സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍ തറനിരപ്പില്‍ തന്നെ
തൃക്കരിപ്പൂര്‍: സ്‌കൂളുകളില്‍ നിര്‍മിക്കുന്ന ഓഡിറ്റോറിയങ്ങള്‍ കരാറുകാരുടെ അനാസ്ഥകാരണം ഇപ്പോഴും തറനിരപ്പില്‍ തന്നെ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്താണ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഓഡിറ്റോറിയം അനുവദിച്ചത്.
പത്തുലക്ഷത്തോളം രൂപയാണ് ഓരോ ഓഡിറ്റോറിയങ്ങള്‍ക്കും അനുവദിച്ചത്. നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷമായിട്ടും തറനിരപ്പില്‍ നിന്ന് ഒരടി ഉയരമുള്ള കോണ്‍ക്രീറ്റ് പില്ലറുകള്‍ നിര്‍മിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. പ്രൈമറി തലം തൊട്ടു പ്രവര്‍ത്തിക്കുന്ന സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിര്‍മാണം നിലച്ച ഓഡിറ്റോറിയത്തിന്റെ പില്ലറില്‍ നിന്നു കമ്പികള്‍ പൊങ്ങിക്കിടക്കുന്നതു കാരണം വന്‍ അപകട സാധ്യതയാണുള്ളത്.
പ്രൈമറി തലത്തിലെ കുട്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നതില്‍ അല്‍പം ഒന്നു പിഴച്ചാല്‍ അപകട സാധ്യത ഏറെയാണ്.
കരാറുകാരനെ വിളിച്ചു നിര്‍മാണ പ്രവൃത്തിയെ കുറിച്ച് അന്വേഷിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കാറില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."