എ.എ.പിക്ക് തിരിച്ചടി; ഇരട്ടപ്പദവി വിവാദത്തില്‍ 20 എം.എല്‍.എമാര്‍ക്കെതിരേ തെര.കമ്മിഷന്
ന്യൂഡല്‍ഹി: ഒന്നിനുപുറമെ ഒന്നെന്ന രീതിയില്‍ തിരിച്ചടി നേരിടുന്ന ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് വീണ്ടും പ്രഹരമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. ഇത്തവണ ഇരട്ടപ്പദവി വിവാദത്തില്‍ 20 എം.എല്‍.എമാര്‍ക്കെതിരായി വാദം കേള്‍ക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിച്ചതോടെ സര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസിം സെയ്ദി വിരമിക്കാനിരിക്കെയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയായിരിക്കുന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ അധികാരമേറ്റ് ഏറെ കഴിയും മുന്‍പ് 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ഡല്‍ഹി രജൗറി ഗാര്‍ഡനെ പ്രതിനിധീകരിച്ചിരുന്ന ജര്‍ണയില്‍ സിങ് രാജിവച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ കേസില്‍ നിന്നൊഴിവാക്കി മറ്റ് 20 പേര്‍ക്കെതിരായാണ് തെരഞ്ഞെടുപ്പു കമ്മിഷന് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
തങ്ങളെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചെങ്കിലും ഇരട്ട പദവിയുടെ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തംബര്‍ എട്ടുവരെ 21 എ.എ.പി എം.എല്‍.എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നതായി തെരഞ്ഞെടുപ്പു കമ്മിഷന് വ്യക്തമായിട്ടുണ്ട്. ആരോപണ വിധേയരായ എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."