കശ്മിരിലെ നിയന്ത്രണം എത്ര കാലത്തേക്കെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കശ്മിരിലെ നിയന്ത്രണം എത്രകാലത്തേക്കാണെന്ന് വ്യക്തമായി അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി. കശ്മിരിലെ നിയന്ത്രണങ്ങള്‍ക്കെതിരായ ഹരജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അവലോകനം വേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. കശ്മിരിലെ 99 ശതമാനം സ്ഥലത്തെയും സഞ്ചാരനിയന്ത്രണം പിന്‍വലിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ജമ്മു കശ്മിര്‍ ഹൈക്കോടതി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരജിക്കാര്‍ക്ക് കോടതിയില്‍ എത്താന്‍ കഴിയുന്നില്ലെന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
കശ്മിര്‍ ടൈംസിന്റെ അനുരാധ ബാസിന്‍, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കുട്ടികളെ തടവിലാക്കുന്നതിനെതിരേ കോടതിയെ സമീപിച്ച എന്‍കാശി ഗാംഗുലി എന്നിവരുടെ ഹരജികളാണ് കോടതി ഇന്നലെ പരിഗണിച്ചത്. ലാന്‍ഡ് ലൈനുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
ഒക്‌ടോബര്‍ 14 മുതല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സര്‍വിസുകളും ആരംഭിച്ചു. ജമ്മു, ലഡാക്ക്, കുപ്‌വാര എന്നിവിടങ്ങളില്‍ എല്ലാ ഫോണുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യസുരക്ഷയും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഭക്ഷ്യവിതരണം, മരുന്നുകളുടെ ലഭ്യത, മറ്റു അവശ്യസാധനങ്ങള്‍, ആശുപത്രികളുടെ പ്രവര്‍ത്തനം തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്.
നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ കോപ്പികള്‍ കക്ഷികള്‍ക്ക് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിന്റെ കാരണം കൂടി വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ആര്‍. സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."