തെങ്കര പഞ്ചായത്തില്‍ ഇനി യു.ഡി.എഫ് - എല്‍.ഡി.എഫ് ഭരണം
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് ഇനി യു.ഡി.എഫ് ഭരിക്കും. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. മുസ്്‌ലിം ലീഗ് അംഗം എ. സലീനയാണ് പുതിയ പ്രസിഡന്റ്. എട്ട് വോട്ട് വീതമാണ് യു.ഡി.എഫ് അംഗം എ. സലീനക്കും, എല്‍.ഡി.എഫ് അംഗം കെ. സാവിത്രിക്കും ലഭിച്ചത്. തുടര്‍ന്ന് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഭരണം യു.ഡി.എഫിന് അനുകൂലമാവുകയായിരുന്നു. എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ സി.പി.എം ഏഴ്, സി.പി.ഐ ഒന്ന്, മുസ്്‌ലിം ലീഗ് അഞ്ച്, കോണ്‍ഗ്രസ് രണ്ട്, ബി.ജെ.പി ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയ വിജയത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് ഭരണം അട്ടിമറിക്കപ്പെടുകയാണുണ്ടായത്.
ഇതോടെ പ്രസിഡന്റ് കെ. സാവിത്രിക്കും, വൈസ് പ്രസിഡന്റ് സി.എച്ച് മുഹമ്മദിനും അധികാരം നഷ്ടപ്പെട്ടു. സന്ദര്‍ഭം മുതലെടുക്കാനുള്ള തീവ്ര ശ്രമമായിരുന്നു തുടര്‍ന്ന് യു.ഡി.എഫില്‍. നിലവില്‍ മേഖലയിലെ സി.പി.എം സി.പി.ഐ ചേരിപ്പോര് ഭരണ അട്ടിമറിക്ക് വിനയാവുകയായിരുന്നു. പൊതുവികാരം കണക്കിലെടുത്ത് ബി.ജെ.പിയും യു.ഡി.എഫിനൊപ്പം നിലകൊള്ളുമെന്നായിരുന്നു ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന സൂചന. എന്നാല്‍ പ്രസിഡന്റ് വോട്ടെടുപ്പില്‍ ബി.ജെ.പി വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. പാര്‍ട്ടി വിപ്പ് ലംഘിച്ച സി.പി.ഐ അംഗം പ്രസന്ന യു.ഡി.എഫിനൊപ്പം നിന്നതോടെ ഭരണം യു.ഡി.എഫ് പിടിച്ചടക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ വിട്ട് നില്‍ക്കാനുള്ള കാരണം എന്തെന്ന ചോദ്യത്തിന് ആശയപരമായി യോജിക്കാനാവില്ലെന്നും, പാര്‍ട്ടി തീരുമാനപ്രകാരമാണ് താന്‍ വിട്ട് നിന്നതെന്നും ബി.ജെ.പി അംഗം സുകുമാരന്‍ പറഞ്ഞു.
തുടര്‍ന്ന് ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം സ്വതന്ത്ര അംഗം സി.എച്ച്. മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിന് സമാനമായാണ് ആവര്‍ത്തിച്ചെങ്കിലും നറുക്കെടുത്തതിലൂടെ സി.പി.എം പിന്തുണയോടെ മത്സരിച്ച സി.എച്ച് മുഹമ്മദിന് അനുകൂലമാവുകയായിരുന്നു. ഇതിലും സി.പി.ഐ അംഗം യു.ഡി.എഫിനെ പിന്തുണക്കുകയും ബി.ജെ.പി അംഗം വിട്ടുനില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രസിഡന്റ് എ.സലീന പുതിയ വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വേര്‍തിരവില്ലാതെ ജനങ്ങളെ സേവിക്കുമെന്നും പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി ഒറ്റകെട്ടായി പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് എ.സലീന മാധ്യമങ്ങളോട് പറഞ്ഞു.
അവിശ്വാസ പ്രമേയ വിജയത്തെ തുടര്‍ന്ന് തെങ്കര പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ അംഗം യു.ഡി.എഫിന് അനുകൂല നിലപാട് എടുത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് തെങ്കരയില്‍ പ്രതിഷേധ പ്രകടനം നടന്നു. തെരഞ്ഞെടുപ്പില്‍ സി.പി.ഐ രാഷ്ട്രീയ കുതിര കച്ചവടം നടത്തിയതായി സി.പി.എം അംഗങ്ങള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."