സഊദി ഇന്ത്യയില്‍ നിക്ഷേപിക്കും 10,000 കോടി ഡോളര്‍
റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (7,08,400 കോടി രൂപയുടെ) നിക്ഷേപം നടത്തുമെന്ന് ഇന്ത്യയിലെ സഊദി അംബാസഡര്‍ ഡോ.സഊദ് ബിന്‍ മുഹമ്മദ് അല്‍ സാതി. ഊര്‍ജം, എണ്ണ സംസ്‌കരണം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യങ്ങള്‍, ധാതു വ്യവസായം, ഖനനം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുകയെന്ന് അദ്ദേഹം പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി മോദി സഊദിയിലെത്തുന്ന പശ്ചാത്തലത്തിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്.
എണ്ണഭീമനായ സഊദി അരാംകോ ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പങ്കാളിത്തമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ ഊര്‍ജരംഗത്തെ കൂട്ടുകെട്ടിനെയാണ് കാണിക്കുന്നത്. അരാംകോ ഇന്ത്യയിലെ ഊര്‍ജരംഗത്ത് 4,400 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്- അദ്ദേഹം പറഞ്ഞു.
വിഷന്‍ 2030 പദ്ധതിയിലൂടെ പെട്രോളിയം ഉല്‍പന്നങ്ങളെ മാത്രം ആശ്രയിക്കുന്നതു നിര്‍ത്തി നിക്ഷേപം നടത്തുന്നതില്‍ വൈവിധ്യം കൊണ്ടുവരാനാണ് സഊദി ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് ആവശ്യമായ 32 ശതമാനം അസംസ്‌കൃത എണ്ണയില്‍ 17 ശതമാനവും സഊദിയാണ് നല്‍കുന്നത്. ഈ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ 40 രംഗങ്ങളിലാണ് സംയുക്ത സഹകരണം നടത്തുന്നത്. ഉഭയകക്ഷി വ്യാപാരം 3,400 കോടി ഡോളറില്‍ നിന്ന് വര്‍ധിക്കുമെന്നും സഊദി അംബാസഡര്‍ വ്യക്തമാക്കി.
എണ്ണയിതര വ്യാപാരത്തിലൂടെ സാമ്പത്തിക, വാണിജ്യ, നിക്ഷേപ രംഗങ്ങളിലെന്നപോലെ സാംസ്‌കാരിക, സാങ്കേതിക രംഗങ്ങളിലും പരസ്പരമുള്ള സഹകരണം വര്‍ധിപ്പിക്കും. തന്ത്രപ്രധാനമായ പെട്രോളിയം റിസര്‍വ് രംഗത്ത് നിക്ഷേപമിറക്കാന്‍ സഊദിയെ ക്ഷണിച്ചത് രണ്ടു രാജ്യങ്ങളും തമ്മിലെ വിശ്വാസത്തെയും ഗുണകാംക്ഷയെയുമാണ് കാണിക്കുന്നത്. ഇറാനില്‍ നിന്ന് ഇന്ത്യക്ക് എണ്ണ കിട്ടാത്ത സാഹചര്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യയുടെ ആവശ്യത്തിനുള്ള എണ്ണ സഊദി ഏതു വിധേനയും ലഭ്യമാക്കുമെന്നായിരുന്നു സഊദി അംബാസഡര്‍ സഊദ് ബിന്‍ മുഹമ്മദ് അല്‍ സാതിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."