ഗെയില്‍ ദുരിതമൊഴിയാതെ കോട്ടൂര്‍ പ്രദേശം
നടുവണ്ണൂര്‍: കോട്ടൂര്‍ പടിയക്കണ്ടി പ്രദേശങ്ങളില്‍ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ കുഴികളുടെ പ്രവൃത്തി തുടങ്ങിയിട്ട് ഒരു വര്‍ഷത്തോട് അടുക്കാനായിട്ടും കോട്ടൂര്‍ പഞ്ചായത്തിലെ ഗെയില്‍ പ്രവൃത്തികള്‍ നടക്കുന്ന പലയിടങ്ങളിലും ജനങ്ങള്‍ തീരാദുരിതത്തിലാണ്. പടിയക്കണ്ടി നങ്ങാറത്ത് പറമ്പില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നര മീറ്റര്‍ ആഴത്തിലും രണ്ട് മീറ്റര്‍ വീതിയിലും കൊബെല്‍കോ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചുണ്ടാക്കിയ കിടങ്ങുകളില്‍ 24 ഇഞ്ച് വലിയ ഗ്യാസ് പൈപ്പുകള്‍ ഘടിപ്പിച്ചിട്ടും ഇപ്പോഴും മൂടാതെ കിടക്കുകയാണ്. ഇവിടെ പ്രവൃത്തി തുടങ്ങി അരമീറ്റര്‍ കുഴിയെടുത്തപ്പോള്‍ തന്നെ വെള്ളം ഉറവ പൊട്ടി കുഴി വലിയ വെള്ളക്കെട്ടായി മാറിയതാണ്. പിന്നെയും ആഴത്തില്‍ കുഴിച്ച് വെള്ളക്കെട്ടില്‍ തന്നെ ഇരുമ്പ്‌പൈപ്പ് ഇട്ട് വെച്ചിരിക്കുകയാണ്. ഇപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ പ്ലാസ്റ്റിക് കവറുകളും മറ്റ് പാഴ്‌വസ്തുക്കളും മാലിന്യങ്ങളും കൊണ്ടിടാനുള്ള ഇടമാക്കിയിരിക്കുകയാണ് ഈ കുഴികള്‍. കൂട്ടാലിട നടുവണ്ണൂര്‍ റോഡരികില്‍ ആയതിനാല്‍ കടകളില്‍ നിന്നുള്ള മാലിന്യങ്ങളും കൊണ്ടുവന്ന് തള്ളാനും സൗകര്യമാണിവിടം. അന്നു മുതല്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുക് പെരുകുകയാണ്. നിപ്പ പനിയും മറ്റ് മാരക പനികളും പടര്‍ന്നു പിടിച്ച സമയത്ത് എല്ലാ പത്രങ്ങളിലും ഇത് വാര്‍ത്തയായിരുന്നു.
പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. പകര്‍ച്ചപ്പനി സമയത്ത് വീടുകളില്‍ കയറി അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും വലിയ പണം മുടക്കി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ലഘുലേഖകളും നോട്ടീസുകളും വഴി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ആരോഗ്യ വകുപ്പും പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരും കോട്ടൂര്‍ വില്ലേജ് ഓഫീസിന് തൊട്ടടുത്തുള്ള നങ്ങാറത്ത് പറമ്പിലെ പതിനൊന്ന് മാസക്കാലമായി മലിന ജലം കെട്ടിക്കിടന്ന് കൊതുകുകളും രോഗാണുക്കളും പെരുകുന്ന ഗെയില്‍ കുഴികള്‍ മണ്ണിട്ട് മൂടാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുന്നില്ല. നങ്ങാറത്ത്, ചുണ്ടക്കാട്ട്, ചങ്ങരം പൊത്തില്‍, എടക്കണ്ടി, അച്ചിയത്ത് എന്നിവ ഉള്‍പ്പെടുന്ന ഈ പ്രദേശം ജനവാസകേന്ദ്രമായതിനാല്‍ ഇവര്‍ ഇപ്പോള്‍ രോഗ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."