അഗ്രഹാരവീഥികളെ വലംവക്കുന്ന രണ്ടാം നമ്പര്‍ ബസിന് തേരുനാളുകളില്‍ വഴിമാറും
പാലക്കാട്: കാലങ്ങളായി കല്‍പ്പാത്തിയുടെ അഗ്രഹാരവീഥികളെ വലംവച്ചു പ്രയാണം നടത്തുന്ന രണ്ടാം നമ്പര്‍ ബസിന് തേരുനാളുകളില്‍ വഴിമാറും. ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ പെട്രോള്‍ പമ്പില്‍നിന്നും ആരംഭിക്കുന്ന രണ്ടാം നമ്പര്‍ ബസ് ചാത്തപ്പുരം, കല്‍പാത്തി, മാട്ടുമന്ത, പുത്തൂര്‍, കല്ലേപ്പുള്ളി വഴി പാലക്കാട് ടൗണിലെത്തി നൂറണി വെണ്ണക്കര വഴി തിരുനെല്ലായിലെത്തി തിരിച്ച് ഇതുവഴി തന്നെ ഒലവക്കോടെത്തും.
നേരത്തെ പാലക്കാട് നഗരത്തില്‍ സര്‍വിസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും നമ്പര്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരങ്ങളില്‍ ഈ നമ്പര്‍ സാവിധാനമില്ലാതാവുകയാണ്. ഇപ്പോള്‍ ഒന്നോ രണ്ടോ ബസുകളില്‍ മാത്രമാണ് നമ്പര്‍ ഉള്ളത്. എന്നാല്‍ അഗ്രഹാരവീഥികളിലൂടെ സര്‍വിസ് നടത്തുന്ന രണ്ടാം നമ്പര്‍ ബസിന് തേരുകാലമായാല്‍ വഴിമാറേണ്ടിവരും.
തേരിനു മുന്‍പേ അഗ്രഹാരവീഥികളില്‍ തേരുകടകളുടെ ആരംഭിക്കും. മാത്രമല്ല തേരുകഴിഞ്ഞാലും തേരുകടകള്‍ ഒരു മാസത്തോളം ഇവിടെതന്നെയുണ്ടാകും. എന്നാല്‍ നോട്ടു നിരോധനവും ജി.എസ്.ടിയുമൊക്കെ ഉണ്ടാക്കിയ സാമ്പത്തികാഘാതം ഈ വര്‍ഷത്തെ തേരുകടകളുടെ വ്യാപാരം കുറച്ചു. അതിനാല്‍ തേരുകഴിഞ്ഞ് രണ്ടാഴ്ചയോളമെങ്കിലും ഇവര്‍ ഇവിടെതന്നെയുണ്ടാകും. രണ്ടാം നമ്പര്‍ ബസ് ചാത്തപ്പുരത്തുനിന്നും കല്‍പാത്തിയിലേയ്ക്കു തിരിയാതെ ശേഖരീപുരം ബൈപ്പാസ് വഴി പുത്തൂര്‍ കല്ലേപ്പുള്ളി വഴിയാണ് സര്‍വിസ് നടത്തുക. തിരുനെല്ലായിയില്‍നിന്നും ഒലവക്കോടേക്കും തിരിച്ച് കല്ലേപ്പുള്ളിയില്‍നിന്നും ഒലവക്കോടേയ്ക്കുമുള്ള ഏക ബസാണ് രണ്ടാം നമ്പറെന്നിരിക്കെ ഇതില്‍ സ്ഥിരയാത്രക്കാര്‍ തീര്‍ത്തും ബുദ്ധിമുട്ടിലാകും. രണ്ടാം നമ്പറുള്ള രണ്ട് ബസുകളാണ് അങ്ങോട്ടുമിങ്ങോട്ടും സര്‍വിസ് നടത്തുന്നത്. പാലക്കാടിന്റെ മഹാനഗരത്തെയും കല്ലേപ്പുള്ളിയേയും തിരുനെല്ലായി ഗ്രാമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ടാം നമ്പറിന്റെ പ്രയാണത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും കാലമേറെ കഴിഞ്ഞിട്ടും പ്രശസ്തിക്കു ഭംഗംവന്നിട്ടില്ല. തിരക്കേറിയ നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ ഓരോ മണിക്കൂറിടവിട്ട് കടന്നുപോകുന്ന രണ്ടാം നമ്പറിന്റെ സമയം സ്ഥിരം യാത്രക്കാര്‍ക്കു സുപരിചിതമാണ്. ഒലവക്കോട്‌നിന്നും കല്ലേപ്പുള്ളി ചന്തയ്ക്കും പാലക്കാടുനിന്നും വെണ്ണക്കരയിലെ ഐ.എസ്.എസ്.എഫ് ഓയിലേയ്ക്കും മാറിക്കയറാതെ പോകണമെങ്കില്‍ രണ്ടാം നമ്പര്‍ ബസ് തന്നെ വേണം. കാലമേറെ കഴിഞ്ഞിട്ടും ഈ ഉലകം ചുറ്റും വാലിബന് ഡീസല്‍ വിലയും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും ബാധിച്ചിട്ടില്ല. ഹര്‍ത്താല്‍ ദിനത്തില്‍ മാത്രം മുടങ്ങുന്ന ഈ രണ്ടാം നമ്പറിന്റെ പ്രയാണം കല്‍പാത്തിയിലെ രഥോത്സവനാളില്‍ മാത്രം അഞ്ച് നാളുകള്‍ വഴിമാറേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."