കൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെ ചോദ്യം ചെയ്യുന്നു. സിലി വധക്കേസിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും അച്ഛന് സക്കറിയെയും ജോളിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.സിലി മരിച്ച ശേഷം വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്നും ഇവര്‍ മൊഴി നല്കി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു. ഈ ആഭരണങ്ങളാണ് ഷാജുവിന് കൈമാറിയതെന്ന് ജോളി വ്യക്തമാക്കി.
മരണസമയത്ത് സിലി ധരിച്ചിരുന്ന സ്വര്‍ണവും സിലിയുടെ കൈവശം നേരത്തെയുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് ബന്ധുക്കള്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
അതേസമയം, കേസില്‍ ഒന്നാംപ്രതിയായ ജോളിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ് ഇന്ന് നടക്കുക. താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. ഇന്നലെ 11 മണിക്കൂറിലധികം അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളിയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയും ചോദ്യം ചെയ്യല്‍ തുടരും. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പ്. വരും ദിവസങ്ങളില്‍ കട്ടപ്പനയില്‍ തെളിവെടുപ്പ് നടത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുണ്ട്. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."