കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം
വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെയും മകന്റെ സുഹൃത്തിനെയും മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു
കൊല്ലം: വീട്ടിലെത്തിയ സംഘം ചിതറയില്‍ സ്ത്രീയെയും മകന്റെ സുഹൃത്തിനെയും മരത്തില്‍ കെട്ടിയിട്ട് രണ്ടു മണിക്കൂറോളം മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീയുടെ പരാതിയില്‍ പൊലിസ് നടപടിയെടുക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ 12ന് രാത്രിയിലായിരുന്നു സംഭവം.
പരിസരവാസികളായ എട്ടോളം പേര്‍ സ്ത്രീയുടെ വീടിന്റെ വാതില്‍ പൊളിച്ചെത്തി രണ്ടുപേരെയും രണ്ടു മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും കടയ്ക്കല്‍ പൊലിസില്‍ സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ ഇതുവരെയും പൊലിസ് നടപടിയെടുത്തിട്ടില്ല. സംഭവസമയം മകന്റെ സുഹൃത്ത് വീട്ടിലുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ ഇരുവരും പ്രത്യേകമായി കടയ്ക്കല്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യുവാവിന്റെ പരാതിയില്‍ മാത്രം ആറു പേര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. പ്രതികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.
സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലിസ് പറയുന്നത്. അഴീക്കലില്‍ സദാചാരഗുണ്ടകളുടെ അക്രമത്തിനിരയായ പാലക്കാട് അട്ടപ്പാടി സ്വദേശിയായ അനീഷ് ഫെബ്രുവരിയില്‍ ജീവനൊടുക്കിയിരുന്നു. പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചിലെത്തിയ അനീഷിനെയും യുവതിയെയും സംഘം മര്‍ദിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയായില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."