ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കായിക രംഗത്ത് കേരളത്തിന് നേട്ടം സ്വന്തമാക്കാം: തോമസ് ഐസക്
തിരുവനന്തപുരം: ഒളിംപിക്‌സ് മെഡല്‍ നേടാന്‍ കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് . അന്താരാഷ്ട്ര ഒളിംപിക്ക് ദിനാഘോഷവും കൂട്ടയോട്ടവും അവാര്‍ഡ് വിതരണവും കവടിയാര്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ തലം മുതല്‍ കഴിവുള്ളവരെ കണ്ടെത്തി കായിക രംഗത്ത് പ്രോത്സാഹനം നല്‍കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി കായിക മേഖലയ്ക്കുള്ള വിഹിതത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പുത്തന്‍ കായിക സംസ്‌കാരത്തിന് രൂപം നല്‍കാനും നേട്ടത്തിന്റെ ഉന്നതിയിലെത്താനും കേരളത്തിനാകും. ഒളിംപിക്ക് ദിനാഘോഷം ഇത്തരം ശ്രമങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിനും വര്‍ഗീയതയ്ക്കുമെതിരായ ഐക്യമുണ്ടാക്കാന്‍ ഒളിംപിക്ക് ദിനാഘോഷമുയര്‍ത്തുന്ന സന്ദേശം സഹായകമാകട്ടെയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ചടങ്ങില്‍ ഒളിംപ്യന്‍ സുരേഷ്ബാബുവിന്റെ പേരിലുള്ള അവാര്‍ഡ് കെ.എം ബിനുവിനും, കായിക രംഗത്തെ സമഗ്ര സംഭാവന നല്‍കിയ വിദേശ മലയാളിക്കുള്ള പുരസ്‌കാരം മുക്കോട്ട് സെബാസ്റ്റ്യനും, മാധ്യമ അവാര്‍ഡുകള്‍ ടി രാജന്‍ പൊതുവാള്‍ (മാതൃഭൂമി), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ്), സിന്ധുകുമാര്‍ (മനോരമ ന്യൂസ്), അന്‍സാര്‍ എസ് രാജ് (കേരളകൗമുദി), ജി പ്രമോദ് (ദേശാഭിമാനി) എന്നിവര്‍ക്കും സമ്മാനിച്ചു.
മേയര്‍ വി.കെ പ്രശാന്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഒളിംപ്യന്‍ കെ.എം ബീനാമോള്‍, മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടി, ജില്ലാ ഒളിംപിക്ക് അസോസിയേഷന്‍ പ്രസിഡന്റ് കരമന ഹരി സംബന്ധിച്ചു. കൂട്ടയോട്ടത്തിന്റെയും റാലിയുടേയും സമാപനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ ജില്ലാ ഒളിംപിക്ക് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."