ശനിയാഴ്ച പ്രവൃത്തിദിനം നടപടി ശരിയല്ലെന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍
ഇരിക്കൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധിക അധ്യയനദിവസം ഏര്‍പ്പെടുത്തിയത് വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയെന്ന് അധ്യാപകര്‍. കഴിഞ്ഞ ദിവസമാണ് നാലു ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളാക്കി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 200 അധ്യയനദിനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം. ഓഗസ്റ്റ് 6, 27 ഒക്‌ടോബര്‍ 15, ജനുവരി 28 എന്നീ ശനിയാഴ്ചകളിലാണ് അധിക അധ്യയനം നടത്തേണ്ടത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷമാണ് ശനിയാഴ്ചകള്‍ ഒഴിവാക്കിയത്. പകരം അഞ്ചു ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും അധികസമയം ഉള്‍പ്പെടുത്തിയിരുന്നു. ഈസമയം കൂടി ഉള്‍പ്പെടുത്തിയാല്‍ 39 ദിവസത്തിന് തുല്യമാണെന്ന് അധ്യാപകര്‍ പറയുന്നു. ഹയര്‍സെക്കന്‍ഡറി മേഖലയെ കുറിച്ചു പഠിച്ച ലബ്ബ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ശനിയാഴ്ച പ്രവൃത്തിദിനത്തില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ധാരണയില്‍ നിന്നും മാറി പുതിയ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയില്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോ. ഭാരവാഹികള്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."