കോന്നിയിലെ തോല്‍വി, ഡി.സി.സി നേതൃത്വത്തിനെതിരേ തുറന്നടിച്ച് അടൂര്‍ പ്രകാശ്, നേതൃത്വത്തിന്റെ തെറ്റായ തീരുമാനം പരാജയം ഉറപ്പാക്കി
തിരുവനന്തപുരം: കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന് തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി. കോന്നിയിലെ പ്രചാരണത്തില്‍ ഡി.സി.സി നേതൃത്വത്തിന് പാളിച്ച പറ്റിയിട്ടുണ്ടെന്നും കോന്നിയിലെ ജനങ്ങളെ അവര്‍ക്ക് മനസിലാക്കാനായിട്ടില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കാലത്ത് നേതൃത്വത്തിന്റെ തെറ്റായ പ്രവര്‍ത്തനമാണ് തോല്‍വിക്കു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ തെറ്റായ കാരണങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ തയ്യാറായതുമില്ല. ഇക്കാര്യം കെ.പി.സി.സി യോഗത്തില്‍ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
'ഞാന്‍ അഞ്ച് തവണ അവിടെ മത്സരിച്ച് ജയിച്ചു. 806 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആദ്യം ജയിച്ചത്. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു. നാലാമത്തെ തവണ മാത്രം 6878 വോട്ടായി. അഞ്ചാം വട്ടമാണ് 20749 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന മണ്ഡലമാണ് കോന്നി. 1996 ല്‍ ഞാന്‍ മത്സരിക്കുമ്പോള്‍ എ. പദ്മകുമാറായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 806 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടു. ഇടതുകോട്ടയില്‍ പോയി മത്സരിച്ചു. അപ്രതീക്ഷിതമായി നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായി. അതുകൊണ്ടാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. കോന്നിയില്‍ പാര്‍ട്ടിക്ക് വേണ്ടി ഞാനൊരു സ്ഥാനാര്‍ഥിയെ പറഞ്ഞു. അതിന് ശേഷം പാര്‍ട്ടി മറ്റൊരു തീരുമാനം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഞാനത് പൂര്‍ണമായും അംഗീകരിച്ചു.'
'ഞാനെവിടെയും ഒളിച്ചോടിയിട്ടില്ല, അങ്ങനെയൊരാളല്ല. ജില്ലാ കോണ്‍ഗ്രസ് നേതൃത്വമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏറ്റെടുത്ത് മുന്നോട്ട് പോയത്. കോന്നിയിലെ ജനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനം ഉള്‍ക്കൊള്ളാനായിട്ടില്ല എന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവര്‍ത്തനമാണ് തോല്‍വിക്ക് കാരണം. അത് വിശദീകരിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. കെ.പി.സി.സി തലത്തില്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറയും. അടൂര്‍ പ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."