വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്ഷമനശിച്ച് പൊതുജനം
തിരൂരങ്ങാടി: പത്തുമിനുട്ട് കൊണ്ട് പരിഹരിക്കേണ്ട കാര്യങ്ങള്‍ക്ക് ഒരുദിവസം. ഒരു ദിവസംകൊണ്ട് തീര്‍ക്കേണ്ട പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ച. തിരൂരങ്ങാടി വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്ഷമനശിച്ച് പൊതുജനം. നിത്യേന നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസിനെ സമീപിക്കുന്നത്. എന്നാല്‍ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പലതവണ ഓഫിസില്‍ കയറിയിറങ്ങണം. വില്ലേജ് വിഭജിക്കാത്തതും ഓഫിസില്‍ ആവശ്യത്തിന് സ്റ്റാഫില്ലാത്തതുമാണ് ജനങ്ങളെ വലയ്ക്കുന്നത്.
ഭൂനികുതി, തണ്ടപ്പേര്, ആധാര്‍ ലിങ്ക്, കൈവശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂസര്‍വേ, വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ , അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കാണ് ആളുകള്‍ വില്ലേജ് ഓഫിസിലെത്തുന്നത്. എന്നാല്‍ യഥാസമയം രേഖകള്‍ ലഭിക്കാത്തത് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ലോണ്‍, ഗാര്‍ഹിക വൈദ്യുത കണക്ഷന്‍, ബാങ്ക് ലോണ്‍ മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവക്ക് തടസ്സമാകുന്നുണ്ട്. ദേശീയപാത വികസനത്തിനുവേണ്ടി ഭൂമി നഷ്ടപ്പെടുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ആധാരം, അടിയാധാരം, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, കൈവശ സര്‍ട്ടിഫിക്കറ്റ്, കുടിക്കടം, പട്ടയം, ഭൂനികുതിയുടെ റസീപ്റ്റ് തുടങ്ങി പതിനഞ്ചോളം രേഖകള്‍ വില്ലജ് ഓഫിസില്‍നിന്ന് വാങ്ങി ഹാജരാക്കേണ്ടതുണ്ട്. ഇതില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ സമയമെടുക്കും. രണ്ട് രക്ത ബന്ധുക്കളും രണ്ട് അയല്‍വാസികളും വില്ലേജ് ഓഫിസറുടെ മുന്നില്‍ വന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇത്രയും ആളുകള്‍ ജോലി ഒഴിവാക്കി വില്ലേജ് ഓഫിസില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
ഭൂനികുതി അടക്കുവാനും അപേക്ഷകളും മറ്റും വില്ലേജ് ഓഫിസറെ കാണിക്കാനും ടോക്കണ്‍ എടുക്കണമെന്നതാണ് തിരൂരങ്ങാടി വില്ലേജ് ഓഫിസിലെ രീതി. പത്തുമണിക്ക് നല്‍കുന്ന ടോക്കണ്‍ ലഭ്യമാക്കാന്‍ പുലര്‍ച്ചെ സ്ഥലത്തെത്തി വരിനില്‍ക്കണം. ടോക്കണ്‍ ലഭിച്ചാല്‍തന്നെ വില്ലേജ് ഓഫിസര്‍ വന്നില്ലെങ്കില്‍ അടുത്തദിവസവും ഇത് ആവര്‍ത്തിക്കണം.
സ്റ്റാഫിന്റെ കുറവ് നിലവിലുള്ളവരുടെ ജോലിഭാരം കൂട്ടുന്നുമുണ്ട്. രണ്ട് ജീവനക്കാരുടെ കുറവാണ് ഉള്ളത്. തിരൂരങ്ങാടി വില്ലേജ് ഓഫിസ് വിഭജിക്കണമെന്ന ജനങ്ങളുടെ മുറവിളിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. വെന്നിയൂര്‍ മുതല്‍ തൃക്കുളം പള്ളിപ്പടി വരെ പരന്നുകിടക്കുന്ന വില്ലേജ് പരിധിയില്‍ പതിനാലായിരത്തോളം കൈവശക്കാരാണ് ഉള്ളത്. സ്റ്റാഫിന്റെ കുറവ് നികത്തണമെന്നും, വില്ലേജ് വിഭജിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."