ഉള്ളുരുകി പ്രാര്‍ഥിച്ച് 27ാം രാവിനെ ഭക്തിസാന്ദ്രമാക്കി വിശ്വാസികള്‍
കാസര്‍കോട്: ഉള്ളുരുകി പ്രാര്‍ഥിച്ച് റമദാനിലെ 27ാം രാവിനെ ആരാധനകള്‍ കൊണ്ട് ഭക്തിസാന്ദ്രമാക്കി വിശ്വാസികള്‍. ഇന്നലെ പുലരും വരെ 27ാം രാവിന്റെ പുണ്യം നുകരാന്‍ ആയിരങ്ങളാണ് ജില്ലയിലെ പള്ളികളില്‍ പ്രാര്‍ഥനയുമായി കഴിഞ്ഞത്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠത ഏറിയതെന്ന് വിശുദ്ധ ഖുര്‍ ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചാണ് വിശ്വാസികള്‍ ഒരു പോള കണ്ണടക്കാതെ ദീര്‍ഘനേര നിസ്കാരങ്ങളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി രാത്രിയെ പകലാക്കി മാറ്റിയത്. പ്രധാനമായും ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിക്കുന്ന രാത്രികളിലൊന്ന് റമദാന് 27ാം രാവാണ്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ പള്ളികളിലൊന്നായ തളങ്കര മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയിലടക്കം പലയിടത്തും വിശ്വാസികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. മാലിക് ദിനാര്‍ മഖാം സിയാറത്തിനായി മഹല്ലുകളില്‍ നിന്നു സ്വലാത്തുകള്‍ ഉരുവിട്ടു കൂട്ടം കൂട്ടമായി പുലരും വരെ തീര്ഥാടകരെത്തിക്കൊണ്ടേയിരുന്നു. തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പലയിടത്തും ചായ, പായസ സല്‍ക്കാരങ്ങള്‍ ഒരുക്കിയിരുന്നു.
മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളിയിലും പരിസരങ്ങളിലും വിശ്വാസികളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. മഖാം സിയാറത്തിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും തസ്ബീഹ് നിസ്കാരത്തിന് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയും നേതൃത്വം നല്കി. അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രഭാഷണവും പാപമോചനം തേടിയുള്ള ദീര്‍ഘനേരം കൂട്ടു പ്രാര്‍ഥനയുമുണ്ടായിരുന്നു. വിവിധ പള്ളികളില്‍ ഖിയാമുല്ലൈലിയും ഉണ്ടായിരുന്നു. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ച് രാത്രി മുഴുവനും പള്ളികളില്‍ തന്നെ കഴിച്ചുകൂട്ടിയ വിശ്വാസികള്‍ അല്ലാഹുവിനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചും ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകി. മുസ്ലിം ഗൃഹങ്ങളും ഇന്നലെ രാത്രി പ്രാര്‍ഥനകളാല്‍ മുഖരിതമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."