ഉത്തര, ദക്ഷിണ സന്ദേശയാത്രകള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങി
തേഞ്ഞിപ്പലം: കൊല്ലത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെല്‍ട്രല്‍ കൗണ്‍സില്‍ 60ാം വാര്‍ഷിക സമാപന മഹാ സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടത്തുന്ന ഉത്തര-ദക്ഷിണ മേഖലാ സന്ദേശയാത്രകളെ വരവേല്‍ക്കുന്നതിന് മേഖലാ തലങ്ങളില്‍ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഉത്തര മേഖലായാത്ര സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മംഗലാപുരം ബന്തറില്‍നിന്ന് ആരംഭിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 60 മേഖലാ കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. ദക്ഷിണമേഖലാ യാത്ര ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന.സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം വെസ്റ്റ് ജില്ലകളിലെ 60 മേഖലാ സ്വീകരണകേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. ഡിസംബര്‍ അഞ്ചിന് ഇരു യാത്രകളും ചാവക്കാട് പൊതുസമ്മേളനത്തോടെ സമാപിക്കും.
ഓരോ സ്വീകരണകേന്ദ്രങ്ങളിലും യൂനിഫോമണിഞ്ഞ 60 ബൈക്ക് വളണ്ടിയര്‍മാര്‍ യാത്രയെ അനുഗമിക്കും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രതിനിധികളും പ്രഭാഷകരും പ്രത്യേകം വളണ്ടിയര്‍മാരും ഉള്‍പ്പെടെ 120 സ്ഥിരാംഗങ്ങളാണ് ജാഥയിലുണ്ടാവുക. ജാഥാ അംഗങ്ങള്‍ നവംബര്‍ 28ന് വരക്കല്‍ മഖാം സിയാറത്ത് ചെയ്തു നവംബര്‍ 29ന് വെള്ളിയാഴ്ച രാവിലെ 9 ന് പാണക്കാട് മഖാമിലെത്തും. പിന്നീട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളില്‍നിന്നും ജാഥാക്യാപ്റ്റന്‍മാര്‍ പതാക ഏറ്റുവാങ്ങി ഉദ്ഘാടന കേന്ദ്രങ്ങളിലേക്ക് നീങ്ങും. വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെല്‍ട്രല്‍ കൗണ്‍സില്‍ 60ാം വാര്‍ഷിക സമാപന മഹാ സമ്മേളനം കൊല്ലത്ത് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."