കളരിയുടെ ഹേമലത
#രാധാകൃഷ്ണന്‍ ഒള്ളൂര്‍
ഹേമലത ഗുരുക്കള്‍. വീട്ടമ്മയായ വനിതാ ഗുരുക്കള്‍. ഇപ്പോള്‍ നിരവധി വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കളരിയുടെ ചുവടുകള്‍ പഠിപ്പിച്ചും വായ്ത്താരികള്‍ ചൊല്ലിക്കൊടുത്തും സംരക്ഷണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നു. കോഴിക്കോട് ബാലുശ്ശേരി മുക്കില്‍ വീടിനോട് ചേര്‍ന്ന ശ്രീശാസ്ത കളരിത്തട്ടില്‍ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഹേമലത ഗുരുക്കള്‍ കളരി പഠിപ്പിച്ചുകൊടുക്കുന്നത്. കോഴിക്കോട് ജില്ലയിലെ കളരി അസോസിയേഷന്റെ ഏക അംഗീകൃത വനിതാ ഗുരുക്കളാണ് ഹേമലത.
വര്‍ത്തമാന കലുഷിതമായ സാഹചര്യങ്ങളില്‍ പെണ്ണുങ്ങളെല്ലാം കളരിപോലുള്ള ഒരു അഭ്യാസമുറയെങ്കിലും പഠിക്കണമെന്നാണ് ഹേമലത പറയുന്നത്. അതു സ്വയം പ്രതിരോധത്തിനു മാത്രമല്ല, തങ്ങളുടെ ശാരീരിക മികവിനും മാനസിക ധൈര്യത്തിനും ഏറെ ഉപകാരപ്പെടുമെന്നാണ് അവരതിനു പറയുന്ന ന്യായം. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് തന്റെ കളരിത്തട്ടിലേക്ക് അമ്മമാരെ കളരി പഠിക്കാനായി ഹേമലത ക്ഷണിക്കുന്നത്. അന്‍പതിലധികം പേര്‍ ഹേമലതയ്ക്കു കീഴില്‍ ഇപ്പോള്‍ കളരിയഭ്യസിച്ചുവരുന്നുണ്ട്. നിരവധി പേര്‍ അഭ്യാസം പൂര്‍ത്തിയാക്കി പുറത്തുപോയി. പുതിയതായി അമ്മമാരും പെണ്‍കുട്ടികളും ഇവിടേക്ക് കളരി പഠിക്കാനായി കടന്നുവരികയും ചെയ്യുന്നു.
ഉള്ളിയേരി തെരുവത്തുകടവ് സ്വദേശിയാണ് ഹേമലത. അച്ഛന്‍ താഴത്തയില്‍ വേലായുധന്‍-യശോദ ദമ്പതികളുടെ നാലുമക്കളില്‍ ഏറ്റവും ഇളയവള്‍. അച്ഛന്റെ കീഴില്‍ തന്നെയായിരുന്നു മൂന്നാം വയസുമുതല്‍ കളരി പരിശീലനം തുടങ്ങുന്നത്. ഒപ്പം സഹോദരങ്ങളായ വസന്തകുമാരി, ദേവരാജന്‍, രാജമല്ലിക എന്നിവരും കളരി പഠിച്ചിരുന്നു. ഹേമലത അച്ഛനെ കൂടാതെ വീട്ടിനടുത്തുതന്നെയുള്ള സുകുമാരന്‍ ഗുരുക്കള്‍, കുഞ്ഞിക്കൃഷ്ണന്‍ ഗുരുക്കള്‍ എന്നിവരുടെ കീഴിലും ഇതിനിടയില്‍ കളരിയഭ്യാസത്തിനു പോയിക്കൊണ്ടിരുന്നു. ഒപ്പം പഠനത്തിലും മികവ് തെളിയിച്ചു.
17-ാം വയസില്‍ ചേളന്നൂര്‍ സ്വദേശിയും കളരി അഭ്യാസിയുമായ സുരേന്ദ്രന്‍ ഗുരുക്കളെ വിവാഹം ചെയ്ത ശേഷവും ഹേമതലത തന്റെ ദൗത്യം തുടര്‍ന്നു. കളരി അഭ്യാസപ്രകടനങ്ങളില്‍ സജീവമായി. രണ്ടുകുട്ടികളുടെ അമ്മയായി മാറിയിട്ടും അഭ്യാസങ്ങളില്‍നിന്നും പരിശീലനത്തില്‍നിന്നും പിന്നോട്ടു പോയതുമില്ല. ഒപ്പം ഭര്‍ത്താവിന്റെ സഹായത്തോടെ ഗുസ്തി, പഞ്ചഗുസ്തി, ജുഡോ എന്നിവയിലും കഠിന പരിശീലനത്തിലൂടെ അവഗാഹം നേടിയെടുത്തു. ഈയിനങ്ങളിലെല്ലാം സംസ്ഥാന-ദേശീയ തലങ്ങളില്‍ മത്സരിക്കാനും അവയിലെല്ലാം ജേതാവാകാനും ഹേമലതയ്ക്കു സാധിച്ചു. മക്കളായ അഞ്ജുഷ, ഷനുത്ത് എന്നിവരെയും കളരി അഭ്യാസത്തിന്റെ രംഗത്തേക്ക് ഇവര്‍ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ സകുടുംബം കളരിയെ ജീവിതത്തിന്റെ ഭാഗമാക്കി ഇവര്‍ മുന്നോട്ടുപോകുന്നു. മക്കളും കളരി, ഗുസ്തി, പഞ്ചഗുസ്തി, ജുഡോ തുടങ്ങിയ ഇനങ്ങളില്‍ വിവിധ മത്സരങ്ങളില്‍ ജേതാക്കളായിട്ടുണ്ട്.
എന്നാല്‍ ഹേമലതയുടെ ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി ഭര്‍ത്താവ് സുരേന്ദ്രന്‍ 2003ല്‍ ഒരു ബൈക്കപകടത്തില്‍ മരണത്തിനു കീഴടങ്ങി. ഇതോടെ തളര്‍ന്നുപോയ അവര്‍ രണ്ടുവര്‍ഷത്തോളം എല്ലാവിധ മത്സരങ്ങളില്‍നിന്നും അഭ്യാസങ്ങളില്‍നിന്നും സ്വയം പിന്‍വാങ്ങി. ഇതോടെ സാമ്പത്തിക പ്രയാസങ്ങളും അനുഭവിച്ചുതുടങ്ങി. രണ്ടുമക്കളെയും കൊണ്ട് വേദനയുടെയും ഒറ്റപ്പെടലിന്റെയും നിലയില്ലാക്കയത്തില്‍ പെട്ടിടത്തുനിന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയോടെയാണു പിന്നീട് ജീവിതത്തിലേക്കു തിരിച്ചുകയറിയത്. ഈ ഘട്ടത്തില്‍ തനിക്ക് കരുത്തുപകര്‍ന്നത് കളരിയഭ്യാസത്തിലൂടെ ലഭിച്ച മാനസിക ബലമായിരുന്നുവെന്ന് ഹേമലത ആത്മവിശ്വാസത്തോടെ പറയുന്നു. പഠിച്ചുവച്ച കളരിയഭ്യാസ മുറകള്‍ വെറുതെയാകരുതെന്നു ചിന്തിച്ചു. ക്രമേണ വീണ്ടും മത്സരരംഗത്തും കളരി അഭ്യാസപരിശീലനങ്ങളിലും സജീവമാകാന്‍ തുടങ്ങി.
പിന്നീട് വീടിനോടു ചേര്‍ന്ന് മര്‍മചികിത്സ, ഉഴിച്ചില്‍ എന്നിവ ആരംഭിച്ചു. ഇതുവഴി സാമ്പത്തിക പ്രയാസങ്ങളെ മറികടക്കാനും സാധിച്ചു. ഇപ്പോള്‍ ജില്ലയ്ക്കു പുറത്തുനിന്നുവരെ ഹേമലതയുടെ മര്‍മചികിത്സാ വൈദഗ്ധ്യം തേടി ആളുകള്‍ എത്തുന്നുണ്ട്. സഹോദരി രാജമല്ലികയും മകന്‍ ഷനുത്തും ചികിത്സാ സഹായകരായി കൂടെയുണ്ട്. ഇതിനിടയില്‍ മകള്‍ അഞ്ജുഷയെ ബിരുദം, ടി.ടി.സി വരെ പഠിപ്പിക്കാനും നല്ല നിലയില്‍ വിവാഹം ചെയ്തയക്കാനും സാധിച്ചു. അഞ്ജുഷയുടെ മകനും ഇപ്പോള്‍ ഹേമലതയുടെ കീഴില്‍ കളരി പരിശീലിക്കുന്നു. കളരിയഭ്യാസ പരിശീലനത്തിന് അമ്മയെ സഹായിക്കാന്‍ അഞ്ജുഷയും ഇവിടെയെത്താറുണ്ട്. ഇതിനിടയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന കളരി അഭ്യാസപരിശീലനത്തിനും ഹേമലത നിയോഗിക്കപ്പെട്ടു. അതിപ്പോഴും തുടരുകയാണ്. കൂടാതെ നിരവധി മത്സരങ്ങളില്‍ വിധികര്‍ത്താവായും പങ്കെടുത്തിട്ടുണ്ട്.
കളരി, ഗുസ്തി, പഞ്ചഗുസ്തി, ജുഡോ അഭ്യാസപ്രകടനങ്ങളില്‍ വിജയിയാതിന്റെ അടയാളമായി നൂറുകണക്കിന് സര്‍ട്ടിഫിക്കറ്റുകളും മുദ്രകളും ഇതിനിടയില്‍ ഹേമലതയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ കളരി അസോസിയേഷന്റെ ഉണ്ണിയാര്‍ച്ച വീരാംഗന ദേശീയ പുരസ്‌കാരവും ഇവരെ തേടിയെത്തി. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയില്‍നിന്നാണു പുരസ്‌കാരം ഏറ്റുവാങ്ങിയത്.
അംഗീകാരങ്ങള്‍ ഏറെ സന്തോഷം പകരുന്നതാണെന്ന് ഹേമലത പറയുന്നു. സ്ത്രീകള്‍ പലവിധ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുമ്പോള്‍ തളര്‍ന്നുനില്‍ക്കുന്നതിനു പകരം സ്വയം ആര്‍ജിച്ചെടുക്കുന്ന ധൈര്യത്തിലൂടെ ആത്മവിശ്വാസത്തോടെ പിടിച്ചുനില്‍ക്കുകയാണു വേണ്ടതെന്നാണ് അവരുടെ നിലപാട്. മലയാളത്തില്‍ ദൂരദര്‍ശനടക്കം പ്രമുഖ ചാനലുകളിലും പത്രമാധ്യമങ്ങളിലും മറ്റും ഹേമലതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ഇനി കളരിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. അതിനായുള്ള അണിയര പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."