കേരളത്തിലെ അഞ്ചിടത്തും മഹാരാഷ്ട്രയിലും ഹരിയാനയിലും പോളിങ് തുടങ്ങി; മഴമൂലം കൊച്ചിയില്‍ പോളിങ് തടസപ്പെട്ടു
തിരുവനന്തപുരം/ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിങ് ആരംഭിച്ചു. രാവിലെ അതതു മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ശങ്കര്‍ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.
അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും ഇന്നു പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. ഇന്നു തിരുവനന്തപുരം,എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ മഴകാരണം ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ 90 സീറ്റുകളിലേക്കും മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതോടൊപ്പം അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്, സിക്കിം, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും.
എല്ലായിടത്തും 24നാണ് വോട്ടെണ്ണല്‍.
bye election. updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."