി ജീവിതമവസാനിക്കുന്നത്. മാതാവ് വഴക്കു പറഞ്ഞെന്നും പിതാവ് തല്ലിയെന്നും ഇതിലെ മനോവിഷമമാണെന്നും രണ്ടഭിപ്രായമുണ്ട്. വയനാട് സബ്കലക്ടറുടെ ഡ്രൈവര്‍ ജയശങ്കറിന്റെ മകന്‍ രാഹുലിനെ വീട്ടില്‍ ആരുമില്ലാത്ത സമയത്തു മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സഹകരണകോളജില്‍ ബി.കോം അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. മരണ കാരണം അജ്ഞാതം. കഴിഞ്ഞ മെയ് പതിനാറിനാണ് സംഭവം.
തിരുവനന്തപുരം ശ്രീകാര്യം മേലേ കളിയില്‍ വീട്ടില്‍ ശെല്‍വരാജിന്റെ മകന്‍ ചന്തുവെന്ന സിബിന്‍രാജും(16) പെരിങ്ങോട്ടുകുറുശ്ശിയിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി വിസ്മയയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി മഞ്ചേരി സ്വദേശി ഷഹല്‍ (18), വളാഞ്ചേരിയിലെ ഒന്‍പതാം ക്ലാസുകാരി ദേവികയും കാസര്‍കോട് പടന്നയിലെ സഹീറും (17) മാസങ്ങള്‍ക്കു മുമ്പ് ജീവിതം അവസാനിപ്പിച്ചവരാണ്. സഹീറിന്റെ മരണത്തില്‍ മാത്രം ചില സംശയങ്ങളുയര്‍ന്നു. ബാക്കിയുള്ളരുടെ മരണകാരണം അജ്ഞാതം.
ജീവിക്കാനുള്ള മുറവിളികള്‍
ബ്യൂട്ടിപാര്‍ലറില്‍ നടത്തിയ കേശാലങ്കാരം ശരിയാവാത്തതിലുള്ള മനോവിഷമത്തിലാണ് മൈസുരുവിലെ പതിനെട്ടുകാരി നേഹ പുഴയില്‍ ജീവിതമൊടുക്കിയത്. പാലക്കാട് മുതലമടയിലെ പതിനഞ്ചും പതിനാറും വയസുള്ള സഹോദരിമാര്‍ വിഷം കഴിച്ചത് കുടുംബത്തിലെ മുതിര്‍ന്നവര്‍ തമ്മിലെ സ്വത്തുതര്‍ക്കത്തില്‍ മനംനൊന്തായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥികളായ പരവൂരിലെ വിച്ചുവും ലിന്‍സിയും കായലില്‍ച്ചാടി മരിച്ചതിന്റെ കാരണം വ്യക്തമല്ല. വീട്ടുകാര്‍ പ്രണയബന്ധം ചോദ്യം ചെയ്യുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നു പത്തനാപുരത്തെ വീട്ടില്‍നിന്നിറങ്ങിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കല്ലടയാറ്റിലാണു കണ്ടെത്തിയത്.
തിരുവനന്തപുരത്തും തൃശൂരും നാല് കൗമാരക്കാരായ പ്രണയിനികള്‍ ആത്മഹത്യ ചെയ്തത് ഒരുമിച്ചു ജീവിക്കാന്‍ ബന്ധുക്കള്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു. കൊടുങ്ങല്ലൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അര്‍ജന്‍ ആത്മഹത്യ ചെയ്തതു പിതാവ് വഴക്കു പറഞ്ഞതിനെതുടര്‍ന്നാണ്. നെടുമങ്ങാട്ടും കുമാരനെല്ലൂരും രണ്ടു കുട്ടികള്‍ ജീവനൊടുക്കി. ഇതില്‍ ഒരാളുടെ മരണം അശ്ലീല വിഡിയോ കണ്ടത് അധ്യാപകരും സഹപാഠികളും അറിഞ്ഞതിനെ തുടര്‍ന്നും മറ്റേയാളുടേത് ഒരാളുടെ രഹസ്യബന്ധ വിവരം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുമായിരുന്നു.
മരിക്കാന്‍ ശ്രമിക്കുന്ന വ്യക്തി കടുത്ത ജീവിതകാമനയുള്ളയാളായിരിക്കും. അതുകൊണ്ട് ഓരോ ആത്മഹത്യാശ്രമവും സഹായത്തിനുള്ള ഒരുമുറവിളി കൂടിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും സാഹചര്യം മാറ്റിത്തരണമെന്നുമുള്ള മുറവിളി. അതിനൊരു പ്രതിവിധി നിശ്ചിതവേളയില്‍ ഉണ്ടാകാതിരിക്കുമ്പോഴാണു മരണം വരിക്കുന്നത്. കുട്ടികളും ഇത്തരം സഹായാഭ്യര്‍ഥന പലവിധത്തിലും നടത്തുന്നുണ്ട്. മുതിര്‍ന്നവര്‍ അതു തിരിച്ചറിയുന്നില്ല.
മനുഷ്യനു വിവേചന ബുദ്ധിയും ചിന്താശേഷിയും ഉപയോഗിക്കുന്നതിനുള്ള കഴിവുനല്‍കുന്ന തലച്ചോറിലെ പ്രീഫ്രോണ്ടല്‍ ലോബിന്റെ പ്രവര്‍ത്തനം ഇവരില്‍ വികസിക്കാത്തതിനാലാണ് കുട്ടികള്‍ എടുത്തുചാട്ടത്തിനു ശ്രമിക്കുന്നതെന്നു ഡോ. പി.എന്‍ സുരേഷ്‌കുമാര്‍ വ്യക്തമാക്കുന്നു. കുടുംബത്തിലെ ഉള്ളുതുറന്ന സംസാരം അടച്ചു കുടുംബാംഗങ്ങള്‍ സ്വന്തം സൈബര്‍ ലോകം തുറക്കുന്നു. മനസ്സില്‍ കടന്നുകൂടുന്ന പ്രശ്‌നങ്ങള്‍ അടുപ്പമുള്ളവരോടു തുറന്നു പറഞ്ഞ് ആശ്വാസം നേടാന്‍ കഴിയുന്നില്ല. ഹൃദയബന്ധം വളര്‍ത്തിയാല്‍ ആത്മഹത്യ ഇല്ലാതാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പൊലിസിനെ ഞെട്ടിച്ച തിരോധാനം
ഒരു വര്‍ഷംമുമ്പ് കാസര്‍കോട്ട് ഒരു ഗ്രാമത്തില്‍ പ്ലസ്ടുക്കാരനും എസ്.എസ്.എല്‍.സിക്കാരിയുമായ രണ്ടു കമിതാക്കള്‍ ഒളിച്ചോടി. നാടുനീളെ തെരഞ്ഞ് ചെന്നൈയിലെ ഒരു ലോഡ്ജില്‍ വച്ച് ഇവരെ പൊലിസ് കണ്ടെത്തി. ഹോട്ടല്‍ ജോലി ചെയ്തു പെണ്ണിനെ പോറ്റാന്‍ കഷ്ടപ്പെടുകയായിരുന്നു പയ്യന്‍. വാട്‌സ്ആപ്പ് പ്രണയമാണ് ഇവരെ ഈ അവസ്ഥയിലെത്തിച്ചത്. ഈ കുട്ടികളുടെ തിരോധാനമന്വേഷിച്ച പൊലിസ് അവര്‍ പോയ വഴി കണ്ടെത്താന്‍ സഹപാഠികളുള്‍പ്പെടെ സമപ്രായക്കാരായ ഇരുന്നൂറോളം കുട്ടികളുടെ മൊബൈല്‍ ഫോണ്‍വിളികളും വാട്‌സ് ആപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങളും പരിശോധിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണു കിട്ടിയത്. പെണ്‍കുട്ടിയുടെ കൂട്ടുകാരികളില്‍ ഭൂരിഭാഗം പേര്‍ക്കും പ്രണയമുണ്ടായിരുന്നു. അതില്‍ ചില ബന്ധങ്ങള്‍ അതിരുവിട്ടതായിരുന്നു. ചിലര്‍ക്ക് ഒരേ സമയം ഒന്നിലധികം പ്രണയങ്ങളുണ്ടായിരുന്നു. പല പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ അറിയാത്ത മറ്റൊരു ഫോണുണ്ടായിരുന്നു, സ്വകാര്യസല്ലാപത്തിന് കാമുകന്റെ സമ്മാനം. അതില്‍ രാപ്പകല്‍ ചാറ്റിങ്. ഫോട്ടോയും സന്ദേശങ്ങളും കൈമാറുന്നു. അതില്‍ നീലച്ചിത്രങ്ങളും കടന്നുകൂടുന്നു. ഇത്രയും വിവരങ്ങള്‍ കിട്ടിയ പൊലിസ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറയുമ്പോഴാണ് മക്കളുടെ തങ്ങളറിയാത്ത മറ്റൊരു മഖം അവര്‍ തിരിച്ചറിയുന്നത്. സൈബര്‍ കുരുക്കില്‍ കൂടുതലും വീഴുന്നത് പെണ്‍കുട്ടികളാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നതും കൂടുതലും അവരാണ്. ആണ്‍കുട്ടികള്‍ വേഗത്തില്‍ പ്രശ്‌നത്തില്‍ നിന്ന് മോചിതരാകും. പെണ്‍കുട്ടികള്‍ ഒറ്റപ്പെടലിന്റെയും തിരസ്‌കരണത്തിന്റെയും ചതുപ്പിലേയ്ക്കു വലിച്ചെറിയപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."