പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം: നഗരസഭയ്‌ക്കെതിരേ പ്രതിഷേധം
കൊയിലാണ്ടി: പൊതു സ്ഥലങ്ങളില്‍ കുഴിയെടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന നഗരസഭയുടെ നടപടിയില്‍ പ്രതിഷേധമുയരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള നഗരമാലിന്യങ്ങളാണ് പൊതു ഇടങ്ങളില്‍ നിയന്ത്രണമില്ലാതെ കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്യുന്നത്.
ഇത് കാരണം യാത്രക്കാരും കച്ചവടക്കാരുമാണ് ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കുഴിയെടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ച നഗരസഭയുടെ നടപടിയില്‍ പൊതുജനരോഷം ഉയര്‍ന്നു.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു. മാലിന്യ സംസ്‌കരണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് ലഭിച്ചെന്ന് മേനി പറയുന്ന നഗരസഭയുടെ യഥാര്‍ത്ഥ മുഖമാണ് ഈ നടപടിയിലൂടെ വെളിപ്പെട്ടതെന്നും നേതാക്കള്‍ പറഞ്ഞു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ പോലും പൂര്‍ത്തീകരിക്കാത്ത നഗരസഭയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടും അധികൃതരുടെ കണ്ണുതുറക്കാത്തത് ആശങ്കാജനകമാണ്. അശാസ്ത്രീയവും അലക്ഷ്യവുമായ രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്ന നഗരസഭാധികൃതര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് വി.വി സുധാകരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."