നരിപ്പറമ്പിലെ അനധികൃത കച്ചവടം ഒഴിപ്പിക്കാനായില്ല
എടപ്പാള്‍: നരിപ്പറമ്പിലെ അനധികൃത വ്യാപാരം ഒഴിപ്പിക്കാനായില്ല. കച്ചവടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ റവന്യൂ അധികാരികളും ജലവിഭവ വകുപ്പ് അധികാരികളും സ്ഥലത്തെത്തിയെങ്കിലും പെരുന്നാള്‍ വ്യാപാരം നടക്കുന്നതിനാല്‍ കടകള്‍ ഒഴിയാന്‍ സമയം കൂടുതല്‍ വേണമെന്ന കച്ചവടക്കാരുടെ ആവശ്യം അംഗീകരിച്ചു. നാല് ദിവസത്തിനകം അനധികൃത കച്ചവടം ഒഴിയണമെന്ന് കച്ചവടക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
അനധികൃത കച്ചവടംമൂലം പ്രദേശത്ത് മാലിന്യപ്രശ്‌നം രൂക്ഷമാണെന്നും ഇവിടങ്ങളില്‍നിന്നുള്ള മാലിന്യം സമീപത്തെ വെള്ളക്കെട്ടില്‍ കൊണ്ടിടുന്നതുമൂലം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ആരോപിച്ചാണ് നാട്ടുകാര്‍ കച്ചവടത്തിനെതിരേ രംഗത്ത് വന്നത്. നരിപ്പറമ്പിലെ അനധികൃത കടകള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു സമീപവാസികളും നാട്ടുകാരും ഇതുസംബന്ധിച്ച് പഞ്ചായത്ത്, ഇറിഗേഷന്‍ അധികൃതര്‍ക്കും ആര്‍ഡിഒയ്ക്കും പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത കച്ചവടം ഉടന്‍ ഒഴിപ്പിക്കണമെന്ന് ആര്‍ഡിഒ ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമാകാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രണ്ട് തവണ കച്ചവടം ഒഴിപ്പിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും സഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ സംഘടിച്ചു കടകള്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചതും സംഘര്‍ഷം രൂക്ഷമാക്കി.
പൊലിസ് ഇടപ്പെട്ടാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊന്നാനി എസ് ഐ കെ.പി വാസുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."