പി.എസ്.എല്‍.വി-സി38 ഉപഗ്രഹ വിക്ഷേപണം: കൗണ്ട് ഡൗണ്‍ തുടങ്ങി
ചെന്നൈ: ഐ.എസ്.ആര്.ഒ യുടെ പുതിയ ദൗത്യമായ പി.എസ്.എല്‍.വി-സി38 ഉപഗ്രഹ വിക്ഷേപണത്തിന്റെ 28 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 5.29 നാണ് 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി-സി38 കുതിക്കുക. വിദേശരാജ്യങ്ങളുടേതുള്പ്പടെയാണ് 31 ഉപഗ്രഹങ്ങള്‍. 712 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോസാറ്റ് 2 സീരീസ് ഉപഗ്രഹത്തിനൊപ്പമാണ് മറ്റ് 30 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുക. 243 കിലോഗ്രാമാണ് ചെറു ഉപഗ്രഹങ്ങളുടെ ആകെ ഭാരം. പി.എസ്.എല്‍.വി- സി 38 വഹിക്കുന്ന ആകെ ഭാരം 955 കിലോഗ്രാമാണ്.
ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ലാറ്റ്വിയ, ലിത്വാനിയ,സ്ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടേതാണ് പി.എസ്.എല്‍.വി-സി38 വിക്ഷേപിക്കുന്ന നാനോ ഉപഗ്രഹങ്ങള്‍. ഇവയ്ക്കൊപ്പം ഇന്ത്യയുടെ തന്നെ ഒരു നാനോ ഉപഗ്രഹവും വിക്ഷേപിക്കുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ തക്കല നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി നിര്‍മിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റ് എന്ന നാനോ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിക്കുന്ന ഇന്ത്യയുടെ ചെറു ഉപഗ്രഹം. ദുരന്ത നിവാരണം, കൃഷി മേഖലകളിലാണ് ഈ ഉപഗ്രഹത്തിന്റെ സേവനം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."