കൂട്ട് വര്‍ണങ്ങളോടൊപ്പം; ഇരട്ടകളായ വേദജയും മേധജയും വിസ്മയമാകുന്നു
വി.പി മുഹമ്മദ് അലി
പട്ടാമ്പി: കിട്ടിയ കടലാസ് തുണ്ടുകളില്‍ നിറം ചാര്‍ത്തി വരക്കുന്ന കുഞ്ഞിളം കൈകളില്‍ വിരിയുന്നത് വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍. വട്ടേനാട് ഗവ.ഹൈസ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥി ഇരട്ടകളായ വേദജയും മേധജയുമാണ് സ്കൂളിനും നാടിനും അഭിമാനമാകുന്നത്.
ചെറുപ്രായത്തില്‍ തന്നെ ചിത്രകലയില്‍ മികവുപുലര്‍ത്തിയ മിടുക്കികള്‍ക്ക് ഇതിനകം തന്നെ നിരവധി അംഗീകാങ്ങളും ലഭിച്ചിട്ടുണ്ട്. ചുമര് ചായാചിത്രങ്ങളും പെന്‍സില്‍ ചിത്രങ്ങളും വാട്ടര്‍ കളറുകളും ഛായാചിത്രങ്ങളും പെയിന്റിങ്ങുകളുമായി വീട്ടിലെ ചുമരുകളും ക്ലാസ് റൂമിലെ ചുമരിലും വരച്ചിട്ടിരിക്കുന്നത് ആരെയും കൗതുകമുണര്‍ത്തും. ചിത്ര രചനാ മത്സരവേദികളില്‍ എന്നും ഒന്നാം സ്ഥാനം പങ്കിടുന്ന ഇവര്‍ക്ക് വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസകളും അനുമോദനവും ലഭിച്ചിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രദര്‍ശനം നടത്തിയ മിക്ക ചിത്രങ്ങളും ഇവരുടേതായിരുന്നു.
നിറകൂട്ടുകളെ സ്നേഹിച്ചും ചേര്‍ത്ത് പിടിച്ചും പഠനത്തിന് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ജന്മസിദ്ധിയായി കിട്ടിയ കഴിവുകള്‍ തെളിയിച്ച്്് കൂട്ടുകാര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും താരമാകുകയാണ് വേദജയും മേധജയും. ചിത്രകലയില്‍ കൂടുതല്‍ മികവ് പുലര്‍ത്താനും മുന്നേറാനും വീട്ടില്‍ പരിശീലനം നടത്തുന്നുണ്ടെന്ന് അമ്മ പറഞ്ഞു. പിലാക്കാട്ടിരി പെരുമ്പള്ളിമനയിലെ ഗണേശന് നമ്പൂതിരിയുടെയും സ്മിത ദമ്പതികളുടെ മക്കളാണ് വേദജയും മേധജയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."