മാറിമറിഞ്ഞ് കാലാവസ്ഥ; റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു
ന്യൂനമര്‍ദങ്ങള്‍ ശക്തിപ്രാപിക്കുന്നു
തിരുവനന്തപുരം: കാലാവസ്ഥ മാറിമറിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു.
ഇന്നലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും എട്ടിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നെങ്കിലും ഇടുക്കിയിലെ ഓറഞ്ച് അലര്‍ട്ട് ഒഴികെ മറ്റെല്ലാം രാവിലെയോടെ പിന്‍വലിച്ചു.
പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രംനല്കി. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
അതേസമയം, മധ്യഅറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴിക്കൊപ്പം രൂപപ്പെട്ട രണ്ടു ന്യൂനമര്‍ദവും ശക്തിപ്രാപിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വെള്ളിയാഴ്ചയോടെ കൂടുതല്‍ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍ തീരത്തേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ തെക്കന്കേരളത്തില് മഴകുറയുകയും വടക്കന്‍ കേരളത്തിലും പശ്ചിമതീരത്തും മഴ കൂടുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് കടക്കും. ഇവ രണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."