റേഷന്‍ സബ്‌സിഡി വേണോ? എങ്കില്‍ 'ഞാന്‍ ദരിദ്രനാണെന്ന' ബോര്‍ഡ് വയ്ക്കണം
ജയ്പൂര്‍: രാജസ്ഥാനില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള റേഷന്‍ സബ്‌സിഡി ലഭിക്കുന്നവരുടെ വീടുകളുടെ ചുമരുകളില്‍ 'ഞാന്‍ ദരിദ്രനാണ്' എന്ന് സൂചിപ്പിച്ച് സര്‍ക്കാര്‍ വക ബോര്‍ഡ്.
റേഷന്‍ കടകള്‍ വഴി നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഇത്തരത്തില്‍ വീടുകളില്‍ എഴുതി വയ്ക്കണമെന്നാണ് മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആവശ്യം.
ഞാന്‍ ദരിദ്രനാണ്, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള സര്‍ക്കാര്‍ റേഷന്‍ സ്വീകരിക്കുന്നുവെന്നാണ് മഞ്ഞ പ്രതലത്തില്‍ ചുവന്ന അക്ഷരത്തില്‍ പട്ടിണിപ്പാവങ്ങളുടെ വീടുകളുടെ ചുവരുകളില്‍ എഴുതി വയ്ക്കുന്നത്.
സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പാവങ്ങളെ അവഹേളിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്ന വിമര്‍ശം രൂക്ഷമായിട്ടുണ്ട്. ദരിദ്രരേയും സമ്പന്നരേയും വേര്‍തിരിക്കുന്ന ഈ നടപടി രാജസ്ഥാനിലെ ദൗസ ജില്ലയിലെ ഒന്നര ലക്ഷത്തിലേറെ വീടുകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.
സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ സര്‍ക്കാര്‍ തന്നെ അപമാനിക്കുന്ന നടപടിയാണ് ഇതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. വീടുകള്‍ക്ക് മുന്നിലൂടെ പോകുന്നവരെല്ലാം പെയിന്റിങ് നോക്കി പരിഹസിക്കുന്നതായി ഗ്രാമീണര്‍ പറയുന്നു.
പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് 15 കിലോ ഗോതമ്പാണ് നല്‍കുന്നത്. അതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ ചുമര്‍ വൃത്തികേടാക്കിയത്. ദരിദ്രരെ പരിഹസിക്കുകയാണ് സര്‍ക്കാരെന്നും നാട്ടുകാര്‍ പറയുന്നു.
പട്ടിണിപ്പാവങ്ങളെ സര്‍ക്കാര്‍ പരിഹസിക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് വാങ്ങിക്കാനുള്ള നിയമപരമായ അവകാശം അവര്‍ക്കുണ്ട്. ഇത് സര്‍ക്കാരിന്റെ അനുകമ്പയുടെ അടിസ്ഥാനത്തിലുള്ളതല്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സര്‍ക്കാരുകള്‍ പാവങ്ങള്‍ക്കെതിരാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
പാവങ്ങളെ അവഹേളിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. എന്നാല്‍ സബ്‌സിഡി ലഭ്യമാകാതെ പോകുന്നതിനുള്ള മാര്‍ഗമെന്ന നിലയിലാണ് ഇതെന്നാണ് സംസ്ഥാന ബി.ജെ.പി നേതാവ് ദീപക് ജോഷിയുടെ ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."