ഓണത്തിന് 1350 വിഷരഹിത പച്ചക്കറിസ്റ്റാളുകള്‍ തുറക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
തൃശൂര്‍: ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ വിതരണം ചെയ്യുന്നതിന് കൃഷിവകുപ്പ് 1350 സ്റ്റാളുകള്‍ തുറക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. കുടുംബശ്രീ, സഹകരണം, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും വിതരണ ശൃഖല ഒരുക്കുന്നത്. പച്ചക്കറി വികസന പദ്ധതി ഓണ സമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനവും കൃഷി വിജ്ഞാന വ്യാപന ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനവും ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൂന്ന് ലക്ഷം രൂപ വരെ കൃഷിക്ക് പലിശ രഹിത വായ്പ നല്‍കും. പാട്ടകൃഷി ചെയ്യുന്നവര്‍ക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുകയണ്. താങ്ങ് വില കൊടുത്ത് പച്ചക്കറി സംഭരിച്ച് കര്‍ഷകര്‍ന് ന്യായവില ഉറപ്പാക്കും. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, വി.എഫ്.പി.സി.കെ, ഹൊര്‍ട്ടി കോര്‍പ്പ്, കര്‍ഷക സംഘങ്ങള്‍, സഹകരണ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി ആലോചിച്ച് സംസ്ഥാനത്തെ പച്ചക്കറി കൃഷിയുടെ കണക്കെടുപ്പ് നടത്തി കൃഷി ഉല്‍പാദന കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അധീനതയിലുളള ഭൂമിയിലും സര്‍ക്കാറിന്റെ കൈവശമുളളതുമായ കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലത്തും കുടുംബശ്രീ, സഹകരണ വകുപ്പ്, കര്‍ഷക സംഘങ്ങള്‍ എന്നിവയുടെ അഭിമുഖ്യത്തില്‍ കൃഷി ആരംഭിച്ച് കാര്‍ഷിക വ്യാപന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ യോഗത്തില്‍ അധ്യക്ഷയായി.
എം.എല്‍.എമാരായ ഗീത ഗോപി, കെ.രാജന്‍, യു.ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജെന്നി ജോസഫ്, എം.പത്മിനി, അജിത വിജയന്‍, ജേക്കബ് പുലിക്കോട്ടില്‍, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.എസ് റോയ്, പ്രിന്‍സിപ്പാള്‍ കൃഷി ഓഫിസര്‍ എ.എ പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."