'ക്യാര്‍'ചുഴലിക്കാറ്റ്: മുന്‍കരുതല്‍ നിര്‍ദേശം
കോഴിക്കോട്: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട അതിശക്തമായ 'ക്യാര്‍'ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. മണിക്കൂറില്‍ 170 കിലോമീറ്റര്‍വരെ പരമാവധി വേഗതയുണ്ടായേക്കാവുന്നതാണ് ക്യാര്‍ ചുഴലിക്കാറ്റ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍നിന്ന് വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ ഇത് സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേരളം'ക്യാര്‍' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
മഹാരാഷ്ട്ര തീരത്തുനിന്നും 210 കിലോമീറ്റര്‍ അകലെയാണ് കാറ്റ് ശക്തി പ്രാപിച്ച് വടക്കോട്ടുനീങ്ങിയത്. ഇന്നലെ പകല്‍ 16.6 ഉത്തര അക്ഷാംശത്തിലും 70.5 കിഴക്ക് രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തില്‍നിന്ന് 350 കി.മീ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബൈയില്‍നിന്ന് 410 കി.മീ ദൂരത്തിലും ഒമാനിലെ സലാല തീരത്തുനിന്ന് 1690 കി.മീ ദൂരത്തിലുമായിരുന്നു 'ക്യാര്‍'ചുഴലിക്കാറ്റിന്റെ സ്ഥാനം.
അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു അതിതീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ 200 കി.മീ വരെ പരമാവധി വേഗതയിലേക്ക് ഇതെത്തുമെന്ന പ്രവചനമുണ്ട്.
ദിശ മാറി പടിഞ്ഞാറ് ഭാഗത്തേക്ക് തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി അടുത്ത ദിവസങ്ങളില്‍ ഇത് സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കേരള തീരത്തും തീരത്തോടുചേര്‍ന്ന കടല്‍ മേഖലയിലും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 'ക്യാര്‍' ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ടുതന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം.
'ക്യാര്‍'ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മ്യാന്‍മറാണ് ക്യാര്‍ എന്ന പേര് ചുഴലിക്ക് ഇട്ടത്. ചുഴലി ഉണ്ടാകുന്നതിന് മുന്‍പുതന്നെ ഈ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു.
അടുത്തതായി വരാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റുകളുടെ പേരുകളും ഇപ്പോള്‍ തയാറാണ്. തൊട്ടടുത്ത് വരാനിരിക്കുന്നത് മഹാ. പിന്നീടു വരുന്നതിന്റെ പേര് ബുള്‍ബുള്‍. എളുപ്പം തിരിച്ചറിയാനും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റുമാണ് ഇത്തരത്തില്‍ പേരുകള്‍ നിശ്ചയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."