വി.സി അനുമതി നിഷേധിച്ചു; കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ ദേശീയപാതയോരത്ത് സമ്മേളനം നടത്തി
പെരിയ: കാംപസിനകത്ത് സമ്മേളനം നടത്തുന്നതിന് അനുമതി ലഭിക്കാത്തതിനാല്‍ കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ ദേശീയപാതയോരത്ത് സമ്മേളനം നടത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേന്ദ്ര സര്‍വകലാശാല അധ്യാപക സംഘടന(സി.യു.കെ.ടി.എ)യുടെ നേതൃത്വത്തില്‍ റോഡരികില്‍ പൊതുയോഗം സംഘടിപ്പിച്ചത്. വൈസ് ചാന്‍സിലര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ മുപ്പതോളം അധ്യാപകര്‍ ദേശീയപാതയോരത്ത് സമ്മേളനം നടത്തുകയായിരുന്നു.
പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബി.ജെ.പി അനുകൂലികളല്ലാത്ത സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അധ്യാപകരുടെ അവകാശങ്ങളും സംബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാംപസിനകത്ത് ചടങ്ങ് നടത്തുന്നതിന് വൈസ് ചാന്‍സിലര്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും വി.സിയുടെ പ്രത്യേക രാഷ്ട്രീയ അജന്‍ഡയാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നും അധ്യാപകര്‍ പറഞ്ഞു.
ഇന്ത്യയിലെ മറ്റൊരു സര്‍വകലാശാലയിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച കേന്ദ്ര സര്‍വകലാശാല അധ്യാപക സംഘടനകളുടെ അഖിലേന്ത്യാ കോണ്‍ഫെഡറേഷന്‍ അധ്യക്ഷ നന്ദിത നാരായണന്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ കേന്ദ്ര സര്‍വകലാശാലയിലുമുള്ള അന്‍പതിനടുത്ത് വരുന്ന അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റീസ് ടീച്ചേഴ്‌സ് അസോസിയേഷന്റെ അധ്യക്ഷയാണ് നന്ദിത നാരായണന്‍. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിന് വേണ്ടിയാണ് അവര്‍ കാസര്‍കോട് പെരിയയിലെ കേന്ദ്രസര്‍വകലാശാല ആസ്ഥാനത്തെത്തിയത്.
കേരളത്തിലെ സര്‍വകലാശാലയില്‍ നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായതില്‍ നന്ദിതാ നാരായണന്‍ അത്ഭുതം പ്രകടിപ്പിച്ചു. കേന്ദ്ര സര്‍വകലാശാലകളിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലുംപെട്ട അധ്യാപകരുള്ള സംഘടനയ്ക്കു കാംപസിനകത്തു പരിപാടി നടത്താനുള്ള അനുമതി നിഷേധിച്ചതിനു പിന്നിലെ കാരണമെന്തെന്നു വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.
അതേ സമയം അധ്യാപക സംഘടനകളെ സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്നും ഇതിനു പുറമെ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നത് ദേശീയ സംഘടനയുടെ പ്രതിനിധിയാണെന്നും ഇക്കാരണത്താല്‍ കാംപസിനകത്ത് യോഗം നടത്താന്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നുമാണ് സര്‍വകലാശാല അധികൃതര്‍ അധ്യാപകരോട് വ്യക്തമാക്കിയത്.
ഇന്ത്യയിലെ ഒരു സര്‍വകലാശാല കാംപസിലും ഇത്തരം വിലക്കില്ലാതിരുന്നിട്ടും കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടായത് അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."