സദാനന്ദന്‍ വധം; പ്രതികള്‍ കസ്റ്റഡിയില്‍
പുല്‍പ്പള്ളി: താഴെയങ്ങാടി 117ല്‍ ആനശ്ശേരി സദാനന്ദനെ (തങ്കമണി-59) കൊലപ്പെടുത്തിയ സംഭവത്തില്‍ വേലിയമ്പം സ്വദേശിയടക്കം രണ്ട് പേര്‍ പൊലിസ് പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സദാനന്ദനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിക്കുളളില്‍ പിടിവലി നടന്നതിന്റെയും, രക്തത്തിന്റെയും അടയാളങ്ങളാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുവാന്‍ കാരണമായത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി വീടിനുള്ളില്‍ ഒറ്റക്കായിരുന്നു സദാനന്ദന്റെ താമസം. ഭാര്യയും മക്കളും കട്ടിപ്പാറയിലുള്ള വീട്ടിലാണ് താമസം. ഇയാള്‍ വേട്ടസംഘങ്ങളുമായി ബന്ധപ്പെട്ട് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നതായി പൊലിസ് പറഞ്ഞു. സമീപവാസികളുമായി നല്ല ബന്ധത്തിലല്ലാതിരുന്നതിനാലാണ് ഇയാളുടെ കൊലപാതകം പുറംലോകമറിയുവാന്‍ വൈകിയത്. പരിസരവാസികള്‍ മൃതദേഹം കണ്ടെത്തുമ്പോള്‍ ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
മുന്‍പ് പുല്‍പ്പള്ളിയിലെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. പൊലിസ് കസ്റ്റഡിയിലുള്ള ഒരാള്‍ക്ക് തലക്ക് പരുക്കുണ്ട് പറ്റിയിട്ടുണ്ട്. സംഘട്ടനത്തിനിടയിലുണ്ടായ പരുക്കാണിതെന്നാണ് പൊലിസിന്റെ നിഗമനം. തെളിവുകള്‍ പൂര്‍ണമായതിനാല്‍ വെള്ളിയാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പുല്‍പ്പള്ളി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം സുലൈമാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."