ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവമ്പാടി: ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . വരതായില്‍ റഷീദ് (34) ആണ് മരിച്ചത്. പൊയിലിങ്ങാപുഴ പാലത്തിന് സമീപമാണ് സംഭവം. തൊട്ടടുത്ത് ഇയാളുടെ ബൈക്കും ഉണ്ട്. അപകട മരണമാണെന്ന് തോന്നിക്കുമെങ്കിലും അപകടത്തിന്റെ യാതൊരു ലക്ഷണവും സ്ഥലത്ത് കാണാത്തത് നാട്ടുകാരില്‍ സംശയമുളവാക്കുന്നു. പുന്നക്കല്‍ മധുരമൂല സ്വദേശിയായ റഷീദിന് ഇതുവഴി വരേണ്ട ആവശ്യമില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രി 8ന് പുന്നക്കല്‍ അങ്ങാടിയില്‍ ഇയാളെ കണ്ടവരുണ്ട്. ഇന്നലെ പുലര്‍ച്ചെ 5ന് ടാപ്പിംഗ് തൊഴിലാളിയാണ് ബൈക്കും തൊട്ടടുത്ത് കിടക്കുന്ന റഷീദിനേയും കണ്ടത്. ഉടന്‍ തന്നെ വാര്‍ഡ് അംഗത്തെയും തിരുവമ്പാടി പൊലിസിലും വിവരമറിയിക്കുകയായിരുന്നു. എസ്.ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് തവണ പുഴയിലേക്ക് ഇറങ്ങിപ്പോയ പൊലിസ് നായ പിന്നീട് ഏറെ ദൂരം മുന്നോട്ട് പോയി പാലത്തിന് അക്കരെയുള്ള വീടിന് സമീപം നിന്ന് തിരിച്ചു വരികയായിരുന്നു.
പരേതനായ അലവിയാണ് പിതാവ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്ത് (പൂളപ്പൊയില്‍). സഹോദരങ്ങള്‍: ഖാലിദ് (കൂടരഞ്ഞി ), അബു ( പുന്നക്കല്‍), നസീമ (അടൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."