മൗലികാവകാശങ്ങള്‍ വിശ്വാസത്തിന് മുകളിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മൗലികാവകാശങ്ങള്‍ വിശ്വാസത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവിടെ വിശ്വാസമാണ് പ്രധാനമെന്ന നിലപാട് ജനാധിപത്യ സര്‍ക്കാരിനു കൈക്കൊള്ളാനാകില്ല. വിശ്വാസികളും മതനിരപേക്ഷ സമൂഹവും ഇതു മനസിലാക്കുമെന്ന് കരുതുന്നു. വിശ്വാസികള്‍ക്കും വിശ്വാസ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കുന്നതിനൊപ്പം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ സര്‍ക്കാരിനു ലംഘിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിശ്വാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പാക്കും. ബി.ജെ.പിയും പ്രതിപക്ഷവും സമാനമായ രീതിയാണ് യോഗത്തില്‍ സ്വീകരിച്ചത്. വിധി നടപ്പാക്കാനുള്ള സാവകാശത്തിനൊന്നും സര്‍ക്കാര്‍ ഇല്ല. യുവതീ പ്രവേശനത്തിന് ക്രമീകരണം ഏര്‍പ്പെടുത്താം. പാസും ഓണ്‍ലൈനില്‍ ബുക്കിങും വച്ചാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്. ചില പ്രത്യേക ദിവസങ്ങള്‍ ഇതിനായി മാറ്റിവയ്ക്കാന്‍ വേണ്ടപ്പെട്ടവരോട് ആവശ്യപ്പെടുമെന്ന് യോഗത്തില്‍ താന്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷനേതാവിനും ബി.ജെ.പി പ്രസിഡന്റിനും അതുള്‍ക്കൊള്ളാനായിട്ടില്ല. അവര്‍ക്ക് നല്ല ബുദ്ധിയുണ്ടാകട്ടെ എന്നാശിക്കുന്നു. സുപ്രിംകോടതിവിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ വേറെ വഴികളില്ല. പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി വിധി പ്രകാരം അവകാശമുണ്ട്. അതിനു ക്രമീകരണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."