ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സ് അടച്ചുപൂട്ടി; നിക്ഷേപകര്‍ പ്രതിസന്ധിയില്‍
മുംബൈ: മലയാളികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് നിക്ഷേപകര്‍ പ്രതിസന്ധിയില്‍. ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ജ്വല്ലറിയുടെ ഉടമസ്ഥര്‍ ഒളിവിലാണ്. ജ്വല്ലേഴ്‌സിന്റെ ആസ്ഥാനമായ ഡോംബ്‌വില്ലില്‍ പൊലിസ് എത്തിയപ്പോള്‍ ഉടമസ്ഥരായ സുനില്‍കുമാര്‍, സുധീഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. കടകള്‍ പൊലിസ് സീല്‍ ചെയ്തു. മുംബൈയിലും പൂനെയിലുമായി 13 കടകളാണ് ഇവര്‍ക്കുള്ളത്.
മുംബൈയില്‍ താമസിക്കുന്ന മലയാളികളാണ് സ്ഥാപനത്തിലെ ഭൂരിഭാഗം നിക്ഷേപകരും. 22 വര്‍ഷം മുന്‍പാണ് സ്ഥാപനം ആരംഭിച്ചത്. ഗുഡ്‌വിന്‍ വെബ്‌സൈറ്റ് പ്രകാരം സുനില്‍ കുമാര്‍ ചെയര്‍മാനും സുധീഷ്‌കുമാര്‍ മാനേജിങ് ഡയരക്ടറുമാണ്. 2000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. എന്നാല്‍ കോടികള്‍ നിക്ഷേപിച്ചവരുണ്ടെന്നാണ് കരുതുന്നതെന്ന് പൊലിസ് പറഞ്ഞു. ഉടസ്ഥര്‍ക്കും ഏരിയാ മാനേജര്‍ മനീഷ് കാന്തിക്കുമെതിരേ വഞ്ചനാ കേസ് എടുത്തെന്ന് രാം നഗര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ്.പി അഹെര്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്. ഡോംബ്‌വില്‍ പ്രദേശത്തുനിന്ന് മാത്രമായി 250 നിക്ഷേപകര്‍ സമീപിച്ചെന്നും അവരുടെ പരാതികള്‍ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സിന്റെ ചെയര്‍മാന്‍ സുനില്‍ കുമാറിന്റേതെന്നു കരുതുന്ന വോയിസ് മെസേജില്‍ പറയുന്നതനുസരിച്ച് കമ്പനിയില്‍ നിക്ഷേപിച്ചവരുടെ തുക ഭദ്രമാണെന്നാണ് വിശദമാക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതിനാലാണ് കട ഇപ്പോള്‍ പൂട്ടിയതെന്നും അത് മറികടക്കാനുള്ള ശ്രമത്തിലാണ് അവര്‍ എന്നുകൂടി മെസേജില്‍ വ്യക്തമാക്കുന്നുണ്ട്.
നിക്ഷേപകര്‍ പറയുന്ന പ്രകാരം ഒക്ടോബര്‍ 21 ന് ഡോംബ്‌വിലിലെ ഓഫിസ് അടച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം ഇതുവരെയും സ്ഥാപനങ്ങളോ ഓഫിസോ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. കടകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് താനെയിലുള്ള കടകള്‍ക്കു മുന്നിലും നിരവധി നിക്ഷേപകര്‍ പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നു.
നിക്ഷേപകരെ ആകര്‍ഷിക്കാനായി ഉടമസ്ഥരായ സഹോദരന്മാര്‍ മലയാള, ഹിന്ദി സിനിമാ അഭിനേതാക്കളെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെന്ന് നിക്ഷേപകനായ സന്ദേഷ് മുതലിയാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. നിക്ഷേപം വര്‍ധിപ്പിക്കാനായി സ്വകാര്യ സ്ഥാപനത്തെ കമ്മിഷന്‍ വ്യവസ്ഥയില്‍ ഏല്‍പ്പിച്ചിരുന്നു. ഷോറൂം അടച്ചുപൂട്ടിയെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് താനെയിലെ ഗുഡ്‌വിന്നിന്റെ പുറത്ത് നിരവധി ജനങ്ങള്‍ ഇന്നലെ ഒരുമിച്ചുകൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."