സില്‍ച്ചര്‍ എക്സ്പ്രസ് കോച്ചിന് മോചനം
ചെറുതുരുത്തി: സില്‍ച്ചര്‍ എക്സ് പ്രസ് കോച്ച് പാളത്തില്‍ നിന്നും മാറ്റി. കഴിഞ്ഞ ദിവസം അസമിലെ സില്‍ച്ചറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നെടുകെ പിളര്‍ന്ന നിലയില്‍ കണ്ടെത്തിയ സില്‍ച്ചര്‍ എക്സ്പ്രസിന്റെ ജീര്‍ണിച്ച് ദ്രവിച്ച കോച്ച് ആണ് ഒടുവില്‍ റെയില്‍വേ മാറ്റിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും യാത്രക്കാര്‍ക്ക് ദുരിതപര്‍വം സമ്മാനിച്ച് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കോച്ച് വഴി മുടക്കിയായി കിടന്നിരുന്നതിനാല്‍ യാത്രക്കാര്‍ അനുഭവിയ്ക്കുന്ന ദുരിതം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ രാത്രിയില്‍ കോച്ച് വള്ളത്തോള്‍ നഗറില്‍ നിന്ന് ഷൊര്ണൂരിലെത്തിച്ചത്. ഇവിടെയിട്ട് കോച്ച് പൊളിച്ച് കൊണ്ടു പോകുമെന്നാണ് റിപ്പോര്‍ട്ട്. സില്‍ച്ചര്‍ കോച്ച് വള്ളത്തോള്‍ നഗറിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കിടക്കുന്നത് മൂലം മറ്റ് ട്രെയിനുകള്‍ പ്ലാറ്റ്ഫോമില്ലാത്ത പാളത്തില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഇതു മൂലം വയോധികരാണ് ദുരിതമേറെ അനുഭവിച്ചിരുന്നത്. വന്‍ താഴ്ചയിലേക്ക് ഇറങ്ങേണ്ടി വരുമ്പോഴും കയറേണ്ടി വരുമ്പോഴുമൊക്കെ അപകടങ്ങള്‍ മുന്നില്‍ പല്ലിളിച്ച് നില്ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അതിന് പരിഹാരമായതോടെ ഏറെ ആശ്വാസത്തിലാണ് വള്ളത്തോള്‍ നഗറിലെത്തുന്ന യാത്രക്കാര്‍. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ ഭാഗമാണ് ഇപ്പോള്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ സൂക്ഷിച്ചിട്ടുള്ള കോച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."