നബിദിന പരിപാടികളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുക: എസ്.കെ.എസ്.എസ്.എഫ്
തൃശ്ശൂര്‍: 'മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ ഒരു മാസക്കാലം എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മീലാദ് കാംപയിന്റെ ഭാഗമായി വിവിധ യൂണിറ്റ്, ക്ലസ്റ്റര്‍, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന മീലാദ് പരിപാടികളിലും റാലികളിലും പ്രവാചക അധ്യാപനത്തിന് വിരുദ്ധമായതൊന്നും നടക്കാതിരിക്കാന്‍ കമ്മിറ്റികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രവാചകന്റെ ഓര്‍മകള്‍ സജീവമായി നിലനില്‍ക്കുന്ന ഈ മാസം പവിത്രതയോടെ ആചരിക്കാനും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതോ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നതോ ആയ യാതൊന്നും സംഭവിക്കാതിരിക്കാനും ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും യോഗം നിര്‍ദേശിച്ചു.
കാംപയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും മൗലിദ് സദസുകളും മേഖലകളില്‍ മദ്ഹുറസൂല്‍ പ്രഭാഷണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കും. കാംപയിന്റെ ജില്ലാ തല ഉദ്ഘാടനം നേരത്തെ ചൊവ്വല്ലൂര്‍പടിയില്‍ നടന്നിരുന്നു.
ഡിസംബര്‍ 10ന് നടക്കുന്ന ഭാരതീയത്തിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. യൂണിറ്റ്, ക്ലസ്റ്റര്‍, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കേണ്ട വിവിധ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിച്ചു. 2019 ജനുവരി 26ലെ മനുഷ്യജാലിക പഴയന്നൂരില്‍ വെച്ച് നടത്താനും എസ്.എം.കെ തങ്ങള്‍ സ്മാരക പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെ ആദ്യത്തെ വീടിന്റെ തറക്കല്ലിടല്‍ കര്‍മം നവംബര്‍ 23 വെള്ളിയാഴ്ച നടത്താനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയില്‍ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി സലാം ദേശമംഗലം,
ഓര്‍ഗനൈസിങ് സെക്രട്ടറിമാരായി സുധീര്‍ നാട്ടിക, സുബൈര്‍ മാള, ഓര്‍ഗാനെറ്റ് കണ്‍വീനറായി അബ്ദുറഹ്മാന്‍ ചിറമനേങ്ങാട്, സെക്രട്ടറിയേറ്റ് അംഗങ്ങളായി അന്‍സിഫ് വാഫി കൈപ്പമംഗലം, അസീസ് കാരുമാത്ര എന്നിവരെ തെരഞ്ഞെടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശഹീര്‍ ദേശമംഗലം, സിദ്ദീഖ് ബദരി, അമീന്‍ കൊരട്ടിക്കര, ഷാഹുല്‍ പഴുന്നാന, സൈഫുദ്ദീന്‍ പാലപ്പിള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."