റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനെ പൊലിസുകാരന്‍ കുത്തിക്കൊലപ്പെടുത്തി
കാസര്‍കോട്: റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനെ പൊലിസുകാരന്‍ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജര്‍ മുളിയാര്‍ ശാന്തിനഗറിലെ ഇടയില്ലം മാധവന്‍ നായരാണ് (68) കുത്തേറ്റു മരിച്ചത്. ഇയാളുടെ ഭാര്യാ സഹോദരിയുടെ മകനും കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ പൊലിസുകാരനുമായ ശ്യാം(36) ആണ് മാധവന്‍ നായരെ കുത്തിക്കൊലപ്പെടുത്തിയത്.
ഇന്നുച്ചക്ക് മാധവന്റെ മുളിയാര്‍ പന്ത്രണ്ടാം മൈല്‍ പ്രദേശത്തെ വീട്ടിലാണ് സംഭവം. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് ആദൂര്‍ പൊലിസ് പറഞ്ഞു. ഉച്ചയ്ക്ക് മാധവന്റെ വീട്ടിലെത്തിയ ശ്യാം വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി മാധവനെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ മാധവനെ ഉടന്‍ തന്നെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. 10 വര്‍ഷം മുമ്പാണ് മാധവന്‍ ജില്ലാ ബാങ്കില്‍ നിന്നും വിരമിച്ചത്. ഇതിന് ശേഷം ജില്ലാ ബാങ്ക് ഡയരക്ടറായും പ്രവര്‍ത്തിച്ചു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."