ഔഷധസസ്യ വിജ്ഞാനകേന്ദ്രം ഉദ്ഘാടനം ഇന്ന്
തളിപ്പറമ്പ്: കേരളത്തിലെ ആദ്യത്തെ ഔഷധസസ്യ വിജ്ഞാനകേന്ദ്രത്തിന് പരിയാരം ഔഷധി കേന്ദ്രത്തില്‍ തുടക്കമാകും. മൂന്നൂറിലധികം ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിന് ആരംഭിക്കുന്ന വിജ്ഞാനകേന്ദ്രത്തിലെത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് മണിക്കൂര്‍ ക്ലാസിനോടൊപ്പം ഔഷധങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്ന കുരുന്നുകാതില്‍ ആരോഗ്യമന്ത്രം എന്ന സചിത്ര പുസ്തകവും ഓരോ ഔഷധ ചെടികളും സൗജന്യമായി നല്‍കും. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മാനേജിങ് ഡയരക്ടര്‍ കെ.വി ഉത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 85 ഏക്കര്‍ വിസ്തീര്‍ണമുള്ള ഔഷധസസ്യ തോട്ടം സുരക്ഷിതമായി പരിപാലിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് പുറമെ ജലസേചനം ആവശ്യമില്ലാത്ത ഔഷധ സസ്യങ്ങളുടെ കൃഷി ഇവിടെ ആരംഭിക്കുകയും ചെയ്യും. പാരമ്പര്യ വൈദ്യന്‍മാര്‍ക്കും ഔഷധങ്ങളേക്കുറിച്ച് അറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. 200 ഇനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ന് ഉച്ചക്ക് 12ന് മന്ത്രി കെ.കെ ശൈലജ വിജ്ഞാനകേന്ദ്രം ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സി ബാലകൃഷ്ണന്‍ ക്ലാസെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എ ചന്ദ്രശേഖരന്‍, വി.സി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."