ഒരു ഉത്തരേന്ത്യക്കാരന്റെ കാലിക്കറ്റ് സര്‍വകലാശാല
#സയ്യിദ് ഇഖ്ബാല്‍ ഹസ്‌നൈന്‍
1968 മുതല്‍ 2002 വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ മാത്രമായിരുന്നു കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി നിയോഗിച്ചിരുന്നത്. എന്നാല്‍, 2000ത്തില്‍ ആദ്യമായി ഒരു വ്യക്തി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍നിന്നു സര്‍വകലാശാലാ തലവനായി നിയോഗിക്കപ്പെട്ടു. അത് ഞാനായിരുന്നു.
2002 ഒക്ടോബറില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുക്കാനായി ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്ടെത്തുമ്പോള്‍ വിമാനത്താവളത്തില്‍ സര്‍വകലാശാലാ ഉദ്യോഗസ്ഥരും ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും അവിടെ സ്വീകരിക്കാനെത്തിയിരുന്നു. അവര്‍ എന്നെ നേരിട്ട് സര്‍വകലാശാലാ ഗസ്റ്റ് ഹൗസിലേക്കാണു കൊണ്ടുപോയത്. അവിടെ വിവിധ പത്ര-ദൃശ്യമാധ്യമങ്ങളില്‍നിന്നുള്ളവര്‍ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. അവിടേക്കു കാലെടുത്തുവച്ചതും അവര്‍ എനിക്കു ചുറ്റുംകൂടി. പിന്നെ എന്റെ നിയമനവും പശ്ചാത്തലവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു. പല ചോദ്യങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. എല്ലാത്തിനും ഞാന്‍ മര്യാദയോടെ നയപരമായി ഉത്തരം നല്‍കി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള അക്കാദമീഷ്യന്‍ എന്ന നിലയില്‍ സര്‍വകലാശാലയുടെ അക്കാദമിക നിലവാരം അനാവശ്യ രാഷ്ട്രീയ ഇടപെടലുകളില്ലാതെ ഉയര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യന്‍ മാധ്യമങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവെ ഇടതുപക്ഷ ചായ്‌വുള്ളവയാണ്. അഭ്യസ്തവിദ്യരായ മധ്യവര്‍ഗത്തില്‍ ഏറിയ പങ്കും സി.പി.എമ്മിനെ പിന്തുണയ്ക്കുന്നവരും. സര്‍വകലാശാലാ തലവനായുള്ള എന്റെ നിയമനത്തെ കുറിച്ച് നിരവധി ലേഖനങ്ങള്‍ മലയാളം-ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ ആയിടക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് പോസിറ്റീവ് നിലപാടുകളാണ് അവയെല്ലാം സ്വീകരിച്ചത്. ജെ.എന്‍.യുവില്‍നിന്നുള്ള അധ്യാപകനെ സര്‍വകലാശാലാ തലവനായി തിരഞ്ഞെടുത്തതില്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രകീര്‍ത്തിക്കപ്പെട്ടു. കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും പോലുള്ള അവരുടെ പ്രധാന പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ പൂര്‍വവിദ്യാര്‍ഥിയായിട്ടുള്ള ജെ.എന്‍.യുവിനെ മാത്രമേ മികച്ച സ്ഥാപനമായി പരിഗണിച്ചിരുന്നുള്ളൂ.
രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട
കാംപസ്
വിദ്യാര്‍ഥി യൂനിയന്‍ തുടക്കം മുതലേ ഇടതുപക്ഷ കാഴ്ചപ്പാടുകളില്‍ അടിയുറച്ചതായിരുന്നു. അവരെപ്പോഴും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നയങ്ങളെ എതിര്‍ത്തുപോന്നു. കേരളത്തിലെ മധ്യവര്‍ഗ ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം ജെ.എന്‍.യുവില്‍നിന്നുള്ള അധ്യാപകന്‍ കാലിക്കറ്റ് സര്‍വകലാശാലാ തലവനായി നിയമിക്കപ്പെടുന്നത് വലിയൊരു അംഗീകാരമായിരുന്നു. കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ ആദ്യമായാണ് ഡല്‍ഹിയില്‍നിന്നുള്ള ഹിന്ദി സംസാരിക്കുന്നൊരാളെ വൈസ് ചാന്‍സലറായി നിയമിക്കുന്നത്. മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തദ്ദേശീയനായ വ്യക്തിയെ തന്നെ വൈസ് ചാന്‍സലറായി നിയമിക്കുന്നതാണു പതിവ്. സ്വന്തം സംസ്‌കാരത്തെയും ഭാഷയെയും കുറിച്ച് ഒരു ധാരണയുമില്ലാത്ത ഉത്തര്‍പ്രദേശുകാരന്‍ തങ്ങളുടെ സര്‍വകലാശാലാ വൈസ് ചാന്‍സലറായി എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല.
സംസ്ഥാനം ഫണ്ട് നല്‍കുന്ന ഏറ്റവും വലിയ അഫിലിയേറ്റഡ് സര്‍വകലാശാലയായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോഴിക്കോട് നഗരത്തില്‍നിന്ന് 25 കി.മീറ്റര്‍ ദൂരെ മാറി മലപ്പുറം ജില്ലയിലാണു സ്ഥിതി ചെയ്യുന്നത്. മരങ്ങള്‍ തിങ്ങിനിറഞ്ഞ കാംപസ് ലാറ്ററേറ്റ് മണ്ണിനാല്‍ സമ്പുഷ്ടമായ 600 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നു.
പദവി ഏറ്റെടുത്ത് അധികം വൈകാതെ തന്നെ നിരവധി പ്രശ്‌നങ്ങള്‍ക്കു പോംവഴി കാണേണ്ടതായി വന്നു. ആദ്യമായി ശ്രദ്ധയില്‍പെട്ട കാര്യം ഇവിടെ അധ്യാപകരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും രാഷ്ട്രീയപരമായി ധ്രുവീകരിക്കപ്പെട്ടവരാണെന്നതായിരുന്നു. ഇത്ര ശക്തമായ രാഷ്ട്രീയതാല്‍പര്യമുള്ള, അവകാശങ്ങളെ കുറിച്ചു ബോധ്യമുള്ള ഒരു ഉദ്യോഗസ്ഥ സമൂഹത്തെ ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരു വിഭാഗത്തിന് കൂറ് കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയോടായിരുന്നു. മറുവിഭാഗം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും ചേര്‍ന്നുനിന്നു. ഇരുഗ്രൂപ്പുകളും സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്‍സ്രാവുകളെ ഉപയോഗപ്പെടുത്തി തങ്ങളുടെ സ്വാധീനം നിലനിര്‍ത്തിപ്പോന്നു. മുസ്‌ലിം ലീഗുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാനത്തില്‍ അധികാരത്തിലേറിയതോടെ കോണ്‍ഗ്രസ് അനുഭാവ ഉദ്യോഗസ്ഥ സംഘടനകള്‍ മീശപിരിച്ചു.
സര്‍വകലാശാലയുടെ ഭരണതലത്തിലുള്ള സങ്കീര്‍ണമായ വിവിധ തട്ടുകളെ കുറിച്ച് പോകെപ്പോകെ ഞാന്‍ മനസിലാക്കി. എന്നെ സംബന്ധിച്ചിടത്തോളം അതു വളരെ പ്രധാനപ്പെട്ട സമയമായിരുന്നു. വിജയത്തിലെത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു വൈസ് ചാന്‍സലറെ സംബന്ധിച്ചിടത്തോളവും കൃത്യമായ വീക്ഷണം ഉണ്ടാക്കാന്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ നൂലാമാലകളെ കുറിച്ച് അറിവുണ്ടാകേണ്ടതും മൈക്രോ മാനേജ്‌മെന്റില്‍ പ്രാപ്തിയുണ്ടായിരിക്കേണ്ടതുമുണ്ട്. ആദ്യ കാലങ്ങളില്‍ സര്‍വകലാശാലയിലെ എല്ലാ വിഭാഗവും വൈസ് ചാന്‍സലറുടെ അജന്‍ഡയില്‍ ശ്രദ്ധ ചെലുത്തുകയും നല്ല ഭാവിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തുപോന്നു. മുന്നോട്ടുവച്ച അജന്‍ഡ ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ളതും പുതുമയുള്ളതുമാണെങ്കില്‍ വിദ്യാര്‍ഥികളും അധ്യാപകരും മറ്റെല്ലാവരും വൈസ് ചാന്‍സലറെ ബഹുമാനിച്ചുതുടങ്ങും. വൈസ് ചാന്‍സലര്‍ക്കു കളങ്കമില്ലാത്ത വിദ്യാഭ്യാസയോഗ്യതയുണ്ടാകുന്നതും സ്വന്തം മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്നതും ആദരവ് വര്‍ധിപ്പിക്കും.
ദക്ഷിണേഷ്യയിലെ അറിയപ്പെടുന്ന ഗ്ലേസിയോളജിസ്റ്റ്(മഞ്ഞുപാളികളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയില്‍ വിദഗ്ധന്‍) എന്ന പെരുമ എനിക്കുണ്ടായിരുന്നു. ഏജീസ് ഓഫ് ഇന്റര്‍നാഷനലിനു കീഴില്‍ വരുന്ന ഹിമാലയന്‍ ഗ്ലേസിയോളജിയുടെ വര്‍ക്കിങ് ഗ്രൂപ്പിന്റെ അധ്യക്ഷനായിരുന്നു ഞാന്‍. കൂടാതെ ഗ്ലേസിയോളജിയില്‍ നടത്തിയ പഠനങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ ഏറെക്കുറെ പ്രശസ്തനുമായിരുന്നു. 2009ല്‍ ഹിമാലയന്‍ ഗ്ലേസിയോളജിയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ എനിക്കു പത്മശ്രീ നല്‍കുകയുമുണ്ടായി.
എന്റെ അഭിപ്രായത്തില്‍ ഏതു സര്‍വകലാശാലാ വൈസ് ചാന്‍സലറും അറിവിന്റെ കോണ്‍ടൂര്‍ രേഖകളെ കുറിച്ചും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും താല്‍പര്യങ്ങളെ കുറിച്ചും മനസിലാക്കാന്‍ കഴിയുന്ന അക്കാദമിക ചുറ്റുപാടില്‍നിന്നുള്ളവരായിരിക്കണം. പൊലിസ്, സൈന്യം, ഭരണ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു പല കേന്ദ്ര സര്‍വകലാശാലകളുടെയും തലപ്പത്തേക്കു നടത്തിയ നിയമനങ്ങളെ ഞാന്‍ താഴ്ത്തിക്കെട്ടുകയല്ല. അവര്‍ നല്ല ഭരണകര്‍ത്താക്കളായിരിക്കാം. മികച്ച അക്കാദമിക പശ്ചാത്തലമുണ്ടായിരിക്കാം. എന്നാല്‍, വൈസ് ചാന്‍സലറുടെ ചുമതല അക്കാദമിക് ഭരണം നിര്‍വഹിക്കുകയും ഗവേഷണ-അധ്യാപന രംഗങ്ങളിലെ ഉന്നതനിലവാരം ഉറപ്പുവരുത്തുകയുമാണ്. കാംപസിന്റെ പൊലിസിങ് അല്ല.
സര്‍വകലാശാലാ സംവിധാനത്തിന്റെ പ്രധാന ഭാഗഭാക്കുകള്‍ അധ്യാപകരും വിദ്യാര്‍ഥികളുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഉദ്യോഗസ്ഥരുടെ പിന്തുണ ഈ സംവിധാനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും, വിദ്യാര്‍ഥികളുടെ ജീവിതവും ചുറ്റുപാടും കൂടുതല്‍ ക്രിയാത്മകവും ഹൃദ്യവുമാക്കുന്നതിനും സഹായകമാണ്. പഠനവകുപ്പുകളില്‍ അതതു വിഷയങ്ങളില്‍ വിദഗ്ധരായവരെ നിയമിച്ചുകൊണ്ട് അധ്യാപനരീതികള്‍ മികച്ചതാക്കുക, വിദ്യാര്‍ഥികള്‍ക്കു വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാക്കുക, ഭൗതികനിലവാരം മെച്ചപ്പെടുത്തുക എന്നിങ്ങനെ ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഏകോപിപ്പിച്ചുനിര്‍ത്തുകയെന്നതാണ് വൈസ് ചാന്‍സലറുടെ കടമ.
വിദ്യാഭ്യാസരംഗത്തെ
ട്രെന്‍ഡ് മാറുന്നു
തൊണ്ണൂറുകളുടെ ആദ്യത്തോടെ ഇന്ത്യന്‍ സാമ്പത്തികരംഗം ഉദാരവല്‍ക്കരിക്കപ്പെടുകയും പുതിയ തൊഴിലുകള്‍, പ്രധാനമായും ഐ.ടി മേഖലയില്‍ രൂപപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കുപോലും അപര്യാപ്തമായ തരത്തിലായിരുന്നു ആ സമയത്ത് ഇന്ത്യയിലെ സര്‍വകലാശാലകളില്‍നിന്നു പഠിച്ചിറങ്ങിയ എന്‍ജിനീയറിങ് ബിരുദധാരികളുടെ എണ്ണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു ബിരുദം നേടിയവരില്‍ അധികവും വിദേശരാജ്യങ്ങളിലേക്കു പോയി. പ്രത്യേകിച്ചും അമേരിക്കയിലേക്ക്. തദ്ഫലമായി കാലിഫോര്‍ണിയയിലെ സിലിക്കന്‍വാലിയില്‍ ഐ.ഐ.ടി ബിരുദധാരികള്‍ ആധിപത്യം ഉറപ്പിച്ചു. അവരെല്ലാം തങ്ങളുടെ മേഖലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
1980നുശേഷം ജനസംഖ്യയിലുണ്ടായ വര്‍ധനമൂലം നിലവിലെ സര്‍വകലാശാലകളിലെ ടെക്‌നോളജി സീറ്റുകള്‍ മതിയാകാതെ വന്നു. ആ കാലഘട്ടത്തിലുണ്ടായ പ്രധാന വഴിത്തിരിവ്, എ.ഐ.സി.ടി.ഇ(ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍) അണ്‍ എയ്ഡഡ് മേഖലയില്‍ ഒട്ടനവധി എന്‍ജിനീയറിങ് കോളജുകള്‍ക്ക് അംഗീകാരം നല്‍കിയെന്നതായിരുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യവസായ സമൂഹം ഈ അവസരം പെട്ടെന്നു തന്നെ തിരിച്ചറിയുകയും സ്വകാര്യ മേഖലയില്‍ എന്‍ജിനീയറിങ് കോളജുകള്‍ കെട്ടിപ്പടുക്കാനായി വന്‍തോതില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള കോളജുകളെല്ലാം ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് മേഖലകളില്‍ കുറെയേറെ ബിരുദധാരികളെ സൃഷ്ടിച്ചു.
മറുവശത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വളരെ പതിയെ മാത്രമാണ് അണ്‍ എയ്ഡഡ് എന്‍ജിനീയറിങ് കോളജുകള്‍ അനുവദിച്ചത്. അണ്‍ എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളുടെ കുതിപ്പില്‍ അവര്‍ വളരെ പിറകിലായിരുന്നു. ആദ്യഘട്ടത്തില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരുന്ന ഐ.ടി മേഖലയെ നയിച്ചിരുന്ന ശക്തികളായ ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി നേടി. കുറച്ചുപേര്‍ തുടര്‍പഠനത്തിനായി യു.എസ്, ബ്രിട്ടന്‍, ആസ്‌ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കു ചേക്കേറി.
അത്ഭുതാവഹമായ കാര്യമെന്തെന്നാല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരും അണ്‍ എയ്ഡഡ് മേഖലയിലും സ്വകാര്യ മേഖലയിലും കോളജുകള്‍ അനുവദിക്കുകയുണ്ടായി. ഈ അവസരം ആദ്യമായി സ്വായത്തമാക്കിയത് ക്രിസ്ത്യന്‍-ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സര്‍ക്കാരിതര സംഘടനകളുമാണ്. പിന്നീട് മുസ്‌ലിം വിദ്യാഭ്യാസ സംരംഭകരായ എം.ഇ.എസ് പോലുള്ള സ്ഥാപനങ്ങളും മറ്റു സംഘടനകളും ഈ രംഗത്തേക്ക് പ്രവേശിക്കുകയും എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുകയും ചെയ്തു. എന്റെ മുന്‍ഗാമിയായ ഇടതുപക്ഷ ചായ്‌വുണ്ടായിരുന്ന വൈസ് ചാന്‍സലര്‍ പോലും കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴില്‍ നേരിട്ട് ഒരു അണ്‍ എയ്ഡഡ് എന്‍ജിനീയറിങ് കോളജിന് അനുമതി നല്‍കുകയുണ്ടായി. അധികം വൈകാതെ തന്നെ വിവിധ വിദ്യാഭ്യാസ സൊസൈറ്റികളുടെ നിയന്ത്രണത്തിലുള്ള അന്‍പതിലധികം എന്‍ജിനീയറിങ് കോളജുകള്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടു.
പുത്തന്‍ കോഴ്‌സുകളുടെ
തുടക്കം
പരമ്പരാഗതമായി ഇന്ത്യന്‍ സാമ്പത്തികരംഗം സോഷ്യലിസ്റ്റിക് പാറ്റേണിലാണ് രൂപപ്പെട്ടിട്ടുള്ളത്. ഉല്‍പാദനരംഗത്ത് കൂടുതലും സര്‍ക്കാര്‍ കമ്പനികളാണുള്ളത്. മധ്യവര്‍ഗ തൊഴിലാളികള്‍ക്ക് അര്‍ധ സര്‍ക്കാര്‍ തൊഴിലുകള്‍ അവ പ്രദാനം ചെയ്തു. ഉദാരവല്‍ക്കരണത്തോടെ സാമ്പത്തികരംഗം സ്വകാര്യ നിക്ഷേപങ്ങള്‍ക്കുമുന്നില്‍ വാതില്‍ തുറന്നു. വളര്‍ന്നുവരുന്ന ജനതയെ മാറുന്ന സാമ്പത്തികരംഗത്തിന് അനുസൃതമായി പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതികള്‍ക്കു വ്യാപാരശക്തികള്‍ രൂപംനല്‍കിത്തുടങ്ങി.
ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളിലെ മിക്ക വൈസ് ചാന്‍സലര്‍മാരും ഈ പ്രവണതയെ കൃത്യമായി ഉള്‍ക്കൊള്ളുകയും വളര്‍ന്നുവരുന്ന സേവനമേഖലയില്‍ വരുംകാലത്ത് പരിശീലനം സിദ്ധിച്ചവരുടെ പ്രാധാന്യം മനസിലാക്കി സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കോഴ്‌സുകളുടെ ആവശ്യം പെട്ടെന്നു തന്നെ തിരിച്ചറിയുകയും ചെയ്തു. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഇതു നേരത്തെ തന്നെ തിരിച്ചറിഞ്ഞുകൊണ്ട് കംപ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, ഹോസ്പിറ്റാലിറ്റി, കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് എന്നിവയില്‍ ഡിഗ്രി കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആരംഭിച്ചു. അതോടൊപ്പം സര്‍വകലാശാല പുതിയ നഴ്‌സിങ് കോളജുകള്‍ക്ക് അനുമതി നല്‍കുകയും നിലവിലുള്ളവയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. ആവശ്യമായ കഴിവുകള്‍ സ്വായത്തമാക്കാനും വ്യാപാരരംഗത്ത് ജോലി നേടാനും ഇടത്തരക്കാര്‍ക്ക് ഇത് ഏറെ സഹായകരമായി.
ഒരു വൈസ് ചാന്‍സലറെന്ന നിലയ്ക്ക് നൈപുണ്യത്തില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസത്തെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകള്‍ നടത്തി പ്രവേശനം ഇരട്ടിയാക്കുന്നതിലുപരി കാലിക്കറ്റ് സര്‍വകലാശാല മള്‍ട്ടി മീഡിയ ആന്‍ഡ് ആനിമേഷന്‍ കോഴ്‌സുകള്‍ അവതരിപ്പിച്ചു. ആ സമയത്ത് മറ്റൊരു പൊതുമേഖലാ സര്‍വകലാശാലയും ആനിമേഷന്‍ കോഴ്‌സ് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. കാലിക്കറ്റ് സര്‍വകലാശാല ഇന്ത്യയില്‍ ആദ്യമായി ആനിമേഷന്‍ കോഴ്‌സ് തുടങ്ങി.
തൊണ്ണൂറുകളുടെ അവസാനത്തോടെ രാജ്യത്തെ ആരോഗ്യമേഖല സ്വകാര്യവല്‍ക്കരണത്തിലൂടെ മാറ്റത്തിന്റെ പാതയിലേക്കു നീങ്ങി. അവര്‍ക്കു വളരെയധികം പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നഴ്‌സുമാരെയും ആവശ്യമുണ്ടായിരുന്നു. പരിശീലനം നേടിയവരെയും യോഗ്യതയുള്ളവരെയും കേരളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ലഭ്യമായിരുന്നു. ഇന്ന് ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിലെ ഭൂരിഭാഗം നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും കേരളത്തില്‍നിന്നുള്ളവരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നടപടിയാണിതു സാധ്യമാക്കിയത്. എങ്ങനെ അറിവിനെ പണവുമായി ബന്ധിപ്പിക്കാമെന്നവര്‍ മനസിലാക്കിയിരുന്നു.
വിഭ്യാഭ്യാസവും രാജ്യസുരക്ഷയും തമ്മില്‍ എങ്ങനെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ഞാന്‍ ഒരിക്കല്‍ ശ്രീനഗറിലുള്ള കശ്മിര്‍ സര്‍വകലാശാല സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം. 2004ലെ വേനല്‍ക്കാലത്താണ് കശ്മിര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍, കര്‍ണാടകക്കാരനായ സുഹൃത്തിനെ ഞാന്‍ സന്ദര്‍ശിക്കുന്നത്. ആ സമയത്ത് കുറെ യുവാക്കള്‍ കശ്മിര്‍ താഴ്‌വരയില്‍ പ്രക്ഷോഭം നടത്തുന്നുണ്ടായിരുന്നു. മൊഹല്ലകളില്‍നിന്നു സംഘമായെത്തിയ അവര്‍ സുരക്ഷാസേനയ്ക്കുനേരെ കല്ലെറിഞ്ഞു. അവരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ തലത്തില്‍ പഠനം നിര്‍ത്തിയവരും അവിദഗ്ധരും തൊഴിലില്ലാത്തവരുമായിരുന്നു. അങ്ങനെയുള്ള യുവാക്കള്‍ക്ക് നാട്ടില്‍ ഒരു ജോലിയുമുണ്ടായിരുന്നില്ല. തീര്‍ച്ചയായും ഇതുമൂലമുള്ള അവരുടെ അസംതൃപ്തി ആക്രമണപ്രക്ഷോഭങ്ങളില്‍ കൊണ്ടെത്തിച്ചു.
വൈസ് ചാന്‍സലറുടെ വസതിയിലാണ് ഞാന്‍ താമസിച്ചത്. ആ സമയത്ത് നടന്ന സ്വകാര്യ സംഭാഷണത്തില്‍ ഈ യുവാക്കള്‍ക്കു വിദ്യാഭ്യാസം നല്‍കാനുള്ള എന്തെങ്കിലും പദ്ധതികള്‍ അദ്ദേഹത്തിനുണ്ടോയെന്ന് ഞാന്‍ ആരാഞ്ഞു. നാനോ ടെക്‌നോളജിയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നുണ്ടെന്നു മറുപടി കിട്ടി. അദ്ദേഹം നിര്‍ദേശിച്ച നാനോ ടെക്‌നോളജി പോലുള്ള കോഴ്‌സിനെക്കാള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഞങ്ങള്‍ ആരംഭിച്ചതു പോലുള്ള സേവനമേഖലയിലെ കോഴ്‌സുകളാണ് കശ്മിര്‍ താഴ്‌വരയില്‍ കൂടുതല്‍ ഉചിതമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. വളര്‍ന്നുകൊണ്ടിരിക്കുന്ന സേവനമേഖലയില്‍ യുവാക്കളെ ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കില്‍ പാരാമെഡിക്കല്‍, ഹെല്‍ത്ത് സയന്‍സ്, കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ഹോസ്പിറ്റാലിറ്റി, ഐ.ടി മേഖലകളില്‍ കോഴ്‌സുകള്‍ അനുവദിച്ച് അവരെ അതിനു സജ്ജരാക്കാമെന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ആവശ്യമായ നൈപുണ്യവും തൊഴില്‍സാധ്യതയും ഉണ്ടാവുന്നതോടെ സൈന്യത്തിനും സര്‍ക്കാരിനും നേരെയുള്ള പ്രക്ഷോഭങ്ങള്‍ പതിയെ അവസാനിക്കും. എന്റെ വാക്കുകള്‍ ശ്രദ്ധയോടെ ശ്രവിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ഉപദേശം പരിഗണിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചില്ല.
ഇടതുഭരണം
ഏതൊരു വൈസ് ചാന്‍സലര്‍ക്കുമുണ്ടാകുന്നതു പോലെ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി തേഞ്ഞിപ്പലം പഞ്ചായത്തിനുകീഴില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുന്ന കാംപസിനെ ആകര്‍ഷകവും സംഭവബഹുലവുമാക്കി തീര്‍ക്കുകയെന്നതായിരുന്നു. പൊതുവെ നമ്മള്‍ ഇന്ത്യക്കാര്‍ വിവാദപ്രിയരും ഞണ്ടിനെ പോലെ മറ്റുള്ളവരെ വലിച്ചു താഴെയിടുന്നതില്‍ ഉത്സാഹികളുമാണ്. പക്ഷെ, കേരളീയര്‍ വിശ്വസ്തരും കഠിനാധ്വാനികളായ ഒരു സമൂഹമാണെന്ന് ഞാന്‍ സമ്മതിക്കും. ഇടയ്ക്കവര്‍ പതിവു ഭരണകാര്യങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിച്ചു പ്രക്ഷോഭങ്ങളിലേക്കും ധര്‍ണയിലേക്കും നീങ്ങും. അവിടുത്തെ ഹര്‍ത്താല്‍-ധര്‍ണ സംസ്‌കാരത്തിന്റെ ഉത്തരവാദിത്തം ഞാന്‍ മാര്‍ക്‌സിറ്റ് പാര്‍ട്ടിയിലാണു ചുമത്തുക.
എന്റെ നിശ്ചയദാര്‍ഢ്യവും നൂതനമായ പ്രവര്‍ത്തനങ്ങളും ശ്രദ്ധിച്ച പല മുതിര്‍ന്ന അധ്യാപകരും പുതിയ പദ്ധതികള്‍ക്കു പിന്തുണയുമായെത്തി. ഒരു മുതിര്‍ന്ന ഗണിതശാസ്ത്ര പ്രൊഫസര്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ പണ്ഡിതന്മാരെ സര്‍വകലാശാലയിലേക്കു ക്ഷണിച്ച് എല്ലാ മാസവും ക്ലാസുകള്‍ സംഘടിപ്പിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. ഇതുവഴി കാംപസിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനമുണ്ടാകുകയും അവര്‍ക്കുമുന്നില്‍ അക്കാദമികരംഗത്തെ പുതിയ കാര്യങ്ങളെ കുറിച്ചു പുതിയ വെളിപ്പെടുത്തലുണ്ടാകുകയും ചെയ്യും. ഞാന്‍ ഈ ആശയവുമായി മുന്നോട്ടുപോയി. പ്രമേയത്തിന് സിന്‍ഡിക്കേറ്റിന്റെ അംഗീകാരം കിട്ടി. ഫ്രന്‍ഡിയര്‍ ലക്ചര്‍ സീരീസ് എന്നു പേരിട്ട പരിപാടി വലിയ വിജയമായി മാറി. എന്റെ കാലയളവില്‍ കൃത്യമായി ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടു. വ്യത്യസ്തമേഖലകളിലുള്ള വിശിഷ്ടവ്യക്തികള്‍ പ്രഭാഷണങ്ങള്‍ നടത്തുകയും വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും അതോടൊപ്പം സര്‍വകലാശാല അംഗീകരിച്ച കോളജുകളുടെ പ്രിന്‍സിപ്പല്‍മാരുമായും സമഗ്രമായ ചര്‍ച്ചയ്ക്ക് തങ്ങളുടെ ഔദ്യോഗിക കാലാവധിയുടെ ആദ്യ പകുതിയില്‍ തന്നെ സമയം കണ്ടെത്തണമെന്നുള്ളതാണ് വരുംകാല വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കാനുള്ള എളിയ നിര്‍ദേശം. പരീക്ഷ നടത്തിപ്പുമായും ഫലം യഥാസമയം പ്രസിദ്ധീകരിക്കുന്നതുമായും ബന്ധപ്പെട്ട് കോളജുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വൈസ് ചാന്‍സലര്‍ക്ക് ഇതുവഴി കൃത്യമായ വിവരങ്ങള്‍ ലഭിക്കും. പുതിയ വൈസ് ചാന്‍സലറെന്ന നിലയ്ക്ക് ഞാന്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും യോഗങ്ങള്‍ സംഘടിപ്പിക്കുകയും പ്രശ്‌നപരിഹാരത്തിനു പുതുമാര്‍ഗങ്ങള്‍ തേടിക്കൊണ്ട് വിശദമായ കുറിപ്പുകള്‍ തയാറാക്കുകയും ചെയ്തുപോന്നു.
ഞാന്‍ സര്‍വകലാശാലയില്‍ എത്തിയ സമയത്ത് പബ്ലിക്ക് റിലേഷന്‍സ് ഓഫിസര്‍ക്ക് ഒരു ജോലിയും നല്‍കാറുണ്ടായിരുന്നില്ല. മാര്‍ക്‌സിസ്റ്റുകാരനല്ലാത്ത അദ്ദേഹം സജീവ മാര്‍ക്‌സിസ്റ്റുകാരനായിരുന്ന എന്റെ മുന്‍ഗാമിയുടെ വാക്കുകള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതുതൊട്ടാണ് ഇങ്ങനെയായത്. സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനായ എന്റെ മുന്‍ഗാമി മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്താണു നിയമിതനായത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇടതുപക്ഷ സംഘടനകളുടെ അജന്‍ഡകള്‍ക്ക് അനുസൃതമായി സര്‍വകലാശാലയുടെ ഭരണക്രമത്തെ മാറ്റി.
മുഖ്യമായും ഭരണവിഭാഗം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മാര്‍ക്‌സിസ്റ്റ് എംപ്ലോയിസ് യൂനിയന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയായിരുന്നു സര്‍വകലാശാലാ അജന്‍ഡ നിര്‍ണയിച്ചിരുന്നത്. എപ്പോഴും പ്രധാനപ്പെട്ട അജന്‍ഡയായിരുന്നത് ദിവസവേതനക്കാര്‍ അടക്കം സര്‍വകലാശാലാ സംവിധാനത്തിലെ എല്ലാ തലത്തിലേക്കും അവരുടെ അനുഭാവികളെ ഉള്‍പ്പെടുത്തുകയെന്നതായിരുന്നു. ചില സ്ഥാപിതതാല്‍പര്യങ്ങള്‍ക്കു പുറത്ത് സര്‍വകലാശാലയ്ക്ക് ഔദ്യോഗികമായി സാധനങ്ങള്‍ നല്‍കിയിരുന്നൊരു സ്റ്റോര്‍ മാര്‍ക്‌സിസ്റ്റ് എംപ്ലോയിസ് യൂനിയന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നു. ഉദാഹരണത്തിന് മാര്‍ക്‌സിസ്റ്റ് അസോസിയേഷന്റെ സ്റ്റോറില്‍നിന്നായിരുന്നു ഭരണവിഭാഗത്തിലേക്കും വ്യത്യസ്ത പഠനവകുപ്പുകളിലേക്കും സാധനങ്ങള്‍ വാങ്ങിയിരുന്നത്. സര്‍വകലാശാല ഇത് അംഗീകരിച്ചു. അതുകൊണ്ട് ഒരു പര്‍ച്ചേസിനും ടെന്‍ഡര്‍ വിളിച്ചിരുന്നില്ല.
ഈ രീതി എന്നെ അലോസരപ്പെടുത്തിത്തുടങ്ങി. ഉടന്‍ തന്നെ പുറത്തുനിന്നുള്ള ടെന്‍ഡറുകള്‍ സര്‍വകലാശാല പര്‍ച്ചേസുകള്‍ക്കു വേണ്ടി സ്വീകരിക്കാനുള്ള നിര്‍ദേശം ഭരണവിഭാഗത്തിനു നല്‍കി. ഇതില്‍ പിന്നെ ഒരു പര്‍ച്ചേസും മാര്‍ക്‌സിസ്റ്റ് സ്റ്റോറിനു ലഭിച്ചില്ല. എനിക്കെതിരേ സമരത്തിനു കാരണം അന്വേഷിച്ചുകൊണ്ടിരുന്ന എംപ്ലോയിസ് യൂനിയനെ ഇക്കാര്യം ചൊടിപ്പിച്ചു. സര്‍വകലാശാല മൊത്തത്തില്‍ മാര്‍ക്‌സിസ്റ്റ് യൂനിയന്റെ നിയന്ത്രണത്തിലാണെന്നു പതിയെ ഞാന്‍ മനസിലാക്കി. മുന്‍പുണ്ടായിരുന്ന യു.ഡി.എഫ് വൈസ് ചാന്‍സലര്‍മാര്‍ പോലും മാര്‍ക്‌സിസ്റ്റ് യൂനിയന്റെ ഇച്ഛയ്‌ക്കൊത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുറംനാട്ടുകാരനായ വൈസ് ചാന്‍സലറും അദ്ദേഹത്തിന്റെ അജന്‍ഡകളും മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ആദ്യമായി വെല്ലുവിളി സൃഷ്ടിച്ചു.
ചരിത്രപരമായി കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു ജനങ്ങളുടെ മനസില്‍ വലിയ സ്വാധീനമുണ്ട്. അതോടൊപ്പം പാര്‍ട്ടി നേതാക്കള്‍ സമരോന്മഖരായ തങ്ങളുടെ പ്രവര്‍ത്തകര്‍ വഴി ഭയം സൃഷ്ടിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. പൊതുവെ കോണ്‍ഗ്രസിന് വ്യത്യസ്തസഖ്യങ്ങളും രാഷ്ട്രീയ കൂട്ടുകെട്ടുകളുമുണ്ട്. എന്നാല്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അംഗങ്ങള്‍ കൗശലക്കാരായ മാര്‍ക്‌സിസ്റ്റുകളുമായി ഒരിക്കലും യോജിച്ചുപോയിരുന്നില്ല. വൈസ് ചാന്‍സലറായി പദവിയേറ്റെടുത്തതിന്റെ പിറ്റേന്ന് എന്റെ ഓഫിസിനുമുന്‍പില്‍ നടന്ന 200 പേര്‍ പങ്കെടുത്ത പ്രക്ഷോഭത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു.
എന്റെ മുന്‍ഗാമി സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ജൂനിയര്‍തല ഓഫിസ് അസിസ്റ്റന്റുമാരെ നിയമിച്ചതെന്ന വിവരം ഞാന്‍ അവരെ അറിയിച്ചു. ഇടത് ആഭിമുഖ്യമുള്ള ഭരണവിഭാഗം മെറിറ്റ് ലിസ്റ്റ് കൈകാര്യം ചെയ്യുകയും നിയമന ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുക പോലും ചെയ്തു. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ക്ക് അധികാരത്തില്‍നിന്നു മാറുന്ന മാര്‍ക്‌സിസ്റ്റ് ഭരണവിഭാഗം നല്‍കിയ സമ്മാനമായതു വ്യാഖ്യാനിക്കപ്പെട്ടു. അധികാരമൊഴിഞ്ഞ ഇടതു സര്‍ക്കാര്‍ ബാക്കിവച്ചു പോയ പല പ്രശ്‌നങ്ങളിലും പരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്തം എന്നില്‍ നിക്ഷിപ്തമായിരുന്നു.
യു.ഡി.എഫ് നിയമിച്ച വൈസ് ചാന്‍ലസര്‍മാര്‍ക്കൊന്നും നിര്‍ഭാഗ്യവശാല്‍ ആ വലയില്‍നിന്നു രക്ഷപ്പെടാനോ തങ്ങളുടേതായ സംഭാവന സര്‍വകലാശാലയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്താനോ സാധിച്ചില്ല. ശ്രദ്ധയോടെ നീങ്ങാനും ഭരണകാര്യങ്ങളില്‍ മാര്‍ക്‌സിസ്റ്റ് ഇടപെടല്‍ കുറയ്ക്കാനും ഞാന്‍ തീരുമാനിച്ചു. ഭാഗ്യത്തിന് ആ സമയത്ത് യു.ഡി.എഫ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ 200 ലോവര്‍ ലെവല്‍ അസിസ്റ്റന്റുമാരുടെ നിയമനം സ്റ്റേ ചെയ്യാനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി നടപ്പാക്കുക മാത്രമായിരുന്നു എനിക്കു ചെയ്യാനുണ്ടായിരുന്നത്. ഞാന്‍ അതുപ്രകാരം പ്രവര്‍ത്തിച്ചു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാരുടെ സമരം അവസാനിച്ചു.
സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍
ഭൂരിഭാഗം ഇന്ത്യന്‍ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ വിരളമായി മാത്രമേ പി.ആര്‍.ഒയുടെ സേവനം കാര്യക്ഷമമായി ഉപയോഗപ്പെടുത്താറുള്ളൂ. എന്റെ കാഴ്ചപ്പാടില്‍ പി.ആര്‍.ഒയുടെ സേവനം മികച്ച രീതിയില്‍ ഉപയോഗിക്കുന്നതുവഴി അദ്ദേഹത്തിന്റെയും സര്‍വകലാശാലയുടെയും പല കാര്യങ്ങളും സഫലീകരിക്കാം. വൈസ് ചാന്‍സലറുടെ ആക്ഷന്‍ പ്ലാനിന്റെ വിശദവിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ നല്‍കാന്‍ പി.ആര്‍.ഒയ്ക്കു സാധിക്കും. സാംസ്‌കാരിക പരിപാടികള്‍, പ്രഗത്ഭ വ്യക്തിത്വങ്ങളുടെ സന്ദര്‍ശനങ്ങള്‍, അക്കാദമിക് കോണ്‍ഫറന്‍സ്, സെമിനാറുകള്‍ എന്നിവയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രാദേശിക പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും കൃത്യമായി വരേണ്ടതുണ്ട്. ഇതുവഴി സര്‍വകലാശാലയും വൈസ് ചാന്‍സലറും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കും.
പൊതുസമൂഹത്തിലും സര്‍വകലാശാലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ജനവിഭാഗങ്ങളിലും പുതിയ വൈസ് ചാന്‍സലറുടെ പ്രവൃത്തിയില്‍ മതിപ്പുണ്ടാക്കാന്‍ ഇതുമൂലം സാധിക്കും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിവരിച്ചുകൊണ്ടുള്ള മാഗസിന്‍ മാസംതോറും സര്‍വകലാശാല പ്രസിദ്ധീകരിക്കണം. മാസംതോറും സി.യു ന്യൂസ് പ്രസിദ്ധീകരിക്കാനും വൈസ് ചാന്‍സലറുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പത്രക്കുറിപ്പ് ആഴ്ചയില്‍ പുറത്തിറക്കാനും ഞാന്‍ പി.ആര്‍.ഒയ്ക്ക് നിര്‍ദേശം നല്‍കി.
സമര്‍ഥനായ ഒരു പി.ആര്‍.ഒയെ ലഭിച്ച ഞാന്‍ തീര്‍ത്തും ഭാഗ്യവാനായിരുന്നു. കവിയും നോവലിസ്റ്റും സാഹിത്യ നിരൂപകനുമായ ടി.പി രാജീവനായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം സര്‍ഗരചനാ പാടവം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ഞാന്‍ പത്രങ്ങളിലും മറ്റും എഴുതാന്‍ അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ സര്‍വകലാശാലയിലെ സാംസ്‌കാരിക സദസുകളുമായി സഹകരിക്കാനും അഭ്യര്‍ഥിച്ചു. അടുത്ത കാലത്തായി അദ്ദേഹം 'പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന നോവലെഴുതുകയും അതു പിന്നീട് മലയാള ചലച്ചിത്രമായി പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."